അതെ! നമുക്കെല്ലാവർക്കും തീരെ ചെറുതല്ലാത്ത ഒരു ഫ്ലാഷ് ബ്ലാക്കിലേക്കു കടക്കാം!!
എൻ്റെ പേര് ജയരാമൻ, അടുപ്പമുള്ളവർ എന്നെ രാമൻ എന്നാണ് വിളിക്കാറ്, പാരമ്പര്യമായി ഉയർന്ന സാമ്പത്തിക നിലയുള്ള കുടുംബത്തിലായിരുന്നു എൻ്റെ ജനനം, പക്ഷെ സമയ ദോഷം കൊണ്ടോ അതോ എൻ്റെ അച്ഛന്റെ പിടിപ്പുകേട് കൊണ്ടോ കാലക്രമേണ ഞങ്ങളുടെ സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ട് പോയി, അവസാനം ആകെ ബാക്കിയുണ്ടായിരുന്ന വീട് പോലും വിറ്റാണ് എൻ്റെ ചേച്ചിയെ കല്യാണം കഴിപ്പിച്ചു അയച്ചത്, കേറിക്കിടക്കാൻ വീട് പോലും ഇല്ലാതായപ്പോൾ ഞങ്ങൾ അടുത്ത പട്ടണത്തിൽ ഒരു വാടക വീട്ടിലേക്കു താമസം മാറി.
പുതിയ പട്ടണത്തിൽ ഞങ്ങൾ ശരിക്കും അഭയാർത്ഥികളെ പോലെ ആയിരുന്നു, പലതരം കച്ചവടങ്ങളും വീണ്ടും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും വിജയിക്കാതെ വന്നപ്പോൾ, ജീവിതത്തിൽ ഉടനീളം പരാജയങ്ങൾ ഏറ്റുവാങ്ങിയ എൻ്റെ അച്ഛൻ ഹൃദയം തകർന്നാണ് മരിച്ചത്, കാരണവന്മാരായി ഉണ്ടാക്കിയ എല്ലാ സ്വത്തുക്കളും താൻ കാരണമാണ് നഷ്ടപ്പെട്ടത് എന്ന കുറ്റബോധം എൻ്റെ അച്ഛനെ എന്നും വേട്ടയാടിയിരുന്നു, എന്നെയും അമ്മയെയും തനിച്ചാക്കി അച്ഛൻ ഈ ലോകത്തോട് വിട പറയുമ്പോൾ എനിക്ക് അന്ന് പത്തൊമ്പതു വയസ്സായിരുന്നു.
വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും എൻ്റെ തലയിൽ ആയപ്പോൾ, എനിക്ക് എൻ്റെ അമ്മ മാത്രമായിരുന്നു ഈ ലോകത്തു തണലായി നിന്നതു, ശരിക്കു പറഞ്ഞാൽ ജീവിതത്തിലെ ഒരു ഇരുണ്ട കാലഘട്ടം തന്നെ ആയിരുന്നു അത്, എത്രയൊക്കെ കഷ്ട്ടപ്പെട്ടു പരിശ്രമിച്ചാലും ജീവിതം പച്ച പിടിക്കാത്ത ഒരവസ്ഥ, എന്തിനാണ് പ്രകൃതിയും, ജീവിതവും എന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്!!
കടുത്ത ശിവ ഭക്തനായ ഞാൻ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ ശിവൻറെ അമ്പലത്തിൽ പോകുമായിരുന്നു, ആ ജീവിത സാഹചര്യത്തിൽ എനിക്ക് മനസ്സിന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയതും, ജീവിതം മുമ്പോട്ടു നയിക്കാനുള്ള ആത്മവിശ്വാസും ലഭിച്ചതും ശിവൻറെ മുമ്പിൽ കൈ കൂപ്പി നില്കുമ്പോളുള്ള നിമിഷങ്ങളിൽ ആയിരുന്നു!!
ജീവിതത്തിലെ ദുരിതങ്ങളുമായി മല്ലിടുന്ന മാനസികാവസ്ഥയിൽ എൻ്റെ മനസ്സിൽ ഒരിക്കൽ പോലും പ്രേമമോ, പെണ്ണോ എന്ന ഒരു വികാര വിചാരവും കടന്നു വന്നിട്ടില്ലായിരുന്നു ,പതിവ് പോലെ ഒരു വെള്ളിയായ്ച്ച ശിവൻറെ അമ്പലത്തിൽ തൊഴാൻ പോയപ്പോഴാണ് ഞാൻ സീതയെ ആദ്യമായി കാണുന്നത്, പച്ച കരയുള്ള സെറ്റു സാരിക്ക് അതെ നിറത്തിലുള്ള ബ്ലൗസും അണിഞ്ഞു നിൽക്കുന്ന അവളെ ആദ്യമായി കണ്ടപ്പോൾ, എൻ്റെ കണ്ണിൽ ഞാൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിയായിട്ടുള്ള ഒരു പെണ്ണാണ് അവൾ എന്ന് എനിക്ക് തോന്നി, അതോടൊപ്പം ഇവളെ ദൈവം സൃഷ്ടിച്ചത് എനിക്ക് വേണ്ടിയാണ് എന്ന ഒരു ഉൾവിളിയും എൻ്റെ മനസ്സിൽ ഉണ്ടായി.