സ്കെച്ചിട്ടെഴുതിയതിനിത്രേം, അപ്പോൾ കൈ മുറിച്ചതുകൂടി അവളറിഞ്ഞാൽ എന്തായിരിയ്ക്കുമവസ്ഥ..??
ആ അവസ്ഥയെക്കുറിച്ച് ഏകദേശരൂപം മനസ്സിലുള്ളതുകൊണ്ട് മുറിവിൽ ഷോളമരുമ്പോഴുള്ള വേദന ഞാൻ പുറത്തു കാണിയ്ക്കാതെ കടിച്ചുപിടിച്ചുനിന്നു…
“”…സിത്തൂ.! ഇത്…. ഇതെന്തോന്നാടാ..?? കൈ.. കൈ നീ മുറിച്ചോ..?? ഈശ്വരാ..!!”””_ അവള് വല്ലാത്തൊരു ഭാവത്തിലെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട് ഒരെണ്ണംകൂടി ശക്തിയ്ക്കുതന്നു…
അതെന്നെ നന്നായി നോവിച്ചെങ്കിലും ഞാനാവേദന കടിച്ചുപിടിച്ചു സഹിച്ചു…
മീനാക്ഷി പെട്ടെന്നെന്തോ ഓർത്തിട്ട് കയ്യിലിരുന്ന ബാഗും കുടയുമൊക്കെ റോഡിന്റോരത്തായി വെച്ചു…
പിന്നെ എന്നെയും പിടിച്ചുവലിച്ച് റോഡിൽനിന്നും നടപ്പാതയിലേയ്ക്കിറങ്ങി എന്റെ മുന്നിലേയ്ക്ക് മുട്ടുകാലിൽനിന്ന് കൈയിലെമുറിവ് പരിശോധിച്ചു…
സംഗതിയതിനെ മുറിവെന്നൊക്കെ വിളിച്ചാൽ മുറിവിനുപോലും മാനക്കേടാ… കാരണം ചെറിയൊരു കീറൽമാത്രമേ ഉണ്ടായിരുന്നുള്ളൂ… എന്നാലവള് ഷോളുകൊണ്ടമർത്തി തുടച്ചപ്പോൾ ചെറുതായി ചോരപൊടിയാൻ തുടങ്ങി അത്രമാത്രം…
ആദ്യമെന്തു ചെയ്യണമെന്നറിയാതെ പതറിയെങ്കിലും ആ പതർച്ചയെ മറികടന്നുകൊണ്ട് അവളുടെ മുഖമെന്റെ കൈയോടടുത്തു…
അവളുടെ ഇളം ചൂടോടുകൂടിയ ഉച്ഛോസം മുറിവിലേയ്ക്കമർന്നതും വേദനയ്ക്കു തെല്ലൊരു ശമനംകിട്ടി…
ആ ഒരാശ്വാസത്തിൻപുറത്ത് കണ്ണുകളെയും കൂമ്പിയടച്ചുകൊണ്ട് നിൽക്കുമ്പോഴാണ് അവളുടെ വിരലുകളെന്റെ തുടയിലമർന്നത്…
കാര്യം മനസ്സിലാകുന്നതിനുമുന്നേ തുടയിലെ തോലു പോയികിട്ടി… അതത്രയും സമാധാനം.!