അനന്ദു ഒരിറക്ക് കോഫി നുകർന്നതിനു ശേഷം തുടർന്നു, സീതയുടെ കാര്യത്തിലാണെങ്കിൽ,ഇത്രയും നല്ല കോഫി ഉണ്ടാകുന്നതിനു മാത്രം കൊടുക്കണം സമ്മാനങ്ങൾ, അല്ലാതെ ഒരു പ്രത്യേക ദിവസത്തിനു കാത്തു നിൽക്കേണ്ട ആവശ്യമില്ല!! (അവൻ്റെ ആ സംസാരം കേട്ടപ്പോൾ ഞാനും സീതയും ഒരുപോലെ പൊട്ടിച്ചിരിച്ചു)
ഞാൻ ബാത്‌റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി തിരിച്ചു വരുമ്പോയേക്കും സീതയും അനന്ദുവും ഒരേ സോഫയിൽ ഇരുന്നു എന്തോ കാര്യമായി സംസാരിക്കുകയായിരുന്നു, എന്നെ കണ്ടതും സീത എൻ്റെ അടുത്തേക് നടന്നടുത്തു കൊണ്ട് ഒരു പരിഭവം പോലെ പറഞ്ഞു
“ദേ നിങ്ങൾ ഇത് കേട്ടോ, അനന്ദു അപ്പുവിന്റെ കല്യാണ വസ്ത്രങ്ങൾ വാങ്ങിക്കാൻ ബാംഗ്ലൂരിലേക്ക് പോവുവാകയാണ് പോലും” (ഇത്രയും പറഞ്ഞു തീരുമ്പോയേക്കും സീത എൻ്റെ അടുത്തെത്തി എൻ്റെ കൈകളിൽ ചുറ്റിപ്പിടിച്ചിരുന്നു)
സീത എൻ്റെ ഇത്ര അടുത്ത് നിന്നപ്പോൾ, അവളിൽ നിന്നും പുതിയ ഒരു സുഗന്ധം എനിക്കനുഭവപ്പെട്ടു, അത് അവൾ ചൂടിയ മുല്ലപ്പൂവിന്റെതായിരുന്നു, സീത മിക്യ ദിവസങ്ങളിലും മുല്ലപ്പൂ ചൂടാറുണ്ടെങ്കിലും, ഇന്ന് അത് എൻ്റെ ശ്രദ്ധയെ ആകർഷിക്കുവാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു, ഒന്ന്: അതിനു പുതിയ ഒരു ഗന്ധമായിരുന്നു, രണ്ടു: അത് കാഴ്ചയിലും അവൾ പതിവായി വെക്കുന്ന മുല്ലപ്പൂവിനേക്കാൾ വ്യത്യസ്തയിരുന്നു (പിങ്ക് മുല്ലപ്പൂക്കൾ), നിത്യവും വരുന്ന ആ പൂകാരിയുടെ കയ്യിൽ ഇന്ന് സാധാ മുല്ലപ്പൂ ഇല്ലാത്തതു കൊണ്ടാവാം സീത ഇത് വാങ്ങിയതെന്ന് ഞാൻ ഊഹിച്ചു!!
അനന്ദു വസ്ത്രങ്ങൾ വാങ്ങിക്കാൻ ബാംഗ്ലൂരിലേക്ക് പോകുന്ന കാര്യം കേട്ടപ്പോൾ എനിക്കും വിഷമം തോന്നി.
ഞാൻ: അതെന്തിനാടാ അനന്ദു എൻ്റെ കട ഇവിടെ ഉള്ളപ്പോൾ നീ അപ്പുവിന്റെ ആവശ്യത്തിന് ബാംഗ്ളൂരിലൊക്കെ പോകുന്നത്? അവൾ എനിക്കും പെങ്ങൾ തന്നെയല്ലേടാ? നിങ്ങൾക്കു ആവശ്യമുള്ള സാധനങ്ങൾ എൻ്റെ കടയിൽ നിന്നും എടുത്തു പോയാൽ പോരെ.
ഞാനും അത് തന്നെയാ ചോദിക്കുന്നെ (സീത കൂട്ടിച്ചേർത്തു)
അനന്ദു: അത് തന്നെ ആയിരുന്നെടാ ഞങ്ങളടെയും പ്ലാൻ , നിൻറ്റെ കടയിൽ നിന്നും ആകുമ്പോൾ കാശിൻറ്റെ കാര്യത്തിൽ കുറച്ചു സാവകാശം കിട്ടിയേനെ, ചിലപ്പോൾ നീ അത് വാങ്ങിക്കില്ല എന്നും വരാം,പക്ഷെ ഇത് ചെറുക്കന്റെ വീട്ടുകാരുടെ നിർബന്ധമാ, അപ്പൊ പിന്നെ എന്ത് ചെയ്യാൻ പറ്റും!!