“ഷെല്ലി ആദ്യം പറഞ്ഞില്ലേ എന്‍റെ പ്രവസി? ഇതെന്‍റെ പേഴ്സണല്‍, വളരെ പേഴ്സണല്‍ ആയ ഒരു കാര്യമാണ്. അത് വേറൊരാള്‍ നിയന്ത്രിക്കുന്നത് എനിക്കിഷ്ടമല്ല.”
അവളുടെ വാക്കുകള്‍ മാറുന്നുണ്ട്. പക്ഷെ സ്വരവും മുഖഭാവവും ഒന്നും മാറിയിട്ടില്ല. ആക്രമിക്കാതെ എങ്ങനെ തിരിച്ച് ആക്രമിക്കും?
“ഓക്കേ…പെഴ്സണല്‍ ആണ്…പക്ഷെ…’
“നോക്കൂ ഷെല്ലി. എന്‍റെ ഡ്രഗ് ടേക്കിംഗ് കൊണ്ട് ആര്‍ക്കും ഒരു പ്രോബ്ലമോ നഷ്ട്ടമോ ഞാന്‍ വരുത്തുന്നില്ല. ആരെയും ഞാന്‍ ഇന്‍ഫ്ലുവന്‍സ് ചെയ്യുന്നില്ല. ആര്‍ക്കും ഒരു റോങ്ങ് മോഡല്‍ ആകാതെ എന്‍റെ പ്രവസിയില്‍, ഞാന്‍ മാത്രമുള്ള ഒരു ലോകത്ത്…ആരും കാണാതെ..എന്‍റെ റൂമിനകത്തെ സ്വകാര്യതയില്‍ …ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ലല്ലോ ഞാന്‍…”
ഇവള്‍ സ്ക്രിപ്റ്റ് ശരിക്ക് പഠിച്ചിട്ടുണ്ട്. ഷെല്ലിയോര്‍ത്തു. ശരിയായ വാക്കുകള്‍. തിരിച്ചു വാദിക്കാന്‍ ഒരു പഴുതും കൊടുക്കാത്ത രീതിയില്‍. എവിടെ എന്‍റെ ഡയലോഗ്?
“മിനി, നിനക്ക്..സോറി ..നിങ്ങള്‍ക്ക് ഇപ്പോള്‍ മാക്സിമം പതിനെട്ട് വയസ് പ്രായമുണ്ടാകും. എത്ര വളരെ ചെറിയ പ്രായത്തില്‍ ഇങ്ങനെയൊക്കെത്തുടങ്ങിയാല്‍…ലൈഫ് ജസ്റ്റ് തുടങ്ങിയതല്ലേയുള്ളൂ? ഇപ്പോള്‍ത്തന്നെ…?”
“എന്ന് വെച്ചാല്‍ ഒരു ട്വെന്‍റ്റി ട്വെന്‍റ്റി ഫൈവ് ഒക്കെ ആയിക്കഴിഞ്ഞ് കുഴപ്പമില്ല; അല്ലേ?”
എത്ര നിയന്ത്രിച്ചിട്ടും ഷെല്ലിയ്ക്ക് ദേഷ്യം വന്നു. അത് പക്ഷെ അവന്‍ വിഷമിച്ച് ഉള്ളിലൊതുക്കി.
“മിനി അത്…”
ഷെല്ലി വീണ്ടും വാക്കുകള്‍ക്ക് വേണ്ടി പരതി.
അവള്‍ സാകൂതം അവനെ നോക്കി.
“മിനിയെപ്പോലെ ഒരു കുട്ടി ഇങ്ങനെ നശിക്കുന്നത് എനിക്കിഷ്ടമല്ല…”
“അപ്പോള്‍ അതാണ് സാറിന്‍റെ കാര്യം?”
അവളുടെ വാക്കുകളും സ്വരവും ഭാവവും മാറി. പരിഹാസവും ദേഷ്യവും അവളില്‍ നിറഞ്ഞു.