” അമ്മേ ഞാനൊന്നു മീനാക്ഷിയുടെ വീടു വരെ പോയിട്ട് വരാം..”
” അവിടെയും ഇവിടെയും കറങ്ങി നിക്കാതെ വേഗം വന്നേക്കണം . ഇവിടെ പിടിപ്പതു പണിയുണ്ട് ”
കല്യാണിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് മീനാക്ഷി. ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു വളർന്നവർ. മീനാക്ഷിയുടെ വീട്ടിലേയ്ക്ക് എന്ന വ്യാജേന അവൾ പോയത് കല്യാണിയുടെ തറവാട് വീട്ടിലേക്കാണ് . നൂറ്റാണ്ടുകളോളം പഴക്കമുള്ള അവരുടെ തറവാട്ടു വീട്ടിൽ ഇപ്പൊൾ താമസിക്കുന്നത് ഹരിയും അമ്മയും മാത്രമാണ്. വലിയ തറവാട് ആയിരുന്നെങ്കിലും പണ്ടത്തെ പ്രൗഡിയൊന്നും ഇപ്പോളില്ല. മുൻവശത്തെ പടവ് കയറി കല്യാണി അകത്തേക്ക് കയറിയപ്പോൾ അവളുടെ ഓർമകൾ ഒരു നിമിഷം കുട്ടിക്കാലത്തേക്ക് തിരിച്ച് പോയി.
മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്ന കാലത്ത് ഈ തറവാട് ഒരു സ്വർഗമായിരുന്നു. അവരുടെ മക്കളും കൊച്ചു മക്കളും സന്തോഷത്തോടെ ജീവിച്ചിരുന്ന തറവാട്ടിൽ എന്നും ഉത്സവ പ്രതീതിയായിരുന്നു . കൂട്ടുകുടുംബമായിരുന്നു എങ്കിലും അവർക്കിടയിൽ എന്നും സന്തോഷവും സമാധാനവും നില നിന്നിരുന്നു. മുത്തശ്ശൻ്റെ മരണ ശേഷം തറവാടും സ്വത്തുക്കളും ഭാഗം വെച്ച് പോയി. കുടുംബങ്ങൾ പല വഴിക്കായി. അതിനിടയിൽ തറവാടിൻ്റെ പ്രൗഢിയും പെരുമയും എവിടെയോ വെച്ച് നഷ്ടമായി പോയി.
” വെല്യമ്മേ…”
ഉമ്മറത്തെ തിണ്ണയിൽ നിന്ന് കിണ്ടിയിൽ വെള്ളമെടുത്ത് കാലു കഴുകവെ കല്യാണി ഹരിയുടെ അമ്മയെ വിളിച്ച് നോക്കി. അകത്തു നിന്ന് ആരും മറുപടി പറഞ്ഞില്ല.
ഉമ്മറത്തെ മുത്തശ്ശൻ്റെ ചാരുകസേര ഇപ്പൊഴും അവിടെ തന്നെയുണ്ട് . ചെറുപ്പത്തിൽ മുത്തശ്ശൻ്റെ മടിയിൽ കിടന്ന് എത്രയോ കഥകൾ കേട്ടിരിക്കുന്നു.
” വെല്യമ്മേ ” കല്യാണി ഒന്നുകൂടെ വിളിച്ചു നോക്കി .
അകത്തു നിന്നും മറുപടി ഒന്നും കേട്ടില്ല .
” ഹരിയേട്ടാ …ഹരിയേട്ടാ”
ആരും വിളി കേൾക്കാത്തത് കാരണം കല്യാണി അകത്ത് കയറി. ഈ വീട്ടിലെ ഓരോ മുക്കിലും മൂലയിലും കുഞ്ഞു കുഞ്ഞു ഓർമകൾ ഉണ്ടെന്ന് കല്യാണി ഓർത്തു. മരത്തിൻ്റെ പടവുകൾ കയറി കല്യാണി മുകളിലത്തെ മുറിയിലേയ്ക്ക് നടന്നു. മുകളിൽ രണ്ടു മുറികൾ ഉണ്ടായിരുന്നു. അതിൽ വടക്കേ മുറിയിലായിരുന്നു പണ്ട് താമസിച്ചിരുന്നത്. ആ മുറിയിലേയ്ക്ക് കയറിയപ്പോൾ കല്യാണി ഓർത്തു. മുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ കാണാവുന്ന കണ്ണെത്താ ദൂരത്ത് പടർന്നു കിടക്കുന്ന നെൽ പാടത്തേക്ക് അങ്ങനെ നോക്കി നിൽക്കാൻ കല്യാണിക്ക് വലിയ ഇഷ്ടമാണ്. അന്ന് ആ വയലൊക്കെ തറവാട്ട് സ്വത്തായിരുന്നു. ഇന്ന് അതെല്ലാം കൈ വിട്ട് പോയിരിക്കുന്നു. കുട്ടിക്കാലത്ത് ഹരിയേട്ടൻ്റെ കയ്യും പിടിച്ച് ഒരുപാട് നടന്ന വയൽ വരമ്പുകളാണ്. ആ വയലിൻ്റെ അങ്ങേ അറ്റത്ത് ഒരു കൈ തോട് ഒഴുകുന്നുണ്ട് അവിടെ നിന്നു മോട്ടോർ വഴി പമ്പ് ചെയ്താണ് ബാക്കി കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുന്നത്. അവിടുത്തെ പമ്പ് ഹൗസിൻ്റെ ഉള്ളിൽ വെച്ചാണ് ഹരിയേട്ടൻ ആദ്യമായി ചുംബിച്ചത് . ഓർക്കുമ്പോൾ ഇപ്പോഴും ആ ചുംബനത്തിൻ്റെ ചൂട് കവിളിൽ തങ്ങി നിൽക്കുന്ന പോലെ തോന്നും. അതിനു ശേഷം ഒരുപാട് തവണ ചുംബിച്ചിടുണ്ടെങ്കിലും അദ്യ ചുംബനത്തിൻ്റെ നിർവൃതി എന്നും പ്രിയപ്പെട്ടതാണ്.