*******************************
“എന്തായി മോനെ…എന്തേലും വിവരം ഉണ്ടോ….”
രാത്രി ഏറെ വൈകി എത്തിയ കിച്ചുവിനെ കാത്തു തന്നെ അമലയും നീരജയും ഇരുന്നിരുന്നു.
“വായനശാലയുടെ അവിടെ പാർട്ടിക്കാരുടെ എന്തോ ബോർഡ് വെക്കുന്നതും ആയി വാക്ക് തർക്കം ഉണ്ടായത…
മധ്യസ്ഥം നിക്കാൻ വന്ന ചന്ദ്രൻ മാഷുടെ തലയ ഏട്ടൻ തല്ലിപ്പൊട്ടിച്ചേ…
പോലീസ് കേസ് എടുത്തിട്ടുണ്ട് പോരാത്തതിന് പാർട്ടിക്കാരും ഇറങ്ങിയിട്ടുണ്ട്…”
“ഈശ്വര….എന്നിട്ട് അവൻ എവിടെയാടാ…”
“ഏട്ടനെ കുറിച്ചു വിവരം ഒന്നും ഇല്ല…
വധശ്രമത്തിനാ കേസ്, തല്ലിയ വഴിക്ക് ഓടി പോയെന്ന കേട്ടത്…”
“ഇനിയും എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്റെ ഭഗവാനെ…”
“പോരുന്ന വഴിക്ക് സുഭാഷേട്ടനെ കണ്ടു,
വീട്ടിലേക്ക് ആരും പ്രശ്നമുണ്ടാക്കാൻ വരില്ല പക്ഷെ ഏട്ടനെ ഇനി നോക്കണ്ടാന്നു പറഞ്ഞു.”
“നാശം…പിടിച്ചവൻ, എന്നും അവനെക്കുറിച്ചോർത്തു തീതിന്നാനാ എനിക്ക് യോഗം…
ഇപ്പൊ ഈ പാവം പെണ്ണിനും…
എന്നോട് പൊറുത്തേക്കണേ മോളെ ഇതുപോലൊരു യോഗം നിന്റെ തലയിൽ വെച്ചു തന്നതിന്.”
നീരജയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് അമലാമ്മ പറഞ്ഞു.
“കിച്ചു…..!!!!”
ആലോചനയിലാണ്ട് കിടന്നിരുന്ന കിച്ചു രാത്രി വൈകിയും ഉറങ്ങിയില്ലായിരുന്നു.
നീരജയുടെ വിളി കേട്ട പെട്ടെന്ന് അവനൊന്നു ഞെട്ടി.
“ഏട്ടൻ എന്തായിട്ടുണ്ടാവും…ഇനി അവര് വല്ലോം ചെയ്തിട്ടുണ്ടാവുവോ.. ”
വാതിൽ പടി കടന്നു നേര്യതിന്റെ തുമ്പ് ചുറ്റിപ്പിടിച്ചു.പേടിയോടെ വിറച്ചു ചോദിക്കുന്ന ഏട്ടത്തിയെ അവൻ നോക്കി നിന്നു.
കഴുത്തിലെ താലിയുടെ ആയുസ്സിനെ കുറിച്ചു എത്ര ദുഷ്ടൻ ആണെങ്കിലും പെണ്ണ് ഓർത്തിരിക്കും എന്നു കിച്ചുവിന് തോന്നി.
“ഏട്ടൻ നാട് വിട്ടതാവാനാ ചാൻസ്….അവരുടെ കയ്യിൽ പെട്ട് കാണാൻ ഒന്നും വഴിയില്ല….
പ്രശ്നങ്ങൾ ഒക്കെ ഒന്നു ഒതുങ്ങി കഴിയുമ്പോൾ വരുവായിരിക്കും…”
“ഉം….”
“അമ്മ…”
നീരജ വീണ്ടും ആലോചിച്ചു നിൽക്കുന്നത് കണ്ട കിച്ചു ചോദിച്ചു.
“കുറച്ചു മുന്നെയ ഉറങ്ങിയെ….”
“ഏട്ടത്തിക്കും ഉറങ്ങായിരുന്നില്ലേ…”
“എനിക്ക് പറ്റുന്നില്ലെടാ….കണ്ണടയ്ക്കാൻ വയ്യ….”
“ഏട്ടത്തി ശെരിക്കും ഏട്ടനെ സ്നേഹിച്ചിരുന്നോ….”
നീരജയുടെ കണ്ണുകൾ കൂർത്തു അവളുടെ നോട്ടത്തിൽ കിച്ചു തല താഴ്ത്തി പോയി.
“ഇത്രയും വേദനിപ്പിച്ചിട്ടും എങ്ങനെയാ ഒരാളെ സ്നേഹിക്കാൻ കഴിയ….”
അവളെ നോക്കാതെ കിച്ചു പറഞ്ഞൊപ്പിച്ചു.
“ന്റെ കഴുത്തിൽ താലി കെട്ടീത നിന്റെ ഏട്ടൻ…എത്ര ദ്രോഹിച്ചാലും നശിക്കാൻ ആഗ്രഹിക്കില്ല….”