തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഏതാനും നിമിഷങ്ങളെയുള്ളൂ.
ആകെയുള്ള ഒന്‍പത് മേജര്‍ സ്ഥാനങ്ങളാണ് യൂണിയന്‍ ഭരണം ആര്‍ക്കാണ് എന്ന്‍ നിശ്ചയിക്കുന്നത്.
സാവധാനം മൈക്കിലൂടെ ആദ്യത്തെ എട്ടു സ്ഥാനങ്ങളുടെ ഫലമെത്തി. വിദ്യാര്‍ഥികള്‍ ആകാംക്ഷാഭരിതരായി. നാല് സ്ഥാനങ്ങള്‍ എന്‍ എസ് യുവും . നാല് സ്ഥാനങ്ങള്‍ എസ് എഫ് കേയും വിജയിച്ചു.
മാഗസിന്‍ എഡിറ്റര്‍, ജോയിന്‍ന്‍റ്റ് സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി, ഒരു യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനങ്ങളില്‍ എന്‍ എസ് യുവും ജനറല്‍ സെക്രട്ടറി, ഒരു യൂണിയന്‍ കൌണ്‍സിലര്‍, ആര്‍ട്ട്സ് സെക്രട്ടറി, വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ എസ് എഫ് കെയും.
അറിയാനുള്ള ഫലം ചെയര്‍മാന്‍ സ്ഥാനത്തിന്‍റെയാണ്.
ശ്രീധര്‍ പ്രസാദായിരിക്കുമോ ഷെല്ലി അലക്സായിരിക്കുമോ യൂണിയന്‍ ചെയര്‍മാന്‍ എന്ന ചോദ്യം ഓരോ വിദ്യാര്‍ഥിയും സ്വയം ചോദിച്ചു.
“ചേച്ചീ…”
അടുത്ത് നിന്ന ഷാരോണിനെ ചേര്‍ത്ത് പിടിച്ച് മിനി മന്ത്രിച്ചു.
“ടെന്‍ഷന്‍ പിടിച്ച് ഞാന്‍ ചത്ത് പോകും…ഇതെന്താ ഷെല്ലീടെ റിസല്‍റ്റ് മാത്രം അനൌണ്സ് ചെയ്യാത്തെ?”
ഉദ്യാനത്തിന് മുമ്പിലെ കാറ്റാടി മരങ്ങള്‍ക്ക് താഴെ അനവധി വിദ്യാര്‍ഥികള്‍ തടിച്ച് കൂടിയിരുന്നു. മൈക്കിലൂടെ വരുന്ന അറിയിപ്പിന് കാതോര്‍ത്ത്.
“വരും മോളെ ചെലപ്പം ചെയര്‍മാന്‍റെ ലാസ്റ്റ് ആരിക്കും കൌണ്ട് ചെയ്യുന്നേ,”
അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഷാരോണ്‍ പറഞ്ഞു.
“ഈശോയേ ഷെല്ലിയെക്കെങ്ങാനും ജയിക്കാന്‍ പറ്റീല്ലേ അത് ഞാന്‍ കാരണവാരിക്കും….എന്‍റെ ആ ഇഷ്യു കാരണം. അല്ലേല്‍ എന്തോരം എഫര്‍ട്ട്ലെസ്സ് ആയി ജയിക്കേണ്ട ആളാ….ചേച്ചി ഞാന്‍ ചത്ത് പോകും പറഞ്ഞേക്കാം…”
പരിഭ്രമം കലര്‍ന്ന ശബ്ദത്തില്‍ മിനി തുടര്‍ന്നു.
“അറിയിപ്പ്,”
ഹിന്ദി ഡിപ്പാര്‍ട്ട്മെന്‍റ്റിലെ പ്രോഫസ്സര്‍ സുധാകരന്‍റെ ഘനഗംഭീരമായ ശബ്ദം മൈക്കിലൂടെ മുഴങ്ങി.
എല്ലാവരും കാതുകള്‍ തീവ്രതരമാക്കി.
മിനിയുടെ മിഴികള്‍ പിരിമുറുക്കത്താല്‍ വിടര്‍ന്നുലഞ്ഞു.
തന്‍റെ ഹൃദയമിടിപ്പ് അവള്‍ കേട്ടു.
“ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍…”
മിനി ഇരുകൈകളും നെഞ്ചോട് ചേര്‍ത്തു.