അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടന്നു.
വാതിക്കല്‍ നിന്നിരുന്ന നന്ദകുമാറിനെ നോക്കി പുഞ്ചിരിച്ചു.
“സാര്‍ ക്ഷമിക്കണം,”
എബി നന്ദകുമാറിനോട് പറഞ്ഞു.
“കല്ലെറിയാനും നടയടിക്കാനും യോഗ്യതയുള്ള എത്ര പുണ്യാളന്‍മാര് ആ കൂട്ടത്തിലൊണ്ട് എന്നൊന്നറിയാന്‍…”
**********************************************
ഗാര്‍ഡന്‍റെ മുമ്പില്‍ ഷാരോണിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കേ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിന് തൊട്ടടുത്തുള്ള അശോകമരങ്ങളുടെ താഴെ നില്‍ക്കുന്ന മിനിയെ ഷെല്ലി കണ്ടു.
അശോകമരങ്ങളെ അമര്‍ത്തിപ്പുണരുന്ന കാറ്റില്‍ അവളുടെ ഇടതൂര്‍ന്ന മുടികള്‍ മനോഹരമായി ആടിയുലയുന്നു. വെളുത്ത സ്കര്‍ട്ടില്‍ വെളുത്തടോപ്പില്‍ അഭൌമ സൌന്ദര്യമുള്ള ഒരു മാലാഖയാണ് അവള്‍ എന്ന്‍ അവന് തോന്നി.
“മാലാഖ! ഹും! കൈയിലിരിപ്പ് അസ്സല്‍ രാക്ഷസീടേം!”
അവന്‍ മന്ത്രിച്ചു.
“എന്താടാ?’
ഷാരോണ്‍ ചോദിച്ചു.
“ഏയ്, ഒന്നുവല്ലെടീ,”
പിന്നെ അവന്‍ എന്തോ ഓര്‍ത്തു.
“ഷാരോണ്‍, നീയിവിടെ നിക്കേ. ഞാനിപ്പം വരാവേ,”
അവന്‍ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിനു നേരെ തിരിഞ്ഞു.
“എങ്ങോട്ടാടാ?”
“എങ്ങോട്ടുവില്ലെടീ. ചുമ്മാ ഇങ്കിലാബ് സിന്താബാദും വിളിച്ച് നടന്ന പാവം എനിക്ക് നീ ഒരു ക്വട്ടേഷന്‍ തന്നില്ലേ? ഒരു ക്വട്ടേഷന്‍ ഏറ്റാല്‍ അത് നടത്തണ്ടേ?”
അവന്‍ ചിരിച്ചു.
അപ്പോഴാണ് ഷാരോണ്‍ മിനിയെ കണ്ടത്.
“എന്‍റെ ഈശോയേ, എന്നാ രസവാടാ ആ കൊച്ചിനെ കാണാന്‍. കണ്ണു പറിക്കാന്‍ തോന്നുന്നില്ല.”
പുഞ്ചിരിയോടെ ഷാരോണ്‍ പറഞ്ഞു. അവളുടെ നോട്ടം മിനിയില്‍ത്തന്നെ തറഞ്ഞു.
“ഇതിപ്പം ഇവുടുത്തെ വായിനോക്കികളുടെ കൂടത്തി നീയും ചേര്‍ന്നോ? നീ പോടീ, അവള് അത്ര സുന്ദരി ഒന്നുവല്ല. കൊള്ളാം. കൊഴപ്പവില്ല … അത്രേയൊള്ളൂ. പ്രത്യേകിച്ച് മോളേ, നിന്‍റെ മുമ്പി…”
ഷാരോണ്‍ ഒരു നിമിഷം സ്വയം മറന്ന്‍ ഷെല്ലിയെ നോക്കി.