“മര്യാദകേട് എന്താണെന്ന് ഞാന്‍ പറയാം,”
അവളില്‍ കോപം ജ്വലിക്കുകയാണ്. അപ്പോഴേക്കും ഏതാനും കുട്ടികള്‍ അവര്‍ക്ക് ചുറ്റും കൂടി.
“പരിചയമില്ലാത്ത സ്ത്രീകളെ എടീ പോടീ എന്നൊക്കെ വിളിക്കുന്നതാണ് മര്യാദയില്ലായ്മ. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആളുകള്‍ സംസ്ക്കാരമില്ലാത്തവരാണെന്നുള്ള മുന്‍ വിധിയാണ് മര്യാദയില്ലായ്മ. നിങ്ങളൊക്കെ പ്രസംഗിക്കുന്ന വിപ്ലവവും സോഷ്യലിസവും ഒക്കെ വെറും വാചകമടി മാത്രമാണ് എന്ന്‍ മനസ്സിലായി. അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആളുകള്‍ താഴ്ന്നവരാണ് എന്ന ഒരു കാഴ്ച്ചപ്പാട് ഒരു വിപ്ലവപ്പാര്‍ട്ടിയിലെ നേതാവിനുണ്ടാവില്ല,”
കുട്ടികള്‍ വീണ്ടും ചുറ്റും കൂടുകയാണ്.
മിനി ഷെല്ലിയെ തീപാറുന്ന കണ്ണുകളോടെ നോക്കി.
“അളിയാ, ഷെല്ലി, എന്താ പ്രശ്നം?”
ആരോ ഒരാള്‍ ചോദിക്കുന്നത് ഷെല്ലി കേട്ടു.
അവന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
******************************************
മീറ്റിംഗ് തുടങ്ങുവാന്‍ ഏതാനും മിനിട്ടുകള്‍ കൂടി ബാക്കിയുണ്ട്. പ്രിന്‍സിപ്പാള്‍ എത്തിച്ചേര്‍ന്നാലുടന്‍ കാര്യപരിപാടികള്‍ ആരംഭിക്കും. കാര്യപരിപാടി എന്ന്‍ പറഞ്ഞാല്‍ മറ്റൊന്നുമില്ല, നന്ദകുമാറിനെതിരെയുള്ള മീറ്റിംഗ് ആണ് ഇത്. അതിന് എന്തിനാണ് കോളേജ് യൂണിയനെ പങ്കെടുപ്പിച്ചതെന്ന്‍ ഷാരോണിന് മനസ്സിലായില്ല. വിദ്യാര്‍ഥി യൂണിയനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ രഘുറാം സംഗീതും പിന്നെ ജനറല്‍സെക്രട്ടറിയായ താനും.
പ്രിന്‍സിപ്പാള്‍ ഫാദര്‍ മാത്യു മൂലെക്കാട്ടിലും സ്റ്റാഫ് സെക്രട്ടറി ഗണിത വിഭാഗത്തിന്‍റെ തലവന്‍ ഡോക്ടര്‍ സദാനന്ദനും സ്റ്റാഫ് ജോയിന്‍റ് സെക്രട്ടറി സിസ്റ്റര്‍ അമലയും പ്രവേശിച്ചു. എന്നിട്ടും നന്ദകുമാര്‍ സാര്‍ വരാത്തത് എന്ത്കൊണ്ട്? ഷാരോണ്‍ സ്വയം ചോദിച്ചു. ഇനി സാര്‍ മീറ്റിംഗില്‍ പങ്കെടുക്കാതിരിക്കുമോ? അവള്‍ക്ക് സംശയമായി.
പെട്ടെന്ന്‍ മീറ്റിംഗ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന മിനിറ്റില്‍ നന്ദകുമാറിന്‍റെ രൂപം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവരും ഒരേസമയം അയാളെ നോക്കി. നീണ്ടു വളര്‍ന്ന താടിയും മുടിയും മുഷിഞ്ഞ അലക്കാത്ത ചാരനിറമുള്ള ഖദര്‍ ജൂബ്ബയും കറുത്ത ജീന്‍സും. ആകെപ്പാടെ ഒരു ഹിപ്പി ബൊഹീമിയന്‍ വേഷം.