“”…എന്തേയ്..?? എനിയ്ക്കു ബുദ്ധിമുട്ടുണ്ടേല് നിന്റച്ഛൻ വന്നുനിയ്ക്കാന്നു പറഞ്ഞോ..??”””_ ഞാൻ തിരിച്ചുചോദിച്ചതും,
“”…വാഡേയ്… വാഡേയ്… വെറുതെയവന്റെ വായീന്നു മലയാളങ്കേൾക്കണ്ട..!!”””_ എന്നുംപറഞ്ഞ് ശ്രീ കാർത്തിയേയും പിടിച്ചുതള്ളി വെയിറ്റിങ്ഷെഡ്ഡിൽനിന്നും പുറത്തേയ്ക്കിറങ്ങി…
അവരിറങ്ങി സ്വന്തം സ്ഥാനംപിടിച്ചപ്പോൾ ഞാൻ വീണ്ടുമൊറ്റയ്ക്കായി…
തലേദിവസമതേ സമയമനുഭവിച്ച നാണക്കേടും അവളുമാരുടെ കൂട്ടച്ചിരികളും കൂടെവന്നവന്മാരുടെ ചൊറിയുമെല്ലാം ഓർമ്മവന്നപ്പോൾ എനിയ്ക്കു മൊത്തത്തിൽ വിറഞ്ഞുകേറി;
…ഇനിയാ കൂടിനിന്ന പെൺപിള്ളേരുടെമുന്നിലും അവന്മാരുടെ മുന്നിലുമൊക്കെ ഇമേജ് തിരിച്ചുപിടിയ്ക്കണമെങ്കിൽ മറ്റവനെ ഇവിടിട്ടു തല്ലണം… അതുകണ്ടെല്ലാരും പേടിയ്ക്കുവേം വേണം… അതുപോലെ തല്ലണമവനെ… രണ്ടുദിവസം അകത്തുകിടന്നാലും വേണ്ടില്ല, നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുത്തേപറ്റൂ… ആ സമയത്തെയെന്റെ ചിന്തയങ്ങനൊക്കെയാണ് പോയത്…
ഞാനോരോന്നൊക്കെ ചിന്തിച്ചുകൊണ്ട് കയ്യിലിരുന്ന ക്രിക്കറ്റ്‌ബാറ്റും നിലത്തിട്ടു കുത്തിക്കുത്തിയിരിയ്ക്കുമ്പോഴാണ് കോളേജുവിട്ട് പിള്ളേരിറങ്ങി വരുന്നതുകണ്ടത്…
ബസ് സ്റ്റോപ്പിലേയ്ക്കു വന്നുകയറിയതിൽ പലരും തലേദിവസവും അവിടെയുണ്ടായിരുന്നോ എന്നൊരു തോന്നലുമപ്പോൾ എന്നിലുണ്ടായി…
ആ ചിന്തയെ ശക്തിപ്പെടുത്താനെന്നോണം എന്നെക്കണ്ടപ്പോൾ അവറ്റകളുടെചുണ്ടുകളിൽ ഒരാക്കിയചിരിയും തെളിഞ്ഞു…
“”…ഇങ്ങേർക്കിന്നലെ കിട്ടീതൊന്നും മതിയായ്ല്ലെന്നു തോന്നുന്നല്ലോടീ..!!”””_ അതിലൊരുത്തി കൂടെനിന്നവളോട് പതിഞ്ഞസ്വരത്തിൽ പറഞ്ഞ രഹസ്യംപോലും ആ ഒരു മാനസ്സികാവസ്ഥയിലെനിയ്ക്കു പിടികിട്ടി… എന്തു ചെയ്യാനെന്ന് പറയാനേ…