അത് കണ്ട് നവീൻ ചിരിയോടെ കണ്ണുകൾ അടച്ചു. പല്ലവിയുടെ മുഖത്തും അപ്പോൾ ചിരി തെളിഞ്ഞു.
അവൾ ടോപ് മുകളിലേക്ക് ഉയർത്തി പാവാട ധരിച്ചു.
“ഇനി കണ്ണ് തുറന്നോ.”
കണ്ണ് തുറന്ന അവൻ പറഞ്ഞു.
“ഞാൻ കണ്ണ് നല്ലപോലെ അടച്ചില്ലായിരുന്നു കേട്ടോ.”
പുച്ഛത്തോടെ ആയിരുന്നു അവളുടെ മറുപടി.
“ആണോ, എന്നാ ഞാൻ അങ്ങ് സഹിച്ചു.”
പല്ലവി ഡോർ തുറന്ന് താഴേക്ക് നടന്നപ്പോൾ പിന്നാലെ നവീനും നടന്നു.
പടികൾ ഇറങ്ങി വരുന്ന അവരെ കണ്ട് സുലജ ചോദിച്ചു.
“നിന്റെ പിണക്കമൊക്കെ മാറിയോടി.. വൈകിട്ട് വന്നപ്പോൾ എന്തായിരുന്നു ദേഷ്യം.. എന്നിട്ട് ഇവൻ വന്ന് ഒന്ന് മിണ്ടിയപ്പോൾ എല്ലാം തീർന്നു.”
പല്ലവി ജാള്യതയോടെ ചിരിച്ചു.
ചിരിയോടുകൂടി സുലജ പറഞ്ഞു.
“നിങ്ങൾ ഇത്ര കൂട്ടായിരിക്കാനും ഒന്ന് പിണങ്ങിയാൽ തന്നെ പിണക്കം അധികം നീണ്ടു പോകാതിരിക്കാനും കാരണം എന്താന്ന് അറിയാമോ?”
രണ്ടു പേരും എന്താ എന്നാ അർഥത്തിൽ സുലജയുടെ മുഖത്തേക്ക് തന്നെ നോക്കി.
“നിങ്ങൾക്ക് രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഈഗോ ഇല്ല. തെറ്റ് ആരുടെ ഭാഗത്താണോ അവർ ക്ഷമ ചോദിയ്ക്കാൻ തയ്യാറാണ്.
അത് കേട്ട് രണ്ടുപേരുടെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.
തുടരും…