ഇത് കേട്ട നവീൻ പറഞ്ഞു.
“അയ്യടി.. നെക്സ്റ്റ് ഇയർ ഏതേലും ഫ്രഷേഴ്സിനെ ഞാൻ സെറ്റ് ചെയ്യാൻ ഇരിക്കയാ.. അപ്പോഴാ അവളുടെ കമ്മിറ്റഡ്.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“അത് നെക്സ്റ്റ് ഇയർ അല്ലെ, അപ്പോൾ നമുക്ക് ബ്രേക്ക് അപ്പ് ആകാം.”
അവളുടെ മറുപടി കേട്ട് ചിരിച്ച് കൊണ്ട് നവീൻ ദൂരേക്ക് നോക്കി അമലിനോട് ചോദിച്ചു.
“എന്താടാ അവിടെ ഒരു ആൾകൂട്ടം?”
“അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ?”
നവീൻ അമലിന്റെ മുഖത്തേക്ക് തന്നെ നോക്കി എന്താ എന്ന ഭാവത്തിൽ.
“ഹരിയേട്ടനെ കെ എസ് യു ക്കാർ ഇന്നലെ രാത്രി അടിച്ചു. ഇന്ന് അതിന്റെ സമരമാണ്.”
നവീൻ പല്ലവിയുടെ മുഖത്ത് നോക്കി പറഞ്ഞു.
“ബെസ്റ്റ്.. ബൈക്കുമായി ആദ്യം കോളേജിൽ വന്ന ദിവസം തന്നെ സമരം.”
അമൽ പറഞ്ഞു.
“സമരം കഴിഞ്ഞ് നീ വീട്ടിൽ പൊയ്ക്കളയല്ലേ. ഉച്ചക്ക് നമ്മുടെ പയ്യന്മാർ സീനിയേഴ്സിനെ ക്രിക്കറ്റ് മാച്ചിന് വിളിച്ചിട്ടുണ്ട്. സപ്പോർട്ടിന് നമ്മൾ അവിടെ വേണം.”
നവീൻ പല്ലവിയോട് ചോദിച്ചു.
“ഉച്ചയ്ക്ക് കളി കണ്ടിട്ട് വീട്ടിൽ പോയാൽ പോരെ നിനക്ക്.”
വീട്ടിൽ പോയിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ അവൾ സമ്മതം എന്ന രീതിയിൽ തലയാട്ടി.
“അപ്പോൾ നീ അങ്ങോട്ട് വാ, നമുക്ക് സമരം വിളിക്കാൻ ആളെ കൂട്ടേണ്ടതാ..”
അമൽ അതും പറഞ്ഞ് അവിടെ നിന്നും നടന്ന് പോയി. പല്ലവിയുടേത് ബാഗും കൊടുത്ത് നവീനും അവന്റെ പിന്നാലെ നടന്നു.
ക്ലാസ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ സമരവും തുടങ്ങി. വളരെ വൈകാതെ തന്നെ കോളേജും വിട്ടു. എങ്കിലും നവീന്റെ ക്ലാസ്സിലെ പകുതി പേരും ക്രിക്കറ്റ് മാച്ച് ഉള്ളതിനാൽ കോളേജ് പരിസരങ്ങളിൽ തന്നെ ഉണ്ടായിരുന്നു.
പല്ലവി കൂട്ടുകാരികളും ആയി സംസാരിച്ച് നിൽക്കുമ്പോൾ ആണ് കുറച്ചകലെ വരാന്തയിൽ നവീനും അർച്ചനയും കൂടി സംസാരിച്ച് നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.
അത് കണ്ടപ്പോൾ തന്നെ പല്ലവിക്ക് എന്തെന്നില്ലാത്ത ഒരു ഇറിറ്റേഷൻ മനസ്സിൽ പൊന്തി വന്നു.
കൂട്ടുകാരികളോട് ഇപ്പോൾ വരാം എന്നും പറഞ്ഞ് അവൾ പതുക്കെ നവീന്റെ അടുത്തേക്ക് നടന്നു.
നവീനും അർച്ചനയും സംസാരിക്കുന്നത് കേൾക്കാമെന്ന ഒരു അകലത്തിൽ എത്തിയപ്പോൾ അവൾ തൂണിന്റെ സൈഡിലേക്ക് മാറി നിന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു.
“എന്നാലും ബുള്ളറ്റ് എടുക്കുന്ന കാര്യം ചേട്ടൻ എന്താ എന്നോട് പറയാതിരുന്നത്?”
“ഞാൻ പല്ലവിയോട് പോലും പറഞ്ഞില്ലായിരുന്നു. എല്ലാർക്കും ഒരു സർപ്രൈസ് ആയി വച്ചതാ.”
ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ അർച്ചന പറഞ്ഞു.
“ഓഹ്.. എന്ത് പറഞ്ഞാലും ഒരു പല്ലവി.. ഞാൻ എന്റടുത്ത് പറയാഞ്ഞത് എന്താന്നാ ചോദിച്ചേ. അല്ലാതെ മറ്റാരുടെയും കാര്യം അല്ല.”
നവീൻ ചിരിയോടെ ചോദിച്ചു.
“ഞാൻ പല്ലവിയുടെ കാര്യം പറയുമ്പോൾ നിനക്ക് എന്താ ഇഷ്ട്ടപെടാത്തെ?”
അതിനു മറുപടി പറയാതെ അവൾ വീണ്ടും ചോദിച്ചു.
“ഇന്നലെ വൈകിട്ട് ഞാൻ മെസ്സേജ് അയച്ചിട്ട് എന്താ മറുപടി ഒന്നും തരാഞ്ഞത്?”
അവൻ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.