ഇരുട്ട് പരന്ന മുറ്റത്ത് തൂങ്ങിക്കിടന്ന സീറോ ബൾബിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ നിന്നുകൊണ്ട് കോലായി കേറി വരുന്ന സുമയെ നോക്കി രണ്ടുപേരും നിന്നു.
“വല്ലതും അറിഞ്ഞോ അമലേ നീ….”
“എന്തറിഞ്ഞോന്നാ പറയാതെങ്ങനാ അറിയുന്നെ സുമേടത്തി…”
മുടി വാരി കെട്ടി അമലമ്മയ്ക്ക് പിറകെ നീരജയും ചെതുങ്ങി നിന്നു.
“കൃഷ്ണൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്നു പറേണ കേട്ടു…
വസുവേട്ടൻ ഇപ്പൊ വന്നു കേറിയെ ഉള്ളൂ…”
സുമ പറഞ്ഞത് കേട്ട അമലാമ്മ വിറച്ചു പോയിരുന്നു…
“ഈശ്വര….ഇവനെക്കൊണ്ട് ഞാൻ ഇനി എന്താ ചെയ്യേണ്ടേ…ഇതെന്തണ്ടായത്….
ഡാ….ഡാ….കിച്ചു….”
കസേരയിലേക്ക് ഇരുന്നു പോയ അമലാമ്മയെ പിടിച്ചു നീരജ കണ്ണു തുടച്ചു തല കുനിച്ചു നിന്നു.
ഇനിയും അനുഭവിക്കാൻ ബാക്കി കിടക്കുന്ന കയ്പുകൾ ഏറ്റെടുക്കാൻ എന്ന പോലെ.
“എന്താ….അമ്മേ….എന്ത് പറ്റി…”
നീരജയെ അഭിമുഖീകരിക്കാൻ മടി ഉണ്ടായിരുന്ന കിച്ചു പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു മുറിയിൽ തന്നെ ആയിരുന്നു.
“എടാ…കൊച്ചേ നിന്റെ ഏട്ടൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്ന്…..
ഇന്ന് വൈകിട്ട്…ഏട്ടൻ വന്നപ്പോൾ പറഞ്ഞതാ….”
“മോനു ഒന്നു പോയി അന്വേഷിക്കടാ….എത്ര കൊള്ളരുതാത്തവൻ ആയാലും നിന്റെ ഏട്ടൻ അല്ലെ….”
കണ്ണ് നിറച്ചു അമ്മ പറയുന്നത് കേട്ട കിച്ചു ഉടുപ്പ് മാറാനായി അകത്തേക്ക് നടന്നു, അപ്പോഴും തെറ്റെല്ലാം തന്റേതെന്നു ഏറ്റുകൊണ്ടെന്ന പോലെ നിന്ന നീരജയുടെ മുഖത്തേക്ക് അവൻ നോക്കിയില്ല.
“വന്നു കേറുന്ന പെണ്ണിന് ചൊണ ഇല്ലേൽ ഇങ്ങനെയ….കെട്ടുന്നേന് മുന്നേ അവന് ഇത്രേം പ്രശ്നം ഇല്ലായിരുന്നെന്നു തോന്നുന്നു…”
മിണ്ടാതെ എല്ലാം ഉള്ളിലടക്കി ഉരുകുന്ന നീരജയുടെ നേരെ സുമ വിഷം തുപ്പാൻ തുടങ്ങി.
“അവളെ പറയേണ്ട ഏട്ടത്തി…
അവനെക്കൊണ്ടു ഏറ്റവും കൂടുതൽ കണ്ണീരു കുടിച്ചത് എന്റെ കുട്ടിയ…”
നീരജയുടെ കയ്യിൽ തലോടി ശ്വാസം വലിച്ചുകൊണ്ട് അമല പറഞ്ഞതുകേട്ട നീരജ പൊട്ടിക്കരഞ്ഞുകൊണ്ട് അമലാമ്മയുടെ മടിയിലേക്ക് വീണു.
“ഏട്ടത്തി…ഏട്ടനോട് ഒന്നു പറയുവോ കിച്ചുവിൻറെ കൂടെ ഒന്നു പോകാൻ…”
കിച്ചു താഴേക്ക് എത്തിയപ്പോൾ അമലാമ്മ സുമയോട് ദയനീയമായി ചോദിച്ചു.
“ഒന്നും പറയേണ്ടെന്റെ അമലേ…അവന്റെ ഒരു കാര്യത്തിനും ഇനി എന്നെ വിളിച്ചേക്കരുതെന്നു പറഞ്ഞാ കേറി വന്നത് തന്നെ…”
കഷ്ടം വെച്ചു താടിയിൽ കൈ വെച്ചു ഇരുന്ന സുമയെ നോക്കി ഇനി ഒന്നും പ്രതീക്ഷിക്കണ്ട എന്നു മനസിലായ കിച്ചു ഇറങ്ങി പുറത്തേക്ക് നടന്നു.