അവര്‍ പുഞ്ചിരിയോടെ തലകുലുക്കി.
നല്ല തേജസ്സുള്ള മുഖം.
“അതെ സാര്‍, ഇതെന്‍റെ അമ്മ പത്മാവതി,”
അതിനിടയില്‍ നിഷ അകത്ത്പോയി ഇരുവര്‍ക്കും ജ്യൂസ് കൊണ്ടുവന്ന് വെച്ച് ഓരോരുത്തര്‍ക്കും നല്‍കി.
പത്മാവതി നിഷയെ വാത്സല്യത്തോടെ നോക്കി. നിഷ അവരുടെ നേരെ നോക്കി ഹൃദ്യമായി ചിരിച്ചു.
“ശ്രീധര്‍ വന്നത്?”
റഫീഖ് പ്രസന്നത വിടാതെ ചോദിച്ചു.
“ഒരു പ്രധാന കാര്യം എനിക്കും അമ്മയ്ക്കും പറയാനാണ്,”
ശബ്ദം താഴ്ത്തി ശ്രീധര്‍ പറഞ്ഞു.
റഫീഖും നിഷയും പരസ്പ്പരം നോക്കി.
“ഞാന്‍ റെക്കോഡ് ചെയ്തോട്ടെ?”
റഫീഖ് ചോദിച്ചു.
“ഷുവര്‍, സര്‍,”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“ഇന്ന്‍ രാവിലെ അലക്സാണ്ടര്‍ അങ്കിള്‍ വീട്ടില്‍ വന്നിരുന്നു,”
ശ്രീധര്‍ പറഞ്ഞു.
“സര്‍ ഏതോ ഒരു ഹിന്ദിക്കാരന്‍റെ പിന്നാലെയാണ്. കൊടും കുറ്റവാളിയാണയാള്‍ എന്നൊക്കെ അങ്കിള്‍ പറഞ്ഞു…സാര്‍ അയാളെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് എങ്കില്‍….”
ഒന്ന്‍ നിര്‍ത്തി അവന്‍ റഫീഖിനെ നോക്കി.
“എങ്കില്‍?”
റഫീഖ് ചോദിച്ചു.
“എങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും….”
“കാരണം?”
“എനിക്ക് അച്ഛനെയില്ലാതെയാക്കിയത് അയാളാണ്?”
“മൈ ഗോഡ്!”
നിഷ മന്ത്രിച്ചു.
“അതെ മാഡം!”
ശ്രീധര്‍ വികാരാവേശത്തോടെ പറഞ്ഞു.
“എന്‍റെ അമ്മയെ വിധവയാക്കിയത് അയാളാണ്. അയാളെ ഭയന്ന്‍ അമ്മയോ ഞാനോ ഇതുവരെ ഒന്നും മിണ്ടിയില്ല. എന്നാല്‍ സാറിനെപ്പോലെ രാജ്യം ബഹുമാനിക്കുന്ന ഒരു ജേണലിസ്റ്റ് അയാളുടെ പിന്നാലെയുണ്ടെങ്കില്‍ എനിക്ക് ഭയമില്ല…”
റഫീക്ക് മുമ്പോട്ട് ആഞ്ഞിരുന്നു.
“ശ്രീധറും അമ്മയും അറിയാവുന്ന കാര്യങ്ങള്‍ പറയൂ,”