ഇത് കേട്ട് വളവ് തിരിക്കുന്നതിനിടയിൽ നവീൻ പൊട്ടിച്ചിരിച്ചു.
“എന്താടാ ചിരിക്കുന്നെ?”
“ക്ലാസ്സിലെ മുൻബെഞ്ചിൽ ആരുടേയും മുഖത്ത് പോലും നോക്കാതെ ഏതു സമയവും ബുക്കും വായിച്ചിരുന്നിരുന്ന ഒരു പഴയ പല്ലവിയെ ഞാൻ ഓർത്തുപോയതാണ്.”
അവന്റെ വയറിൽ നഖം അമർത്തികൊണ്ട് അവൾ ചോദിച്ചു.
“എന്തെ ഞാൻ ആ പഴയ പല്ലവി ആകണോ?”
“ഏയ്, വേണ്ട.. എനിക്ക് ആ പല്ലവിയെ ഇഷ്ടമേ അല്ലായിരുന്നു.”
“അപ്പോൾ നിന്റെ തോന്നിവാസത്തിനൊക്കെ കൂട്ട് നിൽക്കുന്ന ഈ പല്ലവിയെ ആണോ നിനക്ക് ഇഷ്ട്ടം?”
“അതേല്ലോ.. ഈ പല്ലവി അല്ലെ സൂപ്പർ.”
സംസാരിച്ച് സംസരിച്ച് അവർ വർക്കല ക്ഷേത്രത്തിൽ എത്തി.
ബൈക്കിൽ നിന്നും ഇറങ്ങിയ അവർ ആദ്യം ക്ഷേത്ര കുളത്തിൽ പോയി കാലു നനച്ചു. എന്നിട്ട് അമ്പലത്തിലേക്കുള്ള പടികൾ കയറി തുടങ്ങി. ഒരു കൈ കൊണ്ട് പാവാട പൊക്കി പിടിച്ച് പതുക്കെയാണ് പല്ലവി പടികൾ കയറി കൊണ്ടിരുന്നത്. പെട്ടെന്നാണ് കതിന പൊട്ടിച്ചത്. പ്രതീക്ഷിക്കാതെ ആയതിനാൽ പല്ലവി ഞെട്ടിപ്പോയി. അവൾ പെട്ടെന്ന് തന്നെ നവീന്റെ കൈയിൽ ചുറ്റി പിടിച്ചു.
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
“പേടിച്ച് പോയോ?”
അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി. അവളുടെ മുഖത്ത് നിന്ന് തന്നെ അവന് അറിയാമായിരുന്നു അവൾ നല്ലപോലെ പേടിച്ചെന്ന്.
അവൻ പല്ലവിയുടെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു.
“വാ.. നടക്ക്.”
ഒരു കൈ നവീന്റെ വിരലുകളിൽ മുറുക്കിയും മറുകൈ കൊണ്ട് പാവാട ഉയർത്തിയും അവൾ നടന്നു തുടങ്ങി.
പടികൾ കയറി മുകളിൽ എത്തിയപ്പോൾ കുറച്ച് തിരക്ക് ഉണ്ടെങ്കിലും മനസിന് സമാധാനം നൽകുന്ന ഒരു അന്തരീക്ഷം ആയിരുന്നു അവിടെ.
നവീനും പല്ലവിയും കുറച്ച് സമയം എടുത്ത് തന്നെ എല്ലായിടത്തും തൊഴുതിറങ്ങി.
തിരികെ ബൈക്കിനു അരികിൽ എത്തിയപ്പോൾ ആണ് പല്ലവിയുടെ അടുത്ത ആവിശ്യം.
“എന്തായാലും നമ്മൾ ഇവിടം വരെ വന്നില്ലേടാ. നമുക്ക് ബീച്ചിൽ കൂടി പോയാല്ലോ?”
നവീൻ വാച്ചിൽ നോക്കികൊണ്ട് പറഞ്ഞു.
“വീട് എത്തുമ്പോൾ ലേറ്റ് ആകില്ലേ?”
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“അത് കുഴപ്പമില്ല. അമ്മയോട് ഞാൻ പറഞ്ഞോളം.. പ്ളീസ് ഡാ.”
അവന് അവളുടെ ആവിശ്യം നിരസിക്കാൻ കഴിഞ്ഞില്ല.
“കിടന്ന് ചിണുങ്ങണ്ട. പോകാം.”
പല്ലവി നിറഞ്ഞ ചിരിയോടെ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.