“പറയൂ സാര്‍,”
അവര്‍ കാപ്പി കുടിക്കവേ അദ്ദേഹം ചോദിച്ചു.
“ഷെല്ലിയേ കാണാന്‍ വന്നതാണോ? അവന്‍ ഇലക്ഷന്‍ ഒക്കെ ആയി …ഇപ്പം ഞായറാഴ്ചയും വന്നില്ല. ഹോസ്റ്റലില്‍ തന്നെ കാണും…”
“ഞാന്‍ സാറിനെ കാണാന്‍ വന്നതാ,”
കാപ്പിക്കപ്പ് ട്രേയില്‍ വെച്ചിട്ട് റഫീക്ക് പറഞ്ഞു.
“എന്നെ?”
റഫീഖ് ഒരു നിമിഷം നിഷയെ നോക്കി.
“വരവ് ഒഫീഷ്യല്‍ ആണ് സാര്‍…പക്ഷെ എനിക്ക് ഒരപേക്ഷയുണ്ട്..ഷെല്ലി അറിയരുത് ഈ മീറ്റിംഗ്…രാജ്യം മുഴുവന്‍ അറിയുന്ന ഒരു കൊടുംകുറ്റവാളി ശിക്ഷിക്കപ്പെടണം എന്നാഗ്രഹമുള്ളത് കൊണ്ടാണ് ഞാന്‍ സാറിന്‍റെ ഈ നല്ല സമയം ബുദ്ധിമ്മുട്ടിക്കുന്നത്…”
അലക്സാണ്ടര്‍ ഒന്നും മനസ്സിലാവാതെ അവരെ മാറിമാറി നോക്കി.
“സാറിന്‍റെയൊ ഷെല്ലിയുടേയോ പേരോ മറ്റ് ഡീറ്റയില്‍സൊ ഒന്നും ആരും അറിയില്ല…നമ്മള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായി എന്ന് പോലും ആരും അറിയില്ല…”
“എനിക്കങ്ങോട്ട് ….ഒന്നും…”
തന്‍റെ നിസ്സഹായാവസ്ഥ അദ്ദേഹം പ്രകടിപ്പിച്ചു.
“ഷെല്ലിയുടെ മുമ്പില്‍ വെച്ച് ചോദിക്കുന്നതില്‍ ഒരു വല്ലായ്കയുണ്ട് എന്ന്‍ വിചാരിച്ചാണ് ഞാന്‍ അവന്‍ ഇല്ലാത്ത സമയത്ത് വന്നത്…”
അലക്സാണ്ടര്‍ ഒരു നിമിഷം ഗാഡമായി ആലോചിച്ചു.
“എനിക്ക് വരുന്ന ദോഷത്തെ ഓര്‍ത്ത് എനിക്ക് പ്രയാസം ഒന്നുമില്ല സാര്‍,”
അദ്ദേഹം പറഞ്ഞു.
“എനിക്ക് മോനേപ്പറ്റി മാത്രമേ ആങ്ങ്‌സൈറ്റിയുള്ളൂ…സാറിന് എന്താ അറിയേണ്ടത്?”
റഫീക്ക് സൌണ്ട് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു.
“മാഡം….മാഡം മരിച്ചതിന്‍റെ ബാക്ക്ഗ്രൌണ്ട്…അത്…അതിനെപ്പറ്റി … സാറിന്‍റെ അറിവിലുള്ള കാര്യങ്ങള്‍…”
അലക്സാണ്ടര്‍ ഭിത്തിയിലെ ചിത്രത്തിലേക്ക് നോക്കി.
പിന്നെ വിദൂരമായ ഓര്‍മ്മകളില്‍ നഷ്ട്ടപ്പെട്ടു.