വെയിറ്ററിന്റെ ചുവടുകൾ അവരെയുണർത്തി. രണ്ടുപേരും തലതാഴ്ത്തിയിരുന്ന് ആഹാരം കഴിച്ചു.. എന്തോ കണ്ണുകളുയർത്താൻ മടിതോന്നി. വിശപ്പു വിഴുങ്ങിയ രാമു പ്ലേറ്റിലുള്ളതു മുഴുവനും വിഴുങ്ങുന്നതു വരെ തിന്നാനല്ലാതെ വായ്ക്ക് ഒരു പണിയും കൊടുത്തില്ല. കട്ലറ്റു കഴിക്കുന്നതിനിടയിൽ ചാരു ഒന്നു നോക്കി. അവന്റെ ആർത്തികണ്ട് അവൾക്ക് ചിരിവന്നു.
ദാ കഴിച്ചോളൂ! ആ പ്ലേറ്റും സ്പൂണും തിന്നണ്ട. അവൾ ചിരിച്ചുകൊണ്ട് കട്ലെറ്റിന്റെ പ്ലേറ്റവന്റെയടുത്തേക്ക് നീക്കിവെച്ചു.
കത്തലടങ്ങിയ രാമു ഞെട്ടി മുഖമുയർത്തി. അവനും ചിരിച്ചുപോയി. അവരുടെ ഇടയിലുണ്ടായിരുന്ന പിരിമുറുക്കം ഒന്നയഞ്ഞു…
വെശന്നാപ്പിന്നെ കണ്ണുകാണാതാവും. രാമു പറഞ്ഞു.
അതു ഞാൻ കണ്ടല്ലോ! ഒരു സ്പൂണെടുത്ത് അവന്റെ വിരലുകളിൽ ചുമ്മാതെ തട്ടിക്കൊണ്ടവൾ പറഞ്ഞു.
ഒരു കാപ്പീം ഒരു ചായേം. രാമു വെയിറ്ററോടു പറഞ്ഞു…
സ്വസ്ഥമായി അവർ പാനീയങ്ങൾ മൊത്തി.
പെട്ടെന്ന് അവൻെറ മൊബൈലിലൊരു മെസേജ്. ഓ! രാവിലെ പത്തിനു മീറ്റിങ്ങൊണ്ട്. ഒമ്പതായി. ഇറങ്ങാം. ബില്ലിന്റെ പൊറത്ത് കാശുവെച്ചിട്ട് അവൻ ചോദിച്ചു.
ശരി… ചാരുവിനെ സ്കൂളിൽ തിരിച്ചിറക്കിയിട്ട് അവൻ തല നീട്ടി.
ഉം? അവൾ കാറിനുള്ളിലേക്ക് കുനിഞ്ഞു നോക്കി.
അപ്പോ പോട്ടേടീ? പൊട്ടിച്ചിരിച്ചുകൊണ്ടവൻ വണ്ടിയെടുത്തു. പോടാ തെമ്മാടീ! ഓടി മറയുന്ന കാറിനെ നോക്കി അവൾ മന്ദഹസിച്ചു.
മീറ്റിങ് എങ്ങനെ കഴിഞ്ഞുവെന്നോ എന്തു നടന്നുവെന്നോ രാമുവിന് വലിയ ഓർമ്മയില്ലായിരുന്നു. മാത്രമല്ല അന്നു മുഴുവനും അവനേതോ മധുരവും എരിവും നൊമ്പരവുമെല്ലാം കൂടിക്കലർന്ന ഒരു ലോകത്തിലായിരുന്നു. സാധാരണ ശത്രുക്കളായ അക്കൗണ്ട്സിലുള്ളവരോടു പോലും ചിരിച്ചു സംസാരിച്ചു. ചാരുവിന്റെ നമ്പർ വാങ്ങാത്തതിന് അവൻ സ്വയം പഴിച്ചു.
ഇന്നെന്തു പറ്റി? സെക്രട്ടറി ഉഷ ചോദിക്കുകയും ചെയ്തു. അവൻ ചിരിച്ചു.
വീട്ടിൽ രഞ്ജു മാത്രം ഒന്നും ശ്രദ്ധിച്ചില്ല. പതിവുപോലെ അവളുടെ ഓഫീസിലെ വിശേഷങ്ങൾ കുറച്ചു വിളമ്പി. അതുകൊണ്ട് രാമു തടിതപ്പി. മാത്രമല്ല അവരുടെ വീട്ടിലുള്ള നിമിഷങ്ങൾ യാന്ത്രികമായിത്തീർന്നിരുന്നു.
വൈകുന്നേരം മനുവിനെ നോക്കാൻ വരുന്ന പെണ്ണെന്തെങ്കിലും ഉണ്ടാക്കിവെയ്ക്കും. ഓഫീസിൽ നിന്നും സമയത്തിനുള്ളിൽ ഇറങ്ങിയാൽ ക്ലബ്ബിൽ പോയി സ്ക്വാഷോ, ഷട്ടിലോ കളിച്ചിട്ടു രാമു വീട്ടിൽ വന്നുകഴിഞ്ഞിട്ടാണ് മിക്കവാറും രഞ്ജു വരുന്നത്. നേരത്തെ ഓഫീസിൽ നിന്നു വന്നാലും അടുത്തുള്ള യോഗക്ലാസ്സിൽ പോവാറുണ്ടവൾ. സ്കൂളിൽ പോക്കു തുടങ്ങിയ മനുവിന് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അവൻ ഡാഡിയെ ആണ് സമീപിക്കാറ്. മമ്മി വന്നാലും നെറ്റിലോ, ടീവിയിലോ ആയിരിക്കും.