ശിശിര പുഷ്പ്പം 14 [ smitha ]

Posted by

“രാജ്യത്തെ ഒരു വലിയ ക്രിമിനലിന്‍റെ പിന്നാലെയാണ് ഞാന്‍… അയാളാണ് ശക്തി സിംഗ് ചന്ദ്രാവത്….അയാളുടെ ഒരു സുഹൃത്തിന്‍റെ ഭാര്യയെ അയാള്‍ ഒരു പാര്‍ട്ടിയില്‍ ഷാമ്പെയിനില്‍ മയക്ക് മരുന്ന്‍ നല്‍കി റേപ് ചെയ്ത് കൊലപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്…ഏകദേശം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്…സാറിനെ തേടിവന്ന് കെയ്സ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടവര്‍ പറഞ്ഞ കഥ അങ്ങനെ നോക്കുമ്പോള്‍ ശരിയാവാനാണ് സാധ്യത…”
റഫീഖ് ഒരു നിമിഷം ആലോചാനാമഗ്നമായി അലക്സാണ്ടറെ നോക്കി.
“ഞാന്‍ സാറിനെ തേടിവന്നത് മറ്റൊന്നിനായിരുന്നെങ്കിലും അറിയേണ്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് അറിയാന്‍ പറ്റി. രണ്ട് കാര്യങ്ങള്‍ അന്വേഷണത്തില്‍ നിന്ന്‍ എനിക്ക് മനസ്സിലായി. ഒന്ന്‍ സിസിലി മാഡം മരിച്ച ദിവസങ്ങളില്‍ ശക്തി സിംഗ് ചന്ദ്രാവത് ഈ നഗരത്തില്‍ ഉണ്ടായിരുന്നു എന്നത്. രണ്ടാമത്തെ കാര്യം സിസിലി മാഡത്തിന്‍റെ കേസില്‍ ഒരു ഫോളോ അപ് ഉണ്ടായിട്ടില്ല. അന്വേഷിച്ചപ്പോള്‍ ആ കേസ് പിന്‍വലിക്കാന്‍ താങ്കള്‍ അപേക്ഷിച്ചിരുന്നു എന്ന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ നിന്ന്‍ വിവരം ലഭിച്ചു. അത്രമേല്‍ നിയമ വിരുദ്ധമായിരുന്നിട്ടും ശക്തമായ സ്വാധീനം അതിന്‍റെ പിമ്പില്‍ ഉണ്ടെന്ന്‍ മനസിലായി…”
അലക്സാണ്ടര്‍ പുറത്തേക്ക് നോക്കി.
“അന്ന് ആരായിരുന്നു സാര്‍ മാപ്പ് പറയാനും മറ്റും ഇവിടെ വന്നത്? അയാളുടെ ഫോട്ടോയോ മറ്റെന്തെങ്കിലും…?”
അലക്സാണ്ടര്‍ എഴുന്നേറ്റു. അകത്ത് പോയി ഷെല്‍ഫ് തുറന്ന്‍ ഒരു പഴയ പത്രമെടുത്തുകൊണ്ട് വന്നു.
ഈ പത്രത്തിലുണ്ട് അയാള്‍ടെ ചിത്രം…”
പത്രം റഫീഖിന് കൊടുക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു.
“പക്ഷെ എനിക്ക് ഒരു ഉറപ്പ് വേണം സാര്‍ ഇയാള്‍ക്കെതിരെ ഒന്നും എഴുതില്ലെന്ന്,”
“നിയമത്തിന് മുമ്പിലേക്കെത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്ന ആളുടെ ചിത്രമല്ല ഇതെങ്കില്‍ ഉറപ്പ്. ഒന്നും എഴുതില്ല അയാളെക്കുറിച്ച്. ആണെങ്കില്‍….”
റഫീഖ് അലക്സാണ്ടറെ നോക്കി.
അദ്ദേഹം ആകാംക്ഷയോടെ റഫീഖിനെയും.
“എങ്കില്‍ സര്‍ അയാളെ എനിക്ക് കാണിച്ച് തരേണ്ടതില്ല,”
അലക്സാണ്ടര്‍ പെട്ടെന്ന് ആ പത്രം അയാളുടെ കൈയ്യിലേക്ക് കൊടുത്തു.
റഫീഖ് പത്രം വിടര്‍ത്തി.
“ഇതാണ് അയാള്‍,”
അലക്സാണ്ടര്‍ ഒരു ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടി.
റഫീഖും നിഷയും ആവേശത്തോടെ അതിലേക്ക് നോക്കി.

**************************************

Leave a Reply

Your email address will not be published. Required fields are marked *