“”…മീനുവേച്ചിയിടയ്ക്കു വരും… നമുക്കപ്പപ്പോയി കാണാട്ടോ..!!””” _ അവളെന്നെ ആശ്വസിപ്പിയ്ക്കാൻ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻകഴിയാതെ ഞാൻ റൂമിലേയ്‌ക്കോടി…
ബെഡ്ഡിലേയ്ക്കു കവിഴ്ന്നുവീണ് തലയിണയെ കടിച്ചുപിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു…
അന്നു മീനാക്ഷിയെ എൻട്രൻസ്കോച്ചിങ്ങിനായി പറഞ്ഞുവിടുമ്പോൾ യാത്രയയയ്ക്കാനായി കീത്തുവേച്ചിയ്ക്കൊപ്പം ഞാനുംപോയിരുന്നു…
അന്നെനിയ്ക്കു റ്റാറ്റയൊക്കെപ്പറഞ്ഞു പോയ മീനുവേച്ചിയുടെ മുഖവുമോർത്ത് രണ്ടുദിവസം നടന്നിട്ടുണ്ടാവും…
എന്നാൽ കണ്ണകന്നാൽ മനസ്സകന്നൂന്നു പറയുമ്പോലെ അതൊക്കെ മെല്ലെ ഞാൻ മറക്കാൻതുടങ്ങി…
അതിനൊരു മുഖ്യകാരണം ക്രിക്കറ്റു തന്നായ്രുന്നു…
ആദ്യം അഭിയേട്ടനൊപ്പം തുടങ്ങിയ കളി
മെല്ലെമെല്ലെ ഗ്രൗണ്ടിൽവരുന്ന വല്യചേട്ടന്മാർക്കൊപ്പമായി…
അവരു കാശുതരുമ്പോൾ വെള്ളവും സിഗരറ്റുമൊക്കെ മേടിച്ചുകൊടുക്കുന്നതുകൊണ്ട് ചുമ്മാതെയാണെങ്കിലും അവരു ടീമിലിട്ടേക്കും…
…എങ്ങനെയെങ്കിലും കളിപഠിച്ചിട്ട് മീനാക്ഷി ലീവിനുവരുമ്പോൾ പോയി ഇഷ്ടംപറയണം… ക്രിക്കറ്റുകളിക്കാർക്ക് മൂത്തപെൺകുട്ട്യോളെ കെട്ടുന്നത് പ്രശ്നമല്ലെന്നു മീനുവേച്ചിയെ പറഞ്ഞു മനസ്സിലാക്കുവേം വേണം…
അതിനായി, അന്നേവരെ ഒന്നിനോടും കാണിച്ചിട്ടില്ലാത്ത ആത്മാർത്ഥത ഞാൻ ക്രിക്കറ്റിനോടു കാണിയ്ക്കാനായി തുടങ്ങി…
അതിനിടയിൽ അമ്മയുംകീത്തുവും കഷ്ടപ്പെട്ടു പഠിപ്പിച്ചതുകൊണ്ട് പത്താംക്ലാസ്സെന്ന കടമ്പകടന്നെങ്കിലും, മോനെ ഡോക്ടറാക്കണമെന്ന കാർന്നോരുടെ അത്യാഗ്രഹത്തിനുമുന്നിൽ
ചുവപ്പുവരവീണു…