.മിനിയുടെ പ്രൈവസിയുടെ …അതിന്‍റെ ഒരു കാര്യമാണ്. അങ്ങനത്തെ ഒരു കാര്യമാണ് ഞാന്‍ ചോദിക്കാന്‍ പോകുന്നെ. അറിയാന്‍ ആഗ്രഹിക്കുന്നെ. അത് കൊണ്ട്…”
അവള്‍ ഒന്നും മിണ്ടാതെ അവന്‍റെ വാക്കുകള്‍ കേട്ടിരുന്നു. പ്രത്യേകിച്ച് ആകാംക്ഷയൊന്നും അവളുടെ മുഖത്തേക്ക്, കണ്ണുകളിലേക്ക് വന്നില്ല.
“ആര്‍ യൂ ടേക്കിംഗ് ഡ്രഗ്സ്?”
അവന്‍ പെട്ടെന്ന്‍ ചോദിച്ചു.
ഇനിയാണ് കഥകളിയില്‍ കാണുന്നപോലെ ക്രോധം, ഭീഭത്സം, ഭയാനകം തുടങ്ങിയ ഭാവങ്ങള്‍ ഇവളുടെ മുഖത്ത് താണ്ഡവമാടാന്‍ പോകുന്നത്. ഇനിയാണ് ഡിക്ഷണറിയിലെ ഏറ്റവും കഠോരമായ വാക്കുകള്‍ ഇവളുടെ വായില്‍ നിന്ന്‍ താന്‍ കേള്‍ക്കാന്‍ പോകുന്നത്.
ഷെല്ലി കാത്തിരുന്നു.
“യെസ്, ഐ ആം ടേക്കിംഗ് ഡ്രഗ്സ്,”
ഷെല്ലി വിസ്മയ സംഭീതനായി.
പുഞ്ചിരിച്ചുകൊണ്ടാണ് അവള്‍ മറുപടി പറഞ്ഞത്.
അതെ ഞാന്‍ ഐസ് ക്രീം കഴിക്കാറുണ്ട്. അതെ ഞാന്‍ മോഹന്‍ലാലിന്‍റെ സ്ഫടികം കൂടെക്കൂടെ കാണാറുണ്ട്, അതെ ഞാന്‍ ആകാശത്ത് മഴവില്ല് നോക്കി നിക്കാറുണ്ട് എന്നൊക്കെ പറയുന്ന ലാഘവത്തോടെ മിനി പറയുകയാണ്, അതേ, ഞാന്‍ മയക്ക് മരുന്ന്‍ ഉപയോഗിക്കാറുണ്ട്.
അവന്‍റെ അടുത്ത ചോദ്യത്തിന് എന്നപോലെ അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി.
അക്ഷോഭ്യയായി.
“പക്ഷെ മിനി…”
ഷെല്ലി വാക്കുകള്‍ പരതി.
“ദാറ്റ് …ദാറ്റ് ഈസ് ഡെയിഞ്ചറസ്! ടൂ ഡെയിഞ്ചറസ്…വൈ ആര്‍ യൂ…?”
അവള്‍ ഒരു നിമിഷം അവനെ നോക്കി. പിന്നെ കൃത്രിമത്തം തീരെയില്ലാത്ത പുഞ്ചിരിയോടെ പറഞ്ഞു.