അധ്യാപകരില്‍ പകുതിയിലേറെപ്പേരും അയാളെ പുച്ഛത്തോടെയും അവജ്ഞതയോടെയും നോക്കുന്നത് ഷാരോണ്‍ കണ്ടു. അയാളാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ അലക്ഷ്യമായി ആളുകളില്ലാത്ത ഒരിടത്തിരുന്ന്‍, കൈയ്യിലുണ്ടായിരുന്ന ഒരിംഗ്ലീഷ് മാസിക വിടര്‍ത്തി വായിക്കാന്‍ തുടങ്ങി.
“അപ്പോള്‍ മീറ്റിംഗ് തുടങ്ങാം; അല്ലേ?”
പ്രിന്‍സിപ്പാള്‍ എല്ലാവരെയും നോക്കി ചിരിച്ചു. മുമ്പിലിരിക്കുന്നവര്‍ അതംഗീകരിച്ചുകൊണ്ട് തലകുലുക്കുകയും പുഞ്ചിരിക്കുകയും ചെയ്തു.
“ഇന്നത്തെ മീറ്റിംഗ് ഇവിടെ നമ്മള്‍ ചേര്‍ന്നിരിക്കുന്നത് സെയിന്‍റ് മേരീസിലെ ഒരധ്യാപകനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.”
സ്റ്റാഫ് സെക്രട്ടറി ഡോക്ടര്‍ സദാനന്ദന്‍ എഴുന്നേറ്റു സദസ്സിനെ നോക്കിപ്പറഞ്ഞു.
“ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ അധ്യാപകനായ മിസ്റ്റര്‍ നന്ദകുമാറിനോട് പ്രിന്‍സിപ്പാളും സ്റ്റാഫ് കമ്മിറ്റിയും കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അതിനോട് അദ്ദേഹം പൂര്‍ണ്ണമായും സഹകരിക്കുമെന്ന്‍ പ്രതീക്ഷിക്കുന്നു.”
നന്ദകുമാര്‍ അപ്പോഴും വായന തുടര്‍ന്നു. ഹാളില്‍ കൂടിയിരിക്കുന്ന സഹപ്രവര്‍ത്തകര്‍ തന്നെ നോക്കുന്നതോ അടക്കം പറയുന്നതോ അയാള്‍ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
“മിസ്റ്റര്‍ നന്ദകുമാര്‍,”
പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു മൂലേക്കാട്ടില്‍ ശബ്ദമുയര്‍ത്തി. നന്ദകുമാര്‍ മാഗസിനില്‍ നിന്ന്‍ ശ്രദ്ധതിരിച്ച് അദ്ധേഹത്തെ നോക്കി.
“യെസ്,”
നന്ദകുമാര്‍ വികാരഹീനനായി പ്രതികരിച്ചു.
“സ്റ്റാഫ് കമ്മിറ്റിക്ക് നിങ്ങളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്,”
“ചോദിക്കാം,”
ഹാള്‍ പെട്ടെന്ന് നിശബ്ദമായി. ഒരില വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. എല്ലാവരുടെയും കണ്ണുകള്‍ പ്രിന്സിപ്പാളില്‍ തറഞ്ഞു.
“നിങ്ങള്‍ മദ്യപിച്ച് കോളേജില്‍ വരാറുണ്ടോ?”
“ഉണ്ട്,”
നന്ദകുമാറിന്‍റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു.