“അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഹരിയേട്ടനെ മാത്രമേ കെട്ടുള്ളു. നിങ്ങൾ എല്ലാരും കൂടി ചെറുപ്പത്തിൽ പറഞ്ഞു മോഹിപ്പിച്ചു വെച്ചതല്ലേ . ഹരിയേട്ടന്റെ അച്ഛനു സുഖം വന്ന് അവര് കുറച്ചു കടത്തിൽ ആയിപോയെന്നല്ലേ ഉള്ളൂ . ജോലി കിട്ടിയാൽ അത് ഹരിയേട്ടൻ വീട്ടിക്കോളും. അതിനെകുറിച്ചോർത്തു അമ്മ വേവലാതിപ്പെടേണ്ട ”
“നടക്കില്ലെന്നു പറഞ്ഞാൽ നടക്കില്ല അത്ര തന്നെ . എത്ര കാലം നീയിങ്ങനെ അവനു ജോലി കിട്ടുന്നതും നോക്കി ഇരിക്കും ? ”
“എത്ര കാലം വേണേലും ഇരുന്നോളാം . എനിക്ക് ഹരിയേട്ടനെ മതി ”
“എൻ്റെ ഭഗവതീ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് ”
അമ്മ നെഞ്ചിൽ കൈ വെച്ചു…
കഴിഞ്ഞ കുറച്ച് നാളുകളായി ഈ വീട്ടിൽ ഇത്തരം രംഗങ്ങൾ പതിവാണ്. കല്യാണിയും ഹരിയും തമ്മിലുള്ള വിവാഹം നന്നെ ചെറുപ്പത്തിലേ വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ചതാണ്. പക്ഷേ വിധി ക്യാൻസറിൻ്റെ രൂപത്തിൽ വില്ലനായപ്പോൾ ഹരിയുടെ അച്ഛൻ്റെ മരണത്തിന് ശേഷം ആ കുടുംബം കടക്കെണിയിലായി . ഹരിക്ക് പഠനം പകുതി വെച്ച് നിർത്തി കുടുംബം നോക്കാൻ വേണ്ടി പല പണിക്കും പോവേണ്ടി വന്നു. ഒരു വിധം കടങ്ങൾ എല്ലാം വീട്ടി ചേച്ചിയുടെ കല്യാണവും നടത്തിയത് ഹരിയാണ്. പക്ഷേ അപ്പോഴേക്കും കാലം ഒരുപാട് കടന്നു പോയി. ഹരിയുടെ വീട്ടിലെ അവസ്ഥ മനസിലാക്കിയ കല്യാണിയുടെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിന്മാറി . പക്ഷേ അതിനു മുന്നേ തന്നെ കല്യാണിയും ഹരിയും പിരിയാൻ പറ്റാത്ത രീതിയിൽ അടുത്ത് കഴിഞ്ഞിരുന്നു. ഹരിയല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് ചിന്തിക്കാൻ പോലും കല്യാണിക്ക് കഴിയില്ലായിരുന്നു. ഹരിയുടെ കാര്യവും മറിച്ചായിരുന്നില്ല
കല്യാണിക്ക് ഇപ്പൊൾ വയസ് 22 കഴിഞ്ഞു . ആരും കൊതിച്ചു പോവുന്ന ശാലീന സൗന്ദര്യത്തിന് ഉടമയാണ് കല്യാണി. ദാവണിയും പാവാടയുമാണ് ഇഷ്ട വസ്ത്രം . സദാ അഴിച്ചിട്ട, തുളസിക്കതിർ ചൂടിയ നീളൻ തലമുടിയും കരിമഷിക്കണ്ണുകളും നെറ്റിയിൽ എപ്പഴും കാണാവുന്ന ചന്ദനക്കുറിയും, വശ്യതയാർന്ന പുഞ്ചിരിയും അവളുടെ മുഖത്തിന് നിലവിളക്കു തോറ്റു പോവുന്ന തേജസ്സ് സമ്മാനിച്ചിരുന്നു. തികഞ്ഞ മലയാളി തനിമയുള്ള ഒരു നാടൻ പെൺകുട്ടിയായിരുന്നു കല്യാണി.