“പപ്പാനെ ധിക്കരിക്കാന്‍ എനിക്ക് ഒട്ടും ഇഷ്ടവല്ല. എന്‍റെ റോള്‍ മോഡല്‍ ആണ് പപ്പാ. പപ്പായ്ക്ക് വെഷമം ഒണ്ടാക്കുന്ന ഒരു കാര്യോം ചെയ്യാമ്പാടില്ല എന്ന്‍ ആശിച്ച കൊണ്ടാ നിന്നെ കെട്ടിക്കോളാം എന്ന്‍ ഞാന്‍ സമ്മതിച്ചേ. അതേ പപ്പ തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിട്ടൊണ്ട്. തെറ്റാണ് എന്ന്‍ മനസാക്ഷി പറയാത്തിടത്തോളം കാലം എന്ത് കാര്യോം ചെയ്തോളാന്‍…പപ്പാടെ മോളാ ഞാന്‍….”
“അപ്പം നീ ഞാം പറയ്ന്നെ അനുസരിക്കുവേല?”
“തീര്‍ച്ചയായും ഇല്ല…”
ഷാരോണ്‍ തുടര്‍ന്നു.
“ഞാന്‍ ഒരു ഫെമിനിസ്റ്റ് ഒന്നുവല്ല. നല്ല അനുസരണയുള്ള മകളും കീഴ്പ്പെട്ടിരിക്കുന്ന ഭാര്യയും ഉത്തരവാദിത്തമുള്ള ഒരമ്മയും ഒക്കെ ആയി അടങ്ങി ഒതുങ്ങിജീവിക്കാനോക്കെയാ എനിക്കും ഇഷ്ടം. പക്ഷെ അങ്ങനെ ഒക്കെ ആകണവെങ്കില്‍…”
“എങ്കില്‍?”
റോയി ക്രുദ്ധനായി ഇടയ്ക്ക് കയറി.
“അല്ല റോയിച്ചാ, നീ എന്നെത്തിനാ എന്നെ ഭരിക്കാന്‍ വരുന്നെ?”
“ഞാനാ നിന്നെ കെട്ടാന്‍ പോകുന്നവന്‍. അതുകൊണ്ട്!”
“കെട്ടുകഴിഞ്ഞില്ലല്ലോ. കഴിഞ്ഞിട്ട് മതി നിയന്ത്രണോം ഭരണോം,”
“ഹും! എന്നാലും നെനക്ക് അയാടെ കൂടെയൊള്ള അഴിഞ്ഞാട്ടം നിര്‍ത്തത്തില്ല അല്ലേ?”
“റോയി!!”
ഷാരോണിന്‍റെ ശബ്ദം കേട്ട് ഒരുനിമിഷം അവന്‍ പകച്ചു.
അവളുടെ കണ്ണുകളില്‍ തീപറക്കുന്നത് അവന്‍ കണ്ടു. അവളുടെ മുഖം ചുവന്നു. അവള്‍ ചൂണ്ടുവിരല്‍ അവന്‍റെ നേരെയുയര്‍ത്തി.
“പപ്പാടെ സ്ഥാനത്താ ഞാന്‍ ആ മനുഷ്യനെ കാണുന്നെ…ഇനി ഒരുവാക്ക്….വൃത്തികെട്ട ഒരുവാക്ക് മിണ്ടിയാ റോയീ, നീ വിവരം അറിയും…!!”
അവളെ വിറയ്ക്കുകയായിരുന്നു.
അവളുടെ ഭാവമാറ്റം കണ്ട് അമര്‍ത്തിക്കുലുക്കിച്ചവിട്ടി റോയി തിരികെ കാറിലേക്ക് കയറി.
കാര്‍ അകന്ന്‍ പോയിക്കഴിഞ്ഞ് തിരിഞ്ഞപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു.
നന്ദകുമാര്‍ മുമ്പില്‍!
അയാളെ പുഞ്ചിരിയോടെ അവളെ നോക്കി.
അവളും പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
ബോയ്സ് ഹോസ്റ്റലിന്‍റെയരികിലൂടെ വരികയായിരുന്നു അയാള്‍.
“ബൈക്ക് ആരുടെയാ സാര്‍?”
അവള്‍ ചോദിച്ചു.
“ആ പയ്യന്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല,”
അവളുടെ ചോദ്യം അവഗണിച്ച് അയാള്‍ പറഞ്ഞു.
“പക്ഷെ ഷാരോണ്‍ അവസാനം പറഞ്ഞത് ഞാന്‍ കേട്ടു…”
“സാര്‍…”