ഡോറുതുറന്ന ശബ്ദംകേട്ടു തിരിഞ്ഞുനോക്കുമ്പോൾ ഉഗ്രകോപത്തോടെന്നെ കണ്ടപ്പോൾ ചുണ്ടിന്റെകോണിലൊരു ചിരിയും ചാലിച്ചുകൊണ്ടു വീണ്ടുമവളാ നശിച്ചപാട്ട് പാടാൻതുടങ്ങി…
പിന്നെ കണ്ട്രോള് ചെയ്യാൻ എന്നെക്കൊണ്ടായില്ല…
തിരിച്ചു ബാത്ത്റൂമിലേയ്ക്കുകേറി ബക്കറ്റിൽപിടിച്ചുവെച്ച വെള്ളവുമായി ഞാൻ പാഞ്ഞിറങ്ങി…
എന്താണു സംഭവിയ്ക്കാൻ പോണതെന്നുള്ള ചെറിയൊരു സൂചനപോലുമവൾക്കു കിട്ടുന്നേനുമുന്നേ ബക്കറ്റിലെവെള്ളംമുഴുവൻ ഞാനാ തുറന്നുവെച്ചിരുന്ന ട്രോളിബാഗിനുള്ളിലേയ്ക്കു ചെരിച്ചിരുന്നു…
മൊത്തംതുണിയേയും നല്ല വെടിപ്പായ് നനച്ചുകൊണ്ടു വെള്ളം നിലത്താകെ പടർന്നൊഴുകിയപ്പോൾ നടന്നതു വിശ്വാസംവരാത്ത ഭാവത്തിലവളെന്നെ നോക്കി… പിന്നെ വീടൊന്നു കുലുങ്ങുമാറുച്ചത്തിലൊരു നിലവിളിയായിരുന്നു…
നിലവിളിയ്ക്കൊപ്പമെന്റെ കഴുത്തേൽ കൈയെത്തിച്ചാഞ്ഞു തള്ളീതും പെട്ടെന്നുള്ളാക്രമണമായതിനാൽ നിലകിട്ടാതെ ഞാൻ കട്ടിലിലേയ്ക്കു മലർന്നുവീണു…
എന്നാലപ്പോഴും പിടിവിടാതെന്റെ പിന്നാലെ കട്ടിലിലേയ്ക്കു ചാടിക്കേറിയ മീനാക്ഷി മലർന്നുവീണ എന്റെ വയറ്റിനിരുവശവും കാലുകളിട്ടുകൊണ്ട് കഴുത്തേൽപിടിച്ചു ഞെക്കി…
അണ്ണൻതമ്പിയിലെ സുരാജേട്ടന്റെ ക്ലോസ് ഇനഫുമായി ഞാനും.!
അപ്പോഴാണ് നിലവിളികേട്ട് അമ്മയും കീത്തുവും മുറിയിലേയ്ക്കോടിപ്പിടഞ്ഞെത്തീത്…
മുറിയിലേയ്ക്കു കേറീതും അവരു കാണുന്ന കാഴ്ച, വയറ്റിലിരുന്നെന്റെ കഴുത്തിനുപിടിച്ചു കുലുക്കുന്ന മീനാക്ഷിയെയാണ്…
പെട്ടെന്നാണമ്മേടെ മുഖഭാവംമാറീതും പിന്നിൽനിന്ന കീത്തൂനെ പിടിച്ചുതള്ളി റൂമിന്നു പുറത്താക്കീതും….