ക്ലാസ്സിലെ ഭൂരിപക്ഷംപേരും ചേരി തിരിഞ്ഞുനിന്ന് തല്ലുപിടിയ്ക്കുമ്പോൾ കുറച്ചുപേര് അത്തപ്പൂക്കളത്തിന്റെ ഡിസൈൻകംപ്ലീറ്റ് ചെയ്യാൻ ശ്രെമിച്ചിരുന്നു…
അതിനിടയിൽ
ആരുമെന്നെ ശ്രെദ്ധിയ്ക്കുന്നില്ലെന്ന് ഉറപ്പായതോടെ ഞാനിരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു…
…എന്തായാലും പോവുകതന്നെ..!!_ എന്നുറപ്പിച്ചുകൊണ്ട് ഞാൻ ക്ലാസ്സിൽനിന്നും പുറത്തേയ്ക്കിറങ്ങി…
എന്നാൽ ഞാൻ പോകുന്നതുകണ്ടതും ഒരുത്തി പരമരഹസ്യമായി എന്റെയടുത്തേയ്ക്കുവന്ന് എട്ടാംക്ലാസ്സിന്റെയും പത്താംക്ലാസിന്റെയും
പൂക്കളമെങ്ങനെയുണ്ടെന്നു നോക്കിവരണമെന്നുകൂടി ഉപദേശിച്ചുവിട്ടു…
വേറൊന്നുമല്ല, അവരോടാണ് ഞങ്ങളുടെ പ്രധാന മത്സരം.!
…പോയിട്ടുവരുമ്പോൾ ജീവനുണ്ടേൽ പറഞ്ഞാപ്പോരേ..??_ മനസ്സിലതുംപറഞ്ഞ് ഞാൻ കീത്തുവേച്ചിയുടെ ക്ലാസ്സുലക്ഷ്യമാക്കി നടന്നു…
ഞങ്ങളുടെ മൂന്നുനില കെട്ടിടത്തിൽനിന്നും കുറച്ചുമാറി അതേ കോംപൗണ്ടിൽ തന്നെയാണ് ഹയർസെക്കന്ററിയുടെ ബിൽഡിംഗും…
കുറച്ചു നടക്കാനുണ്ടെന്നു സാരം…
സാധാരണ ചേച്ചിയെന്നെ അങ്ങോട്ടേയ്ക്കു ക്ഷണിയ്ക്കാറോ എന്റെ ക്ലാസ്സിലേയ്ക്കുവരാറോ പതിവുള്ളതല്ല…
പക്ഷേ… ഇന്നിപ്പോൾ എന്നെയങ്ങോട്ടു വിളിപ്പിച്ചെങ്കിൽ അതിനുകാരണം മീനാക്ഷിയാണ്….
അവള് ചേച്ചിയോടെല്ലാം പറഞ്ഞതുകൊണ്ട് കൂട്ടിച്ചോദിയ്ക്കാൻ വിളിയ്ക്കുന്നതാണ് എന്നെനിയ്ക്കുറപ്പായി…
…എന്നാലും ഞാനാരും കേൾക്കാതെയല്ലേ പറഞ്ഞേ… അപ്പോൾ ഇഷ്ടായില്ലേൽ അവൾക്കാരോടും പറയാതിരുന്നാൽ പോരേ..?? എന്തിനാ ചേച്ചിയോടുപറഞ്ഞ് തല്ലുമേടിച്ചുതരാൻ നോക്കുന്നെ..?? ഒന്നൂല്ലേലും ചേച്ചിയോടുപറയല്ലേന്നു പറഞ്ഞതല്ലേ ഞാൻ..?? അപ്പൊയിനി എന്നോടുകാണിച്ച സ്നേഹമൊന്നും സത്യമല്ലായ്രിയ്‌ക്കോ..??_ മനസ്സിലോരോരോ കൂട്ടിക്കിഴിച്ചിലുകൾ നടത്തി കീത്തുവിന്റെ ക്ലാസ്സിലെത്തുമ്പോൾ അവിടത്തെ അത്തമേകദേശം പകുതിയായിരുന്നു…