നമുക്കിടയിലെ പ്രണയത്തിൻറെ അനന്തരഫലമായി ഒരു വർഷം തികയുമ്പോയേക്കും ഞങ്ങൾക്കു ഒരു പെൺകുട്ടി ജനിച്ചു,അപ്പോഴും സാമ്പത്തികം ഒരു പ്രശ്നമായിരുന്നെങ്കിലും, സീതയും എൻ്റെ വാവയും അടങ്ങുന്ന എൻ്റെ കൊച്ചു കുടുംബത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു, ഇതിനിടയിൽ എനിക്കെൻറെ അമ്മയെയും നഷ്ടപ്പെട്ടു, അന്ന് എൻ്റെ കയ്യിൽ ആവശ്യത്തിന് പണം ഉണ്ടായിരുന്നെങ്കിൽ ക്യാൻസർ എന്ന മഹാ രോഗം എൻ്റെ അമ്മയെ മരണത്തിലേക്ക് വലിച്ചിഴക്കുന്നത് എനിക്ക് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരില്ലായിരുന്നു.
ജീവിതത്തിൽ ഏറ്റവും മുഖ്യമായി വേണ്ടത് പണം ആണെന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ ഞാൻ പിന്നീടങ്ങോട്ട് പ്രതികൂല സാഹചര്യങ്ങളുമായി പടവെട്ടാൻ തുനിന്നിറങ്ങി, ആ യുദ്ധം ജയിക്കാൻ എനിക്ക് രക്ഷാ കവജമായും,ബുദ്ധി ഉപദേഷ്ട്ടാവും ആയി മുന്നിൽ നിന്നതു എൻ്റെ ജീവൻറെ പതിയായ സീത തന്നെ ആയിരുന്നു, അവൾ ഒരിക്കൽ പോലും എന്നോട് സ്വർണാഭരണങ്ങൾക്കോ, പുതിയ വസ്ത്രങ്ങൾക്കോ ആവശ്യപ്പെട്ടിരുന്നില്ല, അവളുടെ ആ നുണക്കുഴി കാട്ടിയുള്ള മനോഹരമായ പുഞ്ചിരി ആയിരുന്നു അവളുടെ ആഭരണങ്ങൾ,അവളുടെ ശരീര സൗന്ദര്യത്തിനു എത്ര പഴകിയ വസ്ത്രം ധരിച്ചാലും അതിനു പുതുമയുടെ മാറ്റു കാണും,അതുപോലെ വരവ് ചിലവ് കൈകാര്യം ചെയ്യുന്ന കാര്യത്തിലും സീത വളരെ മിടുക്കു കാണിച്ചിരുന്നു, ഇതെല്ലാം കൊണ്ട് ഞാൻ സീതയുടെ ബാഹ്യ സൗന്ദര്യത്തെക്കാൾ അവളുടെ മനസ്സിന്റെ സൗന്ദര്യമാണ് കൂടുതലും ഇഷ്ടപ്പെട്ടതും, ഉള്ളു കൊണ്ട് ബഹുമാനിച്ചതും!!
അവളുടെ ബുദ്ദിയും, എൻ്റെ കഠിന പ്രയത്നവും ഒന്ന് ചേർന്നപ്പോൾ ഞങ്ങളുടെ സാമ്പത്തിക നില അല്പാല്പമായി മെച്ചപ്പെട്ടു വരാൻ തുടങ്ങി, അടുത്ത 2 വർഷം കൂടി കഴിഞ്ഞപ്പോൾ ഞങ്ങളുടെ ദാമ്പത്യം കെട്ടുറപ്പുള്ളതാണെന്നു തെളിയിച്ചു കൊണ്ട് ഞങ്ങൾക്കു ഒരു ആൺകുട്ടി കൂടി ജനിച്ചു, 3 വർഷത്തിനിടയിൽ രണ്ടു കുട്ടികളുടെ അച്ഛനായ ഞാൻ ജീവിതത്തോടുള്ള പടവെട്ടൽ ഒന്നൂടെ ശക്തമാക്കി, അവസാനം വിധി എനിക്ക് മുന്നിൽ അടിയറവു പറഞ്ഞു, നാളിന്നേവരെ എന്നെ ഒരു ശാത്രവിനെ പോലെ കണ്ട ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങൾ എന്നോട് സൗഹൃദം കാണിച്ചു തുടങ്ങി !!
കൂടുതൽ കാല താമസം ഇല്ലാതെ, എൻ്റെ കയ്യിലേക്ക് ആവശ്യത്തിൽ അധികം പണം വന്നുചേർന്നു, ജീവിതം നല്ലവണ്ണം പച്ച പിടിച്ചു എന്ന് ഉറപ്പു വന്നപ്പോൾ ഞാൻ വീണ്ടും എൻ്റെ സ്വന്തം നാട്ടിലേക്കു തന്നെ എൻ്റെ കുടുമ്പത്തോടൊപ്പം തിരിച്ചു പോയി, എൻ്റെ അച്ഛനായി നഷ്ടപ്പെടുത്തിയ കുടുമ്പ സ്വത്തെല്ലാം ഞാൻ പൊന്നും വില കൊടുത്തു തിരിച്ചു പിടിച്ചു (മുമ്പ് അരപ്പട്ടിണിയുമായി ജീവിച്ചിരുന്ന കാലത്തു, വിശപ്പ് കാരണം ഉറങ്ങാൻ പറ്റാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു രാത്രി വെളിപ്പിക്കുമ്പോൾ ഞാൻ പല തവണ മനസ്സിൽ കുറിച്ചതാണ്, വലുതായാൽ എങ്ങനെയും കുറെ പണമുണ്ടാക്കി ഞാൻ ജനിച്ചു വളർന്ന വീടും, അച്ഛനായി നഷ്ടപ്പെടുത്തിയ സ്വത്തുക്കളും തിരിച്ചു പിടിക്കണം എന്ന കാര്യം).