ഒരു നിമിഷത്തെ മനസിന്റെ തരിപ്പ് ഒന്ന് മാറിയപ്പോൾ അവൻ ഒന്നും മിണ്ടാതെ മൊബൈലും എടുത്ത് റൂമിന് വെളിയിലേക്ക് നടന്നു.
റൂമിൽ എത്തി ബെഡിലേക്ക് കിടക്കുമ്പോഴും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു നവീൻ. പല്ലവിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ആയിരുന്നു അത്. ഓർക്കുംതോറും മനസ്സിൽ വല്ലാത്ത വിങ്ങൽ കൂടി വരുന്നു.
പെട്ടെന്നാണ് അർജുന്റെ കാൾ വന്നത്. സംസാരിക്കാൻ അവന് തോന്നില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ബെഡിലേക്ക് ഇട്ട് കണ്ണുകൾ അടച്ച് കിടന്നു.
ഉറക്കം ഒന്നും വരുന്നില്ല. ചെയ്തത് തെറ്റായി പോയി എന്നൊരു തോന്നൽ മനസിനെ അലട്ടിക്കൊണ്ടേ ഇരുന്നു. എത്രയൊക്കെ കൂട്ട് ആണെന്ന് പറഞ്ഞാലും അവൾ ഒരു പെണ്ണ് തന്നല്ലേ.
പല്ലവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. മനസ് ആകെ അസ്വസ്ഥമായിരുന്നതിനാൽ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പറഞ്ഞ് പോയതാണ്. തന്നിൽ നിന്ന് അങ്ങനെ അവൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എന്ന് അവൾക്ക് തന്നെ അറിയാം.
അവൻ അറിഞ്ഞ് കൊണ്ട് പിടിച്ചതല്ലെന്നും അവൾക്ക് ഉറപ്പാണ്.
അവൻ ഒരുപാട് വിഷമിച്ചാണ് ഇറങ്ങി പോയതെന്ന ചിന്ത അവളെ അലട്ടികൊണ്ടേ ഇരുന്നു.
അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് അവനെ വിളിച്ചു. പക്ഷെ സ്വിച്ച് ഓഫ് ആണ്. അവനോടു സംസാരിക്കാതെ അവൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.
അവൾ പെട്ടെന്ന് തന്നെ പടികൾ ഇറങ്ങി താഴേക്ക് നടന്നു. ഹാളിൽ സുലജ ഇരിപ്പുണ്ടായിരുന്നു.
“പല്ലവി. അവനെന്താ വിഷമിച്ച് ഇറങ്ങി പോയെ.”
പല്ലവി എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം പതറി.
“ഞങ്ങൾ ഒന്ന് പിണങ്ങി. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.”
“കൊള്ളാം.. എന്നിട്ട് രണ്ടും വിഷമിച്ച് ഇരിക്കുന്നു.”