എല്ലാവരും അദ്ഭുതം നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി. എതിര്‍പ്പും വിയോജിപ്പുമായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അസാധാരണമായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള അയാളുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു.
“നിങ്ങള്‍ പുകവലിച്ചുകൊണ്ട് ക്ലാസ് എടുത്തിട്ടുണ്ടോ?”
പ്രിന്‍സിപ്പാളില്‍ നിന്ന്‍ അടുത്ത ചോദ്യം വന്നു.
“ഉണ്ട്,”
വീണ്ടും അക്ഷോഭ്യമായ, നിര്‍വ്വികാരവും ശാന്തവുമായ ഉത്തരം.
“ധിക്കാരി!”
ഇംഗ്ലീഷ് വിഭാഗത്തിലെ സംഗീത ഹിന്ദിയിലെ രമാ ദേവിയോട് അടക്കം പറയുന്നത് ഷാരോണ്‍ കേട്ടു.
“വലിച്ചും കുടിച്ചും കുളിക്കാതേം നനയ്ക്കാതേം ക്ലാസ്സില്‍ വന്നാല്‍ ഷേക്സ്പിയര്‍ ആയെന്നാ വിചാരം!”
“വലിയ ബുദ്ധിജീവി ആണെന്നാ ധാരണ!”
പിമ്പില്‍ നിന്ന്‍ വേറൊരു കമന്റ്റ് അവള്‍ കേട്ടു.
“എന്ത് ബുദ്ധിജീവി? ഷോ കാണിക്കുന്നു! അല്ലാതെന്താ?”
“സ്റ്റാഫ് എന്ത് പറയുന്നു?”
പ്രിന്‍സിപ്പാള്‍ ചോദിച്ചു.
ഹാളില്‍ കൂടിയിരുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
“എന്ത് പറയാന്‍?”
ഇക്കണോമിക്സ് വിഭാഗത്തിലെ രാജശേഖരന്‍ എഴുന്നേറ്റു.
“സമൂഹത്തിന്‍റെ മുമ്പിലും വിദ്യാര്‍ഥികളുടെ മുമ്പിലും മാതൃകയാകേണ്ട ഒരധ്യാപകന്‍ അതിനു വിരുദ്ധമായി പെരുമാറുമ്പോള്‍ കോളേജും സ്റ്റാഫ് കമ്മിറ്റിയും സാധാരണ എന്താ ചെയ്യുക? നടപടി എടുക്കണം! അല്ലാതെന്താ?”
എല്ലാവരും നന്ദകുമാറിനെയും പ്രിന്‍സിപ്പാളിനെയും മറിമാറി നോക്കി. നിശബ്ദതയുടെ ആ ഇടവേളയില്‍ പെട്ടെന്ന്‍ നന്ദകുമാര്‍ എഴുന്നേറ്റു.