എന്റെ പത്തു വയസ്സു വരെ ഞാൻ ആയിരുന്നു എല്ലാവരുടെയും കണ്ണിലുണ്ണി. എല്ലാവരുടെയും പ്രിയപ്പെട്ടവൾ. പക്ഷേ രാജീവിന്റെ വരവോടെ ഞാൻ രണ്ടാം സ്ഥാനക്കാരിയായി. പക്ഷേ എനിക്കതിൽ വലിയ വിഷമമില്ല കാരണം അവൻ എന്റെ കുഞ്ഞനുജനല്ലേ. പ്രീ ഡിഗ്രീ കഴിയുന്നത് വരെ സന്തോഷമായിരുന്നു എന്റെ ജീവിതത്തിൽ. ഞാനും എന്റെ കൂട്ടുകാരും നന്നായി ആഘോഷിച്ചു. അങ്ങനെ സമാധാനവും സന്തോഷവും ആയിട്ട് പോകുമ്പോഴാണ് വീട്ടിൽ കല്യാണാലോചന തുടങ്ങിയത്. എനിക്കു പഠിക്കണം ഒരു ജോലി വേണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷേ ആര് കേൾക്കാൻ. ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒഴിവാക്കാൻ, പക്ഷേ സാധിച്ചില്ല. ചേച്ചിക്ക് ലൈൻ ഇല്ലായിരുന്നോ. ഇല്ലെട. 2-3 പയ്യൻമാർ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും എനിക്കിഷ്ടപ്പെട്ടില്ലാ. നീയിടക്ക് കയറി പറയല്ലേടാ.
എന്നെ വന്നു കണ്ട മൂന്നാമത്തെ ചെറുക്കനെ വീട്ടുകാർക്കിഷ്ടപ്പെട്ട്. ചെറുക്കനും ഇഷ്ടപ്പെട്ടു. ജാതകവും ഒത്തു വന്നു. പതിനെട്ട് വയസ്സുള്ള എന്നെ 30 വയസ്സുള്ള ഒരാളെ കൊണ്ട് കെട്ടിച്ചു. പക്ഷേ ദോഷം പറയരുതല്ലോ. കാണാൻ അത്യാവശ്യം സൌന്ദര്യം, നല്ല ഉയരം, നല്ല സാമ്പത്തികം, വലിയ തരവാട്ടുകാർ. ഇതൊക്കെ മതിയായിരുന്നു എല്ലാർക്കും. അങ്ങനെ എന്റെ കല്യാണം അവർ തീരുമാനിച്ചു. ഞാൻ കൊല്ലത്തെ ഒരു നല്ല തറവാട്ടിലേക്ക് പോയി. പക്ഷേ അവിടം എനിക്കു ആദ്യ കാലങ്ങളിൽ നരകമായിരുന്നു. ഒരു സിറ്റിയിൽ ജനിച്ചു വളർന്ന എനിക്കു വീടിന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ പോലും ഒരു പാടു ആളുകളുടെ അനുവാദം വേണമായിരുന്നു. അമ്മയെ കാണുമ്പോഴൊക്കെ ഞാൻ ഇത് പറഞ്ഞു സങ്കടപ്പെടുമായിരുന്നു. അമ്മയ്ക്ക് ഒറ്റ ഉത്തരം മാത്രം. പെണ്ണുങ്ങളുടെ ജീവിതം ഇങ്ങനെ ആണ്. നമ്മൾ എവിടെ പോകുന്നോ അവിടം സ്വർഗം ആണ് അല്ലെങ്കിൽ ആക്കണം. അങ്ങനെ ഞാൻ ആ വീട്ടിൽ പന്ത്രണ്ടു വർഷം ജീവിച്ചു. ഈ കാലം കൊണ്ട് അവിടുത്തെ ഇളയ മരുമകളിൽ നിന്നും ആ വീടിന്റെ ഗ്രഹനാഥയായി ഞാൻ മാറി 2 മക്കളും ആയി. അതോടൊപ്പം എന്റെ ഭർത്താവ് ബിസിനസിൽ നന്നായി വളർന്നു. അങ്ങനെ പുറമെ നിന്നു നോക്കിയാൽ എല്ലാം കൊണ്ടും വളരെ സുഖമായ ജീവിതം. എന്തേ അച്ഛനും അമ്മയ്ക്കും എപ്പോഴും മകളെ നല്ല നിലയിൽ കെട്ടിച്ചു വിട്ടതിന്റെ സന്തോഷവും അഭിമാനവും. ചേച്ചി ഒരു നിമിഷം മൌനമായി. എന്റെ ജീവിതം ആ ഒരു വീടിന്റെ ഉള്ളിലായി പോയി. അവിടാണെങ്കിൽ സാരി മാത്രമേ ഉടുക്കാവൂ എന്നതാണ് നിയമം. പുറത്തു നിന്നു നോക്കുന്നവരോട് ഒരിക്കലും എനിക്കു പറയാൻ പറ്റില്ല എന്റെ സങ്കടങ്ങൾ. പറഞ്ഞാൽ അഹങ്കാരമാണെന്നേ പറയൂ. കഴിഞ്ഞ 2-3 വർഷമായിട്ട് അങ്ങേർക്ക് കള്ള്കുടി കൂടുതലാണ്. വൈകീട്ട് വരുമ്പോൾ ആള് മാന്യനാണ്. കുളിയെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു ബെഡ്റൂമിൽ കയറി പാതിരാത്രി വരെ കുടിയാണ്. രാവിലെ എഴുന്നേറ്റാൽ വീണ്ടും മാന്യൻ. എല്ലാ രാത്രിയും മദ്യം മണക്കുന്ന മുറിയിലാണ് എന്റെ കിടപ്പ്. അമ്മയോട് പറഞ്ഞപ്പോൾ ബിസിനസിന്റെ ടെൻഷൻ ആയിരിക്കും നിന്നെ ചീത്ത വിളിക്കുന്നോ തല്ലുന്നോ ഒന്നുമില്ലല്ലോ. അങ്ങ് സഹിക്കുക. അതാണ് പെണ്ണിന്റെ ജന്മം എന്നു ഇങ്ങോട്ട് വീണ്ടും ഉപദേശം. ഇതൊക്കെ കേട്ടു മടുത്തു ഞാൻ.