അത്രയും പറഞ്ഞു നീരജ പുറത്തേക്ക് പോയി.
ഉള്ളിൽ നിറയുന്ന ചിന്തകളിൽ വലഞ്ഞു കിച്ചു വീണ്ടും ബെഡിലേക്ക് കിടന്നു.
കാലം പ്രഹേളിക പോലെ ആണല്ലോ, ഒട്ടും പ്രതീക്ഷിക്കാത്തത് പലതും നമുക്കായി സമയത്തിന്റെ താളുകളിൽ കരുതി വെച്ചിട്ടുണ്ടാവും, നമ്മൾ ഇതൊന്നും അറിയാതെ കഴിഞ്ഞുപോയതിനെയോർത്തു ഇന്നിൽ ജീവിക്കുന്നു,…
അങ്ങനെ കഴിഞ്ഞുപോയതിനെയോർത്തു നീരജയും അമലയും കിച്ചുവും ജീവിക്കാൻ തുടങ്ങി രണ്ടു വർഷം കഴിഞ്ഞു.
ഇതിനിടയിൽ ഡിഗ്രി എഴുതിയെടുത്ത നീരജ മറ്റൊരു കോഴ്സ് എടുത്തു പഠിച്ചു ജോലിക്ക് വേണ്ടി ശ്രെമിക്കുന്നുണ്ടായിരുന്നു.
കിച്ചു ഡിഗ്രി അവസാന വർഷവും.
നാടുവിട്ടുപോയ കൃഷ്ണനെ ആദ്യം പോലീസും പിന്നെ പാർട്ടിക്കാരും കിണഞ്ഞു പിടിച്ചു തപ്പിയെങ്കിലും ഒരു പൊടിപോലും ബാക്കി വെക്കാതെ കൃഷ്ണൻ പോയിരുന്നു.
ജീവിതം ഒരു നേർരേഖ പോലെ അവർക്ക് മുന്നിൽ നീണ്ടു കിടന്നു.
പക്വത തന്നെ പുണർന്നപ്പോൾ കിച്ചു ജീവിതത്തെ പുണർന്നു തുടങ്ങി.
ഡിഗ്രിക്ക് ശേഷം എം ബി എ എടുക്കണം എന്ന തോന്നലിൽ പഠനത്തിന് പ്രാധാന്യം നൽകി.
അവരവരുടെ കാര്യങ്ങൾക്കായി എല്ലാവരും സമയത്തെ തന്നെ കൂട്ടു പിടിച്ചു വേഗത്തിൽ ഓടാൻ തുടങ്ങിയിരുന്നു.
രണ്ടു വർഷങ്ങൾക്കിപ്പുറമുള്ള ഒരു തണുത്ത വെളുപ്പിനാണ്,
ഉമ്മറത്ത് പരിചയമില്ലാത്ത ഒരാളെ കിച്ചു കണ്ടത്.
കാഷായം ധരിച്ച, താടിയും മുടിയും മുഖം മൂടിയ ഒരു മധ്യവയസ്‌കൻ,
ഒരു സ്വാമിയുടെ വേഷവിധാനത്തിൽ മുന്നിൽ നിന്ന ആളെ നോക്കി ആശങ്കയോടെ നിന്ന കിച്ചുവിനെ നോക്കി അയാളൊന്നു പുഞ്ചിരിച്ചു.
“കൃഷ്ണന്റെ വീടല്ലേ…?”
പതിഞ്ഞ സ്വരത്തിൽ പുഞ്ചിരി വിടാതെ അയാൾ ചോദിച്ചു.
രണ്ടു വര്ഷത്തിനിപ്പുറം ഏട്ടനെ പെട്ടെന്നോർമിച്ച കിച്ചുവിന്റെ മുഖം ഒന്നു മുറുകി.
“അതേ…ഏട്ടനെ അറിയോ….കേറി ഇരിക്ക്…”
യാഥാസ്ഥിതിയിലേക്ക് തിരികെ എത്തിയ കിച്ചു അതിഥേയനെ കോലായിലെ കസേരയിലേക്ക് ഇരുത്തി.
കസേരയിലെ കയ്യിൽ മുഷിഞ്ഞ നരച്ചു തുടങ്ങിയ തുണി സഞ്ചി തൂക്കി അയാൾ ചാഞ്ഞു ഇരുന്നു.
അകത്തു നിന്നു അമലയും നീരജയും പുറത്തേക്ക് എത്തിയപ്പോൾ ഉമ്മറത്ത് കസേരയിൽ ശുഷ്‌ക്കിച്ച
ഒരു കാഷായക്കോലം കണ്ടാണ് കിച്ചുവിനെ നോക്കിയത്.
ആരാ എന്നു അമലാമ്മ കണ്ണുകൊണ്ട് കിച്ചുവിനോട് ചോദിച്ചു.
“ഏട്ടനെ അറിയാം എന്നു തോന്നുന്നു…”
“നമസ്കാരം…ഞാൻ വാരണാസിയിൽ നിന്നു വരുവാ….നാട് കൊല്ലത്തായിരുന്നു, ഇപ്പൊ അവിടെ ആരും ഇല്ല…