“ഞാൻ പൊയ്ക്കോട്ടേ സാർ .എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി ” അവളുടെ ശബ്ദത്തിൽ ചെറുതായി വിറയുണ്ടായിരുന്നു. “എന്തുപറ്റി ,എന്നെ പേടിയുണ്ടോ രാധികയ്ക്ക് ” അവൾ അയാളുടെ മുഖത്തേക്ക് നോക്കി .പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു
“ഇല്ല സാർ ,ഡ്യൂട്ടി ഉണ്ട് .അതുകൊണ്ടാണ് ”
അയാൾ ബെഡിൽ ഇരുന്നു .അവയുടെ കൈകളിൽ പിടിച്ചുകൊണ്ട് ബെഡിൽ ഇരുത്തിയ ശേഷം തുടർന്നു.
“ഇന്നൊരു ദിവസം അവധിയെടുത്തുകൊണ്ട് എന്റെ കൂടെ ഇവിടെ ഇരിക്കാമോ .ഇന്നത്തെ ശമ്പളം ഞാൻ തരാം .വേറൊന്നുമല്ല എനിക്ക് കുറച്ചു സമയം കണ്ണടച്ച് കിടക്കണം .അരികിൽ ഒരാൾ ഉണർന്നിരിക്കുകയും വേണം .”
അവൾക്ക് ശരീരമാകെ വിറയൽ വരുന്നതുപോലെ തോന്നി .നാല്പതുകളിലും ശരീരത്തിന് പറയാനാവാത്ത എന്തോ അനുഭൂതി വരുന്നതായി രാധികയ്ക്ക് തോന്നി .ഈ മൂന്നു വർഷത്തെ ഹോട്ടൽ ജീവിതത്തിൽ ഒളിഞ്ഞും തെളിഞ്ഞും എത്രയോ ആളുകൾ ലൈംഗികമായി ഉദ്ദേശത്തോടെ സമീപിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം അവൾ നിസ്സാരമായി തരണം ചെയ്തിരുന്നു .പക്ഷെ ഇയാൾ ..ഇയാളുടെ ഉദ്ദേശം എന്താണെന്ന് ഇപ്പോഴും വ്യക്തമാകുന്നില്ല .നിരസിക്കാനാവാത്ത എന്തോ ഒന്ന് ഇയാളുടെ ചോദ്യത്തിൽ രാധികയെ പൊതിഞ്ഞു നിന്നിരുന്നു .
“ഇല്ല സാർ .ഡ്യൂട്ടിയിൽ ഇന്ന് ഞാൻ മാത്രമേ ഉള്ളൂ ..അതുകൊണ്ട് പോകണം ക്ഷമിക്കണം ”
അയാൾ അവളുടെ മുടിയിഴകളിൽ വീണ്ടും തലോടിക്കൊണ്ട് പറഞ്ഞു .
“ശെരി .പൊയ്ക്കോളൂ .. ആ കൈകൾ കഴുകാൻ മറക്കരുത് . കുറെ ദൂരം യാത്ര കഴിഞ്ഞു വരികയാണ് .എന്റെ ശരീരത്തിൽ അഴുക്കുണ്ടാകും .അത് നിങ്ങളുടെ കൈകളിൽ പുരണ്ടുകാണും ”
അവൾക്കെന്തോ നിരാശ തോന്നി . നിങ്ങൾ എന്ന വിളിയിലൂടെ അയാൾ തന്നോടുള്ള ദൂരം വല്ലാതെ കൂട്ടിയതുപോലെ.അവൾ എഴുന്നേറ്റു .
മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അയാൾ അവളോട് പറഞ്ഞു
“ഞാൻ ചിലപ്പോൾ ഉറങ്ങിയേക്കും .രണ്ടുമണിക്കൂർ കഴിഞ്ഞാൽ വിരോധമില്ലെങ്കിൽ ഒന്ന് വിളിച്ചുണർത്താമോ .ഈ ലാൻഡ് ലൈനിൽ വിളിച്ചാൽ മതി .പ്ളീസ് ”
“തീർച്ചയായും സാർ”
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
കോറിഡോറിലൂടെ നടന്നകലുമ്പോൾ അലക്സ് എന്ന അറുപതുകാരൻ തന്നെനോക്കി ആ വാതിൽക്കൽ നിൽക്കുന്നുണ്ടാവുമെന്ന് അവൾ പ്രത്യാശിച്ചു . പക്ഷെ തിരിഞ്ഞുനോക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല .