വിലക്കപ്പെട്ട പ്രണയം
Vilakkappetta Pranayam | Author : Appu
മുൻപിലെ ദർപ്പണത്തിൽ കാണുന്ന എന്റെ പ്രതിബിംബത്തിലേക്ക് ഞാൻ മിഴി ചിമ്മാതെ നോക്കി. നെറുകയിൽ പടർന്നു തുടങ്ങിയ സിന്ദൂരവും നെഞ്ചോടൊട്ടി കിടക്കുന്ന താലിയും പറയാതെ പറയുന്നുണ്ടായിരുന്നു ഞാൻ ഇന്ന് ഒരു ഭാര്യയായിരിക്കുന്നുവെന്ന്. എന്തോ അംഗീകരിക്കാൻ പറ്റുന്നില്ല ഈ യാഥാർത്ഥ്യത്തെ..
ഒരാളുടെ ഹൃദയം പേറി മറ്റൊരാളുടെ കൂടെ ഉള്ള ജീവിതം ഓർക്കുവാൻ പറ്റുന്നില്ല.. ദേഷ്യം തോന്നുന്നു..
വെറുപ്പും ആരോടൊക്കെയോ.. എന്തിനോടൊക്കെയോ.. മടുപ്പ് തോന്നുന്നു ഈ ജീവിതത്തോട്. ഇങ്ങനെ ഉരുകിതീരാൻ ആയിരുന്നു എങ്കിൽ ഈ ജീവൻ വേണ്ടിയിരുന്നില്ല..
എന്നോ കൊടുത്ത വാക്കിന്റെ പുറത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്തത്. ഒരുപാട് പ്രതീക്ഷകളോടെ ആവും മനുവേട്ടൻ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് ..
പക്ഷെ എനിക്ക് അദ്ദേഹത്തെ സ്നേഹിക്കാൻ കഴിയുമോ? യമുനയിലെ ഓളങ്ങൾ പോലെ ഒരുവൻ ഹൃദയത്തിൽ വസിക്കുമ്പോൾ മറ്റൊരുവൻ എങ്ങനെ കവരും ഈ ഹൃത്തടം . മനുവേട്ടനെ സ്നേഹിക്കാൻ പറ്റാതെ വീർപ്പുമുട്ടുന്ന ഹൃദയവുമായി എത്ര നാൾ ഇങ്ങനെ അഭിനയിച്ചു സ്വന്തം അസ്തിത്വം ഇല്ലാതെ ആക്കി ജീവിക്കും .
മനുവേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷെ എത്ര നാൾ ആ സ്നേഹം കണ്ടില്ല നടിക്കും .. അദ്ദേഹത്തിന് ഒരു നല്ല ഭാര്യയാവാൻ എനിക്ക് ഒരിക്കലും കഴിയില്ല.. എന്നെ ഈ സമസ്യയിലേക്ക് തള്ളിവിട്ട വിധി എന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്നുണ്ടാവും ഇപ്പോൾ .
ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ് ഒരുപാട് സ്വപ്നത്തോടെ ആവും ആ മനുഷ്യൻ ഈ റൂമിലേക്ക് വന്നത്..
പക്ഷെ എന്റെ പ്രവർത്തി മനുവേട്ടനെ വേദനിപ്പിച്ചിട്ടുണ്ടാവാം. എന്നെ ഉൾക്കൊള്ളാൻ നിനക്ക് ആവശ്യം ഉള്ള സമയം എടുത്തോ എന്നു പറഞ്ഞതിന്റെ അർത്ഥം ഞാൻ എന്നെങ്കിലും ആളെ സ്നേഹിക്കുമെന്ന് കരുതിയാവില്ലേ.
ഇത് എന്തൊരു പരീക്ഷണമാണ്. മനസ് അസ്വസ്ഥതയുടെ ഗർത്തത്തിൽ പെട്ടു ഉഴറുകയാണ്..ചിന്തകൾ കടിഞ്ഞാൺ പൊട്ടിച്ചു യാത്രചെയ്തുകൊണ്ടിരുന്ന ഏതോ യാമത്തിൽ ഞാൻ നിദ്രയെ പുൽകി..
ദിവസങ്ങൾ മാറി മാറിയുന്നതിനൊപ്പം ഞങ്ങൾക്കിടയിലെ ദൂരവും കൂടി വന്നു.
ഒരു കൂരക്കുള്ളിൽ നിത്യവും കാണുന്ന പരിചിതർ എന്നാൽ അപരിചിതർ ആയി ഞങ്ങൾ മുൻപോട്ടു പോയി. പുറമെ നിന്നുനോക്കുമ്പോൾ എല്ലാവരുടെയും കണ്ണിൽ ഞാൻ ഭാഗ്യവതിയാണ് , സന്തോഷവതിയാണ്. വിദ്യാഭ്യാസം ജോലി നല്ല കുടുംബം ഭർത്താവ്.. പക്ഷെ ആരും മനസ്സിൽ ആക്കുന്നില്ല എന്നിലെ ഇപ്പോളും അലയടിക്കുന്ന കടലിനെ.. മെഴുകുതിരിപോലെ ഉരുകി തീരുന്ന ഈ കാട്ടുപൂവിനെ..
ബന്ധങ്ങൾ എല്ലാം കാറ്റിൽ പറത്തി എങ്ങോട്ടെങ്കിലും ഒളിച്ചോടാൻ തോന്നുന്നു. പക്ഷെ എനിക്ക് എങ്ങനെ ഒളിച്ചോടാൻ ആവും എല്ലാഭാഗത്തുനിന്നും ബന്ധിക്കപ്പെട്ടിരിക്കുകയല്ലേ.. എന്തായിരുന്നു ഞാൻ ചെയ്ത തെറ്റ് ഒരാളെ സ്നേഹിച്ചതോ? എന്റെ പ്രണയം മറ്റുള്ളവരുടെ കണ്ണിൽ തെറ്റായിരുന്നിരിക്കാം പക്ഷെ എനിയ്ക്കതായിരുന്നു ശരി. എന്റെ സന്തോഷവും സമാധാനവും അദ്ദേഹത്തിൽ ആയിരുന്നു..