അങ്ങനെ ഒരു പതിവ് വെള്ളിയാഴ്ച ഞാൻ എൻ്റെ കുടുമ്പവുമൊത്തു അമ്പലത്തിലേക്ക് പോയപ്പോൾ, എനിക്ക് പിറകെ കാറിൽ നിന്നും ഇറങ്ങി മക്കളോടൊപ്പം എൻ്റെ അരികിലേക്ക് നടന്നു വരുന്ന സീതയെ ഞാൻ ശരിക്കൊന്നു ശ്രദ്ധിച്ചു, എന്ത് ഭംഗിയാണ് അവളെ സാരി ഉടുത്തു കാണാൻ, എത്ര ഭംഗിയായിട്ടാണ് അവൾ സാരി ഉടുക്കുന്നതും, എന്ത് തരം വേഷം ധരിച്ചാലും അവൾക്കു ചേരുമെങ്കിലും, അവൾ സാരി ഉടുക്കുമ്പോഴാണ് കൂടുതൽ സുന്ദരി ആയി കാണപ്പെടുന്നത് എന്നെനിക്കു തോന്നി, കല്യാണം കഴിഞ്ഞു ഇത്രയും വർഷം ആയിട്ടും, എൻ്റെ കണ്ണിൽ അവളുടെ സൗന്ദര്യത്തിനു യാതൊരു മങ്ങലും ഏറ്റിട്ടില്ല, അതുപോലെ ഞങ്ങൾക്കിടയിലെ സ്നേഹത്തിനും മാറ്റു കൂടുകയല്ലാതെ ചെറിയ അളവിൽ പോലും കുറഞ്ഞതായി എനിക്കിതുവരെ തോന്നിയിട്ടില്ല!!
സീത അമ്പലത്തിന്റെ പടികൾ കയറുമ്പോൾ, നമ്മുടെ ആ പഴേ പൂ കച്ചവടക്കാരി അവളെ അടുത്തേക് വിളിച്ചു കൈ നിറയെ മുല്ലപ്പൂക്കൾ അവളുടെ നേർക്കു നീട്ടി അമ്പലത്തിൽ കയറുന്നതിനു മുമ്പ് ആ പൂക്കൾ അവളുടെ മുടിയിൽ ചൂടുവാൻ സ്നേഹത്തോടെ ആവശ്യപ്പെട്ടു, അവരുടെ കയ്യിൽ നിന്നും മുല്ലപ്പൂക്കൾ ഏറ്റുവാങ്ങവേ “ഇത്രയും അധികം പൂക്കൾ എന്തിനാണ്?” എന്ന സീതയുടെ ചോദ്യത്തിന്, “മോളുടെ ഇത്രയും അഴകാർന്നതും, വലിപ്പവും ഉള്ള മുടിക്ക് ഇത്രയും മുല്ലപ്പൂക്കൾ ചൂടിയാൽ നല്ല ഭംഗിയുണ്ടാവുമെന്നു അവർ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
സീത ആ മുല്ലപ്പൂക്കൾ അവളുടെ തലയിൽ ചൂടുമ്പോൾ, ഞാൻ നിറഞ്ഞ മനസ്സോടെ അവളെ നോക്കി നിന്ന് അഭിമാനത്തോടെ ആ പൂകരിക്കു പൈസ കൊടുത്തു!
ക്ഷേത്ര ദർശനത്തിനു ശേഷം, സീത എന്റെ വികൃതിയുള്ള രണ്ടു കുട്ടികളെ കഷ്ടപ്പെട്ട് അടക്കി നിർത്താൻ ശ്രമിക്കുന്നത് ഞാൻ ആ അമ്പലപ്പടവിൽ ഇരുന്നു കൗതുകത്തോടെ നോക്കിക്കണ്ടു!
പെട്ടെന്ന് പരിചിതമായ ഒരു ശബ്ദത്തിൽ, രാമാ.. എന്ന വിളികേട്ടു ഞാൻ ആ ഭാഗത്തേക്ക് നോക്കിയപ്പോൾ, എനിക്ക് നേരെ കൈ വീശി പുഞ്ചിരിച്ചു കൊണ്ട് എന്റടുത്തേക്കു നടന്നു വരുന്ന അനന്ദുവിനെയാണ് ഞാൻ കണ്ടത്, എന്റെ അടുത്തെത്തിയെത്തും ഞാൻ അവനു ഹസ്തദാനം നൽകി എനിക്കരികിൽ ഇരിക്കാൻ അവനു സൗകര്യം ചെയ്തു കൊടുത്തു.
കുട്ടികളുടെ പിറകെ ഓടി നടക്കുന്ന സീതയെ ഞാൻ അരികിലേക്ക് വിളിച്ചപ്പോൾ അവൾ അവളുടെ വസ്ത്രം ഒന്നുടെ നേരെയാക്കി ഞങ്ങള്കരികിലേക്കു നടന്നു വന്നു, ഞാൻ എന്റെ സുഹൃത്തു അനന്ദുവിനെ അവൾക്കു പരിചയപ്പെടുത്തി, അവൾ ഭവ്യതയോടെ കൈകൾ കൂപ്പി അവനു നമസ്കാരം പറഞ്ഞു, അവൻ തിരിച്ചും.