കുറച്ചു ദിവസങ്ങൾക്കു ശേഷം എനിക്ക് കടയിലേക്ക് ഒരു കോള് വന്നു, അത് നമ്മുടെ നാട്ടിലെ ഒരു ഭൂമി ഇടപാട് കാരന്റെ ആയിരുന്നു, അയാളുടെ കയ്യിൽ ഒരു അഞ്ചേക്കർ സ്ഥലം വന്നു പെട്ടിട്ടുണ്ടെന്നും വില്പനക്കാർക് കാശിനു വളരെ അത്യാവശ്യം ഉള്ളതിനാൽ റൊക്കം കാശു കൊടുത്തു വാങ്ങുകയാണെങ്കിൽ ആ സ്ഥലം വളരെ ചെറിയ വിലയ്ക്കു കൈക്കലാക്കാൻ സാധിക്കുമെന്നായിരുന്നു ആ ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം!!
ഞാൻ എന്തായാലും കടയിൽ ചടച്ചു ഇരിക്കയായിരുന്നു എന്തായാലും സ്ഥലം ഒന്നും കണ്ടു കളയാം എന്ന് ഞാൻ വിചാരിച്ചു, ഒപ്പം ഒരു കറക്കവുമായാൽ മനസ്സിന് കുറച്ചു ഉന്മേഷവും കിട്ടും.
പക്ഷെ അയാൾക്കു ഇന്ന് മറ്റെന്തോ തിരക്കുള്ളതിനാൽ എന്റൊപ്പം വരാൻ സാധിച്ചില്ല പകരം അയാൾ ആ സ്ഥലത്തിന്റെ അഡ്രെസ്സ് എനിക്ക് പറഞ്ഞു തന്നു.
അത് എനിക്ക് അറിയാവുന്ന സ്ഥലമായിരുന്നു, നമ്മുടെ പഴേ അയ്യപ്പൻ കോവലിന്റെ പിറകിലായി ഒരു ചെറിയ പുഴയുണ്ട്, ആ പുഴയുടെ മറുവശത്താണ് അയാൾ പറഞ്ഞ ആ സ്ഥലം.
ഞാൻ വർഷങ്ങൾക്കു മുമ്പാണ് ഇവിടെ വന്നിട്ടുണ്ടായിരുന്നത്, ആ സമയത്തൊക്കെ ഈ കോവിലിൽ പൂജയും വഴിപാടുമൊക്കെ നടക്കാറുണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാൻ അവിടെ എത്തിയപ്പോൾ കോവിലോക്കെ ആകെ പഴകി പൊളിഞ്ഞു വീഴാറായ അവസ്ഥയിൽ ആയിരുന്നു, അതുപോലെ അതിന്റെ ഓരം ചേർന്നു ഒഴുകിക്കൊണ്ടിരുന്നു പുഴയൊക്കെ വറ്റി ഇപ്പോൾ അതൊരു തോട് കണക്കെ രൂപാന്തരപ്പെട്ടിരുന്നു, കൂടാതെ ആ പരിസരത്തു അങ്ങിങ്ങായി വലിച്ചെറിയപ്പെട്ട മദ്യക്കുപ്പികളും, നിരോദിന്റെ പാക്കറ്റുകളും കണ്ടപ്പോൾ ഇവിടെ ഇപ്പോൾ ചെറുപ്പക്കാരുടെ അനാശ്യാസ കേന്ദ്രമാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
എന്തായാലും വന്ന സ്ഥിതിക്ക് ഞാൻ ആ സ്ഥലം ഒന്നും ചുറ്റിക്കണ്ടു , ആകെ വരണ്ടുണങ്ങിയ മണ്ണ്, ഒരു കൃഷിയിറക്കാനും പറ്റില്ല, പിന്നെ ഒരു മനുഷ്യ ജീവിയെ പോലും ചുറ്റുപാട് എങ്ങും കാണാനുമില്ല, ഇങ്ങനെയൊരു സ്ഥലം വാങ്ങിയിട്ടെന്തിനാ എന്ന് ഓർത്തു കൊണ്ട് ഞാൻ തിരിച്ചു പോരാൻ ആരംഭിച്ചു.
തിരിച്ചു നടക്കവേ ആണ് ആ കോവലിന്റെ മതിലിൽ ആരൊക്കെയോ എന്തൊക്കെയോ കുത്തി കുറിച്ചത് എൻ്റെ ശ്രദ്ധയിൽ പെട്ടത്, എന്തോ ഒരു കൗതുകത്തിന്റെ പുറത്തു അതെന്താണെന്നു അറിയുവാൻ ഞാൻ ആ മതിലിന്റെ ഓരം ചേർന്നു നടന്നു.