“പല്ലവി .. നീ ഇത് എവിടെ പോകുവാ?”
നവീന്റെ വിളി കേട്ട് അവൾ തിരിഞ്ഞ് നിന്നു.
അവൻ അടുത്ത് എത്തിയതും അവൾ തന്റെ മുഖം അവന്റെ മുഖത്തേക്ക് അടുപ്പിച്ച് മണപ്പിച്ച് കൊണ്ട് ചോദിച്ചു.
“നീ കുടിച്ചിട്ടുണ്ടോ?”
അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ ഒരു നിമിഷം ഒന്ന് പതറി.
മാച്ച് ഒക്കെ കഴിഞ്ഞ് വൈകുന്നേരം ആകുമ്പോഴേക്കും സ്മെൽ ഒക്കെ പോകും. പല്ലവി പിന്നെ അറിയില്ല എന്നായിരുന്നു അവന്റെ കണക്ക് കൂട്ടൽ.
“ഡി.. അവന്മാർ നിർബന്ധിച്ചപ്പോൾ രണ്ട് പെഗ്, അത്രേ ഉള്ളു.”
“നീ കൂടുതൽ ഒന്നും എന്നോട് പറയണമെന്നില്ല.”
അവളുടെ സ്വരത്തിൽ ദേഷ്യം നുരഞ്ഞ് പൊങ്ങിയിരുന്നു. അവൾ നടന്ന് തുടങ്ങി.
“പല്ലവി. സോറി..”
അവൾ എടുത്തടിച്ചപോലെ പറഞ്ഞു.
“മേലിൽ എന്നോട് നീ മിണ്ടിപ്പോകരുത്.”
ഇനിയും സംസാരിച്ചാൽ പല്ലവി ബഹളം ഉണ്ടാക്കും. ആകെ നാറുമെന്ന് നവീന് മനസിലായി. അവൻ അവളുടെ പിന്നാലെ തന്നെ ബസ് സ്റ്റാന്റുവരെ നടന്നു. ബസ് കാത്ത് നിൽക്കുമ്പോഴും അവൻ അവളെ തന്നെ ചുറ്റിപ്പറ്റി നിന്നെങ്കിലും പല്ലവി അവന്റെ മുഖത്തേക്ക് നോക്കിയതേ ഇല്ല.
അവൾ ബസിൽ കയറി പോകുമ്പോഴെങ്കിലും തന്നെ ഒന്ന് തിരിഞ്ഞ് നോക്കുമെന്ന് അവൻ പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷയും പല്ലവി ഇല്ലാതാക്കിളഞ്ഞു.
പല്ലവി ബസിൽ കയറി പോയ ശേഷം നവീൻ നിരാശയോടെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.
നവീൻ അടുത്ത് വന്നിരുന്നപ്പോൾ സന്ദീപ് ചോദിച്ചു.
“എന്ത് പറ്റി അളിയാ..”
“വെള്ളമടിച്ചത് പല്ലവി പൊക്കി, അവൾ പിണങ്ങി വീട്ടിൽ പോയി.”
പൊട്ടിച്ചിരിച്ച് കൊണ്ട് സന്ദീവ് ചോദിച്ചു.
“നീ എന്തിനാടാ അവളെ ഇങ്ങനെ പേടിക്കുന്നെ?.. ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുവാണ്.. കുപ്പി എടുക്കുന്ന കാര്യം അവൾ അറിയാതെ നോക്കുന്നു.. കുടിച്ചിട്ട് അവൾ അറിയാതിരിക്കാൻ മാറി ഇരിക്കുന്നു. എന്നിട്ട് അവസാനം അവൾ പോകുകയും ചെയ്തു.”
“അതെ.. എനിക്കവളെ പേടി തന്നെയാണ്.. എനിക്ക് ഒരു കാര്യം ഇഷ്ട്ടം അല്ല എന്ന് പറഞ്ഞാൽ അവൾ അത് ഒരിക്കലും ചെയ്യില്ല. അപ്പോൾ തിരിച്ചും ഞാൻ അങ്ങനെ തന്നെ ആയിരിക്കണമെന്ന് അവളും ആഗ്രഹിക്കില്ലേ?, അപ്പോൾ അവളുടെ ആ വിശ്വാസം കാത്ത് സൂക്ഷിക്കാൻ കഴിയാതിരുന്നത് ഞാൻ പേടിക്കുക തന്നെ വേണം. സ്നേഹം കൊണ്ടുള്ള പേടി ആണ് ഇത്.. അത് പറഞ്ഞാൽ നിനക്ക് മനസിലാകില്ല.”
സന്ദീപ് പിന്നെ ഒന്നും മിണ്ടിയില്ല.
സുലജ പത്രവും നോക്കി ഇരിക്കുമ്പോൾ ആണ് പല്ലവി വീട്ടിലേക്ക് കയറി ചെന്നത്.
“നീ ബസിലാണോ വന്നത്. ബൈക്കിന്റെ ശബ്ദം കേട്ടില്ലല്ലോ.”
“ആഹ്..”
“അതെന്തു പറ്റി, അവൻ എവിടെ?”
പല്ലവി ഈർഷ്യത്തോടെ പറഞ്ഞു.
“അവൻ ഇവിടെ എന്ന് എനിക്ക് എങ്ങനെ അറിയാം.”
രണ്ടുപേരും കൂടി പിണങ്ങി എന്ന് സുലജയ്ക്ക് മനസിലായി.