അതുകൊണ്ടുതന്നെ ഞാനതേചോദ്യം വീണ്ടുംചോദിച്ചു, അവളതേ മറുപടിയുംതന്നു…
കൂട്ടത്തിൽ ചേച്ചീടെപ്രായമുള്ള ആരേയുമെനിയ്ക്കു കല്യാണംകഴിക്കാൻ പറ്റില്ലെന്ന പ്രപഞ്ചസത്യവും പറഞ്ഞു മനസ്സിലാക്കി…
അതോടെ പ്രേമിയ്ക്കുന്നതിനുമുന്നേ പ്രായംപണിതന്ന കാമുകനായി ഞാൻ…
എല്ലാം പറഞ്ഞവസാനിപ്പിച്ച് മീനാക്ഷിപോണതുംനോക്കി തിട്ടപ്പുറത്തുനിന്ന ഞാൻ, തിരികെ മുറിയിൽപ്പോയിക്കിടന്നു കുറേനേരം കരഞ്ഞു…
അന്നത്തെ മീനാക്ഷിയുടുപദേശവും പ്രായത്തിനുമുതിർന്ന പെൺകുട്ടികളെ കല്യാണംകഴിയ്ക്കാൻ പാടില്ലെന്നുള്ള ന്യായവുമൊക്കെ കേട്ടപ്പോൾ അവൾക്കെന്നോടു വലിയ താല്പര്യമൊന്നുമില്ലെന്ന് ബോധ്യമായി…
പിന്നെയാകെ തോന്നിയൊരു ആശ്വാസമെന്നുപറയുന്നത് കുറച്ചുകൂടി വലുതാവുമ്പോൾ വേറെ നല്ല പെൺകുട്ടികളെ കിട്ടുമെന്നുള്ള അവളുടെ വാക്കുകളായിരുന്നു…
അതിനുശേഷം മീനാക്ഷിയെ കാണാനോ മിണ്ടാനോ ഒന്നുംതന്നെ ഞാൻശ്രെമിച്ചില്ല…
കാണുമ്പോൾ അവളുവന്നു മിണ്ടാൻശ്രെമിച്ചാലും ഞാനൊഴിഞ്ഞുമാറി നടന്നു…
ദേഷ്യവും സങ്കടവുമൊക്കെയായിരുന്നു അതിനുപിന്നിലെന്നു കൂട്ടിക്കോളൂ…
അങ്ങനെയൊക്കെ
ജീവിതമോരോദിവസവും മുന്നിലേയ്ക്കു തള്ളിനീക്കുമ്പോഴാണ് ഗൾഫിൽനിന്നും ലീവിനുവന്ന സജീഷേട്ടനും പുള്ളിക്കാരന്റെ ഉറ്റചങ്ങാതിയായ അഭിലാഷെന്ന അഭിയേട്ടനുംചേർന്ന് ഒഴിഞ്ഞുകിടന്നൊരു ഇരുമുറികെട്ടിടം വാടകയ്ക്കെടുക്കുന്നത്…
അവിടെ നവഭാവനയെന്ന പേരിലൊരു ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബായിരുന്നു അവരുടെയുദ്ദേശം…
ഒരുമുറി പൂർണ്ണമായും ലൈബ്രറിയും മറ്റേമുറിയിൽ ടിവിയും സ്പോർട്സ് എക്വുപ്പ്മെന്റ്സുമായി അത്യാവശ്യം വലിയൊരുക്ലബ്…