കുട്ടികൾ എവിടെ ? (ഞാൻ സീതയോടു ചോദിച്ചു)
സീത: അവർ എന്നോടൊപ്പം ഇവിടെ ഇണ്ടായിരുന്നു, പിന്നെ പ്രമീളലേച്ചിയെ കണ്ടപ്പോൾ അവർ കൂടെ പോയി (സീത വിക്കി വിക്കി പറഞ്ഞു)
(പ്രമീളേച്ചി ഞങ്ങളുടെ അയൽവക്കം ആണ്, അവർക്കു കുട്ടികൾ ഇല്ല, ആയതിനാൽ പകൽ സമയം കൂടുതലും എൻ്റെ മക്കളെ അവർ അവരുടെ വീട്ടിലേക്കു കൊണ്ട് പോകും, അത് സീതയ്ക്ക് ഒരു സഹായമായിരുന്നു, കാരണം കുട്ടികളുടെ ശല്യം ഇല്ലാതെ അവൾക്കു വീട്ടിലെ പണികൾ പെട്ടെന്ന് ചെയ്തു തീർക്കാൻ സാധിക്കും).
സീതയുടെ ഭയപ്പാടുള്ള മുഖവും, വിറയാർന്ന സംസാരവും കേട്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു, സീത പരിഭ്രമിച്ച മുഖത്തോടെ എൻ്റെ കണ്ണുകളിലേക്കും!!
അപ്പോൾ നമുക്കിടയിൽ ഉണ്ടായ ആ മൗന നിമിഷങ്ങൾ മനസ്സിലെ സമ്മർദ്ദം കൂട്ടുന്നതിന് മുന്നേ അനന്ദു വീണ്ടും സംസാരിച്ചു തുടങ്ങി.
അനന്ദു: അല്ല രാമാ, നീ എന്താ ഇന്ന് നടന്നു വരുന്നേ, നിൻറ്റെ ബുള്ളെറ്റിനു എന്ത് പറ്റി?
ഞാൻ നടന്ന കാര്യങ്ങൾ അവനോടു വ്യക്തമാക്കി, കാര്യങ്ങൾ കേട്ട അനന്ദു എനിക്ക് അവൻ്റെ ബൈക്ക് കൈമാറി അതുമായി സീതെയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോളൂ, ബൈക്ക് അവൻ രാവിലെ വന്നു എടുത്തോളാം എന്ന് പറഞ്ഞു.
ആനന്ദുവിൻറെ ബൈക്കിൽ സീതയെയും കൂട്ടീ വീട്ടിലേക്കു മടങ്ങുമ്പോൾ, എൻ്റെ ഷോൾഡറിൽ വെച്ച അവളുടെ കയ്യുടെ വിറയലും, താളം തെറ്റിയ അവളുടെ ഹൃദയമിടിപ്പും എനിക്ക് ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു!!
ഞങ്ങൾ വീടിന്റെ ഗേറ്റ് കടന്നതും, ബൈക്കിന്റെ ശബ്ദം കേട്ട എൻ്റെ കുട്ടികൾ പ്രമീളേച്ചിയുടെ വീട്ടിൽ നിന്നും ഓടി വന്നു എൻ്റെ കാലുകളിൽ ചുറ്റിപ്പിടിച്ചു അവരുടെ സ്നേഹം അറിയിച്ചു, പക്ഷെ സീത എന്നെയോ മക്കളെയോ ശ്രദ്ധിക്കാതെ, ഒന്നും ഉരിയാടാതെ വീട്ടിലേക്കു ഓടിക്കയറി!!
കല്യാണം കഴിഞ്ഞ നാള് തൊട്ടു, ഇരു മെയ്യും ഒരു മനസ്സുമായി കഴിഞ്ഞത് കൊണ്ട് തന്നെ സീതയുടെ ചെറിയ ഭാവ വ്യത്യാസം പോലും എനിക്ക് മനസ്സിലാകും, അതിനാൽ തന്നെ അവളുടെ മനസ്സ് എന്തോ കാരണത്താൽ വേവലാതിപ്പെട്ടിരിക്കയാണെന്നു എനിക്ക് നിഷ്പ്രയാസം മനസ്സിലായി!!
ഞാൻ വീടിനകത്തേക്ക് ചെന്ന് അടുക്കളയിൽ എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന സീതയുടെ മുതുകിൽ കൈവെച്ചു എൻ്റെ സാമീപ്യം അറിയിച്ചു, എന്നെ തിരിന്നു നോക്കിയ സീതയുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു, ഭയത്താലോ ഒരു കരച്ചിലിൻറ്റെ തുടക്കമെന്നോ തോന്നും വിധം അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.