“അന്ന് സിസിലി ബാങ്കീന്ന്‍ എറങ്ങി വരുമ്പം തൊട്ടുമുമ്പിലെ ഒരു പെട്ടിക്കടേല്‍ മോന്‍റെ അച്ചന്‍ നിപ്പുണ്ടാരുന്നു….”
പത്മാവതി പറഞ്ഞു.
“അന്ന്‍ കൊല്ലാന്‍ കാറുവായി വന്നവര്‍ സിസിലീടെ അടുത്ത് നിന്ന ഹിന്ദിക്കാരനെ കണ്ട് കാറ് നിര്‍ത്തി. ഒരാള് തോക്കുവായി വന്ന്‍ ഹിന്ദിക്കാരന്റെ നേരെ തോക്ക് ചൂണ്ടി. ഹിന്ദിക്കാരന്‍ പെട്ടെന്ന് അയാളെ കണ്ടു. പേടിച്ചരണ്ട് അയാള്‍ അടുത്ത് നിന്ന സിസിലീനെ പിടിച്ചു മുമ്പിലേക്ക് ഇട്ടുകൊടുത്തു…സിസിലിക്ക് വെടിയേറ്റു…”
പത്മാവതി ഒന്ന്‍ നിര്‍ത്തി.
“അച്ചന്‍ അത് കണ്ട് ആകെ പേടിച്ചുപോയി…”
ശ്രീധര്‍ പറഞ്ഞു.
“ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു കണ്ടീഷനാരുന്നു…പെട്ടെന്നുള്ള കാറിന്‍റെ വരവും വെടീം സിസിലി ആന്‍റിമരിച്ചതും….എന്തായാലും അച്ചന്‍ പെട്ടെന്ന് ആന്‍റ്റീനെ ഹോസ്പിറ്റലില്‍ എത്തിച്ചു…സിസിലി ആന്‍റി പക്ഷെ…”
ശ്രീധര്‍ ഒരു നിമിഷം വികാരാര്‍ദ്രനായി.
“പിന്നെ അന്വേഷണോം കേസും ഒക്കെ വന്നപ്പോള്‍ അച്ചന്‍ സാക്ഷിപറയാന്‍ ഒരുങ്ങി. കോടതീല്‍ താന്‍ കണ്ട കാര്യങ്ങള്‍ ഒക്കെ പറയാം എന്ന് അച്ചന്‍ പോലീസിനോട് പറഞ്ഞു. അന്ന് രാത്രി ഒരു തടിയന്‍ വന്നിട്ട് അച്ഛനോടു സാക്ഷി പറയുന്നതില്‍ നിന്ന്‍ പിന്മാറണം എന്ന്‍ പറഞ്ഞു…”
“മലയാളി?”
റഫീഖ് ചോദിച്ചു.
“അതെ മലയാളി…”
ശ്രീധര്‍ പറഞ്ഞു.
“അച്ചന്‍ സമ്മതിച്ചില്ല. പോലീസ് പറഞ്ഞതനുസരിച്ച് സിസിലി ആന്‍റിയെ തള്ളിയിട്ടവന്‍റെ രേഖാചിത്രം വരയ്ക്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പം അച്ഛന്റെ സ്കൂട്ടറിന്‍റെ നേരെ ഒരു ട്രക്ക് വന്നിടിച്ചു. അച്ഛനെ താഴേക്ക് തെറുപ്പിച്ചു. അച്ചന്‍ മരിച്ചു….”