“ന്നാ അടച്ചിട്ട് വാ….!!” ഞാൻ ഒച്ചവെച്ചു…
“അവസാനം അന്ന് ഗോവയിൽ കണ്ട പാണ്ട് പിടിച്ച ഹിപ്പി ചെക്കനെ പോലെ എങ്ങാനും ആണേൽ മോളെ നിന്നെ ടെൻടിലിട്ട് കത്തിക്കും ഞാൻ… ബാക്കിയുള്ളോന്റെ ഉറക്കവും പോയി…!!” അർച്ചന എന്തൊക്കെയോ പിറുപിറുത്തു….
ഞാൻ അവളുടെ കൈപിടിച്ച് ഓടി മുകളിൽ എൻട്രൻസ് ഏരിയയിൽ ചെന്നു…. അവിടെ ട്രക്കിങ്ങിന് പോവാൻ എല്ലാവരും വന്നുകൊണ്ടിരിക്കുകയായിരുന്നു… ഒരുപാട് ആളുകളുണ്ട്…. അതിനിടയിൽ ഞാനാ മുഖം തിരഞ്ഞുകൊണ്ടിരുന്നു…. പക്ഷെ കണ്ടില്ല….
“എവിടെ….?? കിട്ടിയാ..??” ഇതിനിടയിൽ അവിടെ ഒരുക്കിയ ചായ രണ്ട് ഗ്ലാസ്സ് എടുത്തുകൊണ്ടുവന്ന് ഒരെണ്ണം എനിക്ക് തന്നുകൊണ്ട് അർച്ചന ചോദിച്ചു….
ഇല്ലെന്ന് ഞാൻ തലയാട്ടി….
“മോളെ മരുഭൂമിയിലെ യാത്രയാവുമ്പോ ഇടക്ക് ഒരു മരുപ്പച്ച ഒക്കെ സ്വപ്നം കാണാം കുഴപ്പമില്ല…. പക്ഷെ ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കരുത്… നിനക്ക് ഓരോന്ന് തോന്നിയതാ…. ചുമ്മാ….!!” അവൾ എന്നോട് പറഞ്ഞു….
“ഹലോ….. ഇവിടെ ശ്രദ്ധിക്കണേ…. ഹലോ… എല്ലാരും….. ഇവിടെ….!!” ക്യാമ്പിൽ ഉള്ള ഒരാൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്….
പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല…. ചിലർ വരുന്നതേയുള്ളു… ചിലർ ചായ കുടിക്കുന്നു… ചിലർ പാർക്ക് ചെയ്ത അവരുടെ വണ്ടികളിൽ നിന്ന് സാധനങ്ങൾ എടുക്കുന്നു…. ഞങ്ങളാണേൽ അയാളെ അന്വേഷിക്കുന്നു…അങ്ങനെ അങ്ങനെ ആരും അയാളെ ശ്രദ്ധിക്കുന്നില്ല….
“എയ്……!!” പെട്ടന്ന് മുന്നിൽ നിന്ന് മുഴക്കമുള്ള ഒരു ശബ്ദം കേട്ടു…. ഉച്ചത്തിലുള്ള ശബ്ദം… പിന്നാലെ വലിയ ശബ്ദത്തിലുള്ള ഒരു കയ്യടിയും… എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് മാത്രമായി…..
“എല്ലാവരും ഒരു മിനിറ്റ് ഇവിടെ ശ്രദ്ധിക്കണേ പ്ലീസ്…. നമുക്ക് സമയം അധികം കളയാനില്ല…!!” വീണ്ടും പൌരുഷം നിറഞ്ഞു നിൽക്കുന്ന ആ ശബ്ദം അവിടെ മുഴങ്ങി…. എല്ലാവരും അവിടെ മാത്രം ശ്രദ്ധിച്ചു….
അത് അയാളായിരുന്നു…. മുൻപ് കണ്ട ആ ചുള്ളൻ പയ്യൻ…. ഒരു ചെറുചിരിയോടെ എല്ലാവരെയും നോക്കി അയാൾ മുൻപ് സംസാരിച്ച ആളോട് തുടങ്ങിക്കോളാൻ ആഗ്യം കാട്ടി….. അയാൾ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി….
“ആരാടി അത്….??” ഒരു വശത്ത് കൈകെട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്ന ആ സുന്ദരനെ അന്തംവിട്ട് നോക്കിക്കൊണ്ട് അർച്ചന ചോദിച്ചു…
“ഇതാണ് ഞാൻ പറഞ്ഞ ചുള്ളൻ…!!” ഞാൻ എന്തിനെന്നറിയാതെ അഭിമാനിച്ചുകൊണ്ട് അവളോട് പറഞ്ഞു…