അതിനവരെന്തോ പറയുന്നതു കേട്ടുനിന്ന ശേഷം,
“”…ഇല്ല ചെറീമ്മേ… ഞാനിവടൊക്കെ മൊത്തന്നോക്കി… എങ്ങൂല്ല… ഇനിയെന്താ ചെയ്ക..??”””_ ദൈന്യതയോടുള്ള ചോദ്യം…
അതിന്, ഇവള് നൊണപറയുവാ ചെറീമ്മേ… ടിവിസ്റ്റാൻഡിന്റെ അടീലൊന്നുമിവള് നോക്കീട്ടില്ല… എന്നു
വിളിച്ചുപറയാനെന്റെ നാവുവെമ്പി…
പിന്നെയും ചെറിയമ്മ എന്തൊക്കെയോ പറഞ്ഞത് കേട്ടുനിന്നതിനൊടുവിൽ,
“”…ഇല്ലാ… രണ്ടു നേരത്തേയ്ക്കുള്ളത് ഒരുമിച്ചിടണോന്നെനിയ്ക്ക് അറിയത്തില്ലായിരുന്നു..!!”””_ ഒന്നു പതറിക്കൊണ്ടവൾ പറഞ്ഞപ്പോൾ,
…എടീ… പെരുങ്കള്ളീ… ഞാൻ കട്ടുകുടിച്ചാലോന്നു കരുതിയല്ലേടീ നീ കഞ്ഞിവെപ്പു രണ്ടുട്രിപ്പാക്കീത്… എന്നിട്ട് അറിഞ്ഞൂടായ്രുന്നെന്നോ..??
“”…ഇനീപ്പെന്താ ചെയ്ക..?? എനിയ്ക്കിപ്പോത്തന്നെ വെശക്കാന്തൊടങ്ങി..!!”””_ മീനാക്ഷി വയറിലുഴിഞ്ഞുകൊണ്ടു പറയുമ്പോൾ ഞാനൊന്നുഞെട്ടി…
സമയം നാലര കഴിയുന്നതേയുള്ളൂ…
കുറച്ചുമുന്നേയല്ലേ ഇവളൊരുകലംകഞ്ഞി വിഴുങ്ങീത്… അതിനിടയ്ക്കു വെശപ്പോ..?? ഇവൾടെ വയറ്റില് കൊക്കോപ്പുഴുവല്ല കൊക്കോ പാമ്പാണ്…
എങ്കിലും പിന്നീടാലോചിച്ചപ്പോൾ, കഞ്ഞിയുംകുടിച്ചിട്ടാണല്ലോ എങ്ങോട്ടോ സർക്കീട്ടിനുപോയത്… തിരികെവന്നതു വിയർത്തൊഴുകീം…
അപ്പോൾ വയറ്റിലായ കഞ്ഞിമൊത്തം വിയർത്തുപോയിട്ടുണ്ടാവും… അതിന്റെ വെപ്രാളമാണീ കാട്ടിക്കൂട്ടുന്നത്…
“”…മ്മ്മ്.! ചെറീമ്മയ്ക്കെന്തോ പറേണോന്നുപറഞ്ഞു..!!”””_ ഫോണുമെന്റെ നേരേ നീട്ടിക്കൊണ്ടുള്ള മീനാക്ഷിയുടെ ശബ്ദമാണെന്നെ ചിന്തയിൽനിന്നും ഉണർത്തീത്…