കോബ്രാഹില്‍സിലെ നിധി 8 [Smitha]

Posted by

“അപ്പോഴത്തെ ഒരു പ്രത്യേക സിറ്റുവേഷന്‍…അതില്‍…”
“ഇറ്റ്സാള്‍ റൈറ്റ്,”
അയാള്‍ പിന്നെയും ചിരിച്ചു.
“ഞാനതിന്‍റെ ഇമോഷണല്‍ സൈഡ് അപ്പോള്‍ത്തന്നെ മറന്നു. കൊടുക്കല്‍ വാങ്ങലാണ് ജീവിതമെന്ന്‍ ആരോ മുമ്പ് പറഞ്ഞിട്ടുണ്ട്. ആ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്തി. ആ സിറ്റുവേഷനില്‍ അതില്‍ക്കുറഞ്ഞതൊന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല,”
അയാള്‍ അല്‍പ്പസമയം ചിന്താമഗ്നനായി.
“ഞങ്ങള്‍ ആറു സഹോദരങ്ങളാണ്,”
അയാള്‍ തുടര്‍ന്നു.
“നാല് ആണും രണ്ടു പെണ്ണും. വര്‍ക്കി ചേട്ടായി ആണ് ഏറ്റവും മൂത്തത്. വളരെ ചെറുപ്പത്തില്‍ ഞങ്ങടെ അപ്പന്‍ മരിച്ചുപോയി. പിന്നെ അപ്പന്‍റെ സ്ഥാനത് ഞങ്ങടെ വിദ്യാഭ്യാസവും തൊഴില്‍ക്കാര്യങ്ങളും ഒക്കെ നിശ്ചയിച്ചതും നിയന്ത്രിച്ചതും ചേട്ടായി ആരുന്നു.”
രാജസ്ഗേഖര വര്‍മ്മയും ഗായത്രിദേവിയും താല്‍പ്പര്യത്തോടെ കേട്ടു.
“ചേട്ടായിയുടെ ബിസിനസ്സില്‍ പകുതിയും ഇല്ലീഗല്‍ ആണെന്നറിയാഞ്ഞിട്ടല്ല,”
അയാള്‍ തുടര്‍ന്നു.
ഉപദേശിക്കാനോ തിരുത്താനോ ഒന്നും എനിക്ക് കഴിയില്ല. കാരണം ആ ബിസിനസ്സിന്‍റെ തണലില്‍ ആണ് ഞാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും പട്ടാള ഓഫീസറായതും. ചേട്ടായീടെ ബിസിനസ്സിലൊള്ള താല്പ്പര്യക്കൊറവ് കൊണ്ടാണ് പത്തിരുപത്തഞ്ച് കൊല്ലങ്ങളായി ഞാനീ നാട്ടിലേക്ക് വരാതിരുന്നത്,”
“ഇതിന് മുമ്പ്?”
വര്‍മ്മ തിരക്കി.
അയാളുടെ കണ്ണുകള്‍ വിദൂരതയിലേക്ക് നീണ്ടു.
ഓര്‍മ്മകള്‍ക്കപ്പുറത്ത് എവിടെയോ…
“ആര്‍മ്മി ക്വാര്‍ട്ടേഴ്സുകളില്‍ ….അതിര്‍ത്തി പ്രദേശങ്ങളിലെ പട്ടാള ക്യാമ്പുകളില്‍ …കാടുകളില്‍ ….കാശ്മീരിലെയും ആസാമിലെയും സോമാലിയയിലെയും മഞ്ഞിലും മഴയിലും കത്തുന്ന വെയിലിലും …ഐ വാസ് ലിവിംഗ് ദ ലൈഫ് ഓഫ് എ ഡോഗ് …ഹണ്‍ട്ടിംഗ് …ആന്‍ഡ് ബീയിംഗ് ഹണ്‍ട്ടഡ്…ഞാന്‍ മേജര്‍ മാത്യു വര്‍ഗ്ഗീസ്…”
സുഖകരമല്ലാത്ത ഒരോര്‍മ്മയില്‍ അയാളുടെ ശബ്ദം ചിതറുന്നത് വര്‍മ്മയും ഗായത്രി ദേവിയും കേട്ടു.
“കുടുംബം?”
ഓര്‍മ്മയില്‍ നിന്ന്‍ ഉണര്‍ന്ന്‍ നരിമറ്റം മാത്തച്ചന്‍ അവരെ നോക്കി.
മുഖത്ത് നേരിയ ഒരു വിഷാദച്ചായ അവര്‍ കണ്ടു.
“ഒരു വര്‍ഷം മുമ്പ് ഭാര്യ മരിച്ചു,”
അയാള്‍ പതിയെ തുടര്‍ന്നു.
“സെറിബ്രല്‍ ഹേമറേജ് ആയിരുന്നു. രണ്ടു മാസത്തിന് ശേഷം രണ്ടാമത്തെ ഷോക്ക് ഉണ്ടായി. രണ്ടുമക്കളില്‍ മൂത്തവനും ഇതേ അസുഖം മൂലം മരിച്ചു. ഇളയവന്‍ ക്യാനഡയില്‍ …മാരിയറ്റ് ഹോട്ടെല്‍ ഗ്രൂപ്പില്‍,”
അയാള്‍ അല്‍പ്പ സമയം നിശബ്ദനായി.
“ഞാന്‍ റിയലി ഒറ്റയ്ക്കാണ് മിസ്റ്റര്‍ വര്‍മ്മ,”
അയാള്‍ വീണ്ടും പറഞ്ഞു.
“ലോണ്‍ലീ…ഇത്ര ഭീകരമാണ് ഏകാന്തത എന്ന്‍ ഞാന്‍ അറിഞ്ഞിരുന്നില്ല,”
അയാള്‍ വികാരഭരിതനാകുന്നത് രാജശേഖര വര്‍മ്മയും ഗായത്രിദേവിയും കണ്ടു.
അതവരെയും വിഷമിപ്പിച്ചു.
“ഐം സോറി,”
അയാള്‍ എഴുന്നേറ്റു.
“ഞാന്‍ നിങ്ങളെ നന്നായി മുഷിപ്പിച്ചു. വെറുതെയല്ല ഈ പട്ടാളക്കാരെ മനുഷ്യര്‍ അടുത്തടുപ്പിക്കാത്തത്,”
അയാള്‍ ചിരിച്ചു.
വര്‍മ്മയും ഗായത്രിദേവിയും എഴുന്നേറ്റു.
“ഞാന്‍ എന്‍റെ മോണോ ആക്റ്റ് ഭംഗിയായി കമ്പ്ലീറ്റ് ചെയ്തു.”
നരിമറ്റം മാത്തച്ചന്‍ ചിരിക്കിടയില്‍ തുടര്‍ന്നു.
“നിങ്ങളെക്കുറിച്ച് ഒന്നും ചോദിച്ചില്ല. സുഖമാണോ എന്ന്‍ ഫോര്‍മാലിറ്റിയ്ക്ക് വേണ്ടിക്കൂടി ചോദിച്ചില്ല,”
അവരും ചിരിച്ചു.
“ഒരര്‍ത്ഥത്തില്‍ അതിന്‍റെ ആവശ്യമില്ല”
മാത്തച്ചന്‍ തുടര്‍ന്നു.
“സ്കൂളില്‍ ചരിത്ര പുസ്തകങ്ങളില്‍ നിങ്ങളെക്കുറിച്ച് വേണ്ടുവോളം പഠിക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. പിന്നെ പത്ര മാസികകളില്‍നിന്നും,”
അവര്‍ പുഞ്ചിരിച്ചു.
“നമുക്കിന്ന്‍ ബ്രേക്ക് ഫാസ്റ്റ് ഇവിടെ…”
വര്‍മ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *