“ഹലോ”
പക്ഷെ, പേര് കണ്ടപ്പോൾ ആവേശമടങ്ങി. ‘ലൂണ’.
ലൂണയോ? ഇതാര്?
“ഹായ്, ഡു ഐ നോ യൂ?”
ഞാൻ മറുപടി അയച്ചു.
“ഐ തിങ്ക് സോ.”
“യുവർ നെയിം ഡസ്ന്റ് റിങ് എനി ബെൽ”
“അയോഗ്യ നായേ…”
മറുപടി വായിച്ച എനിക്ക് ചിരിപൊട്ടി. നാഗവല്ലി!
“അല്ലിതാര്? നാഗു… എന്താ മോളേ സ്കൂട്ടറില്?”
“ഒരു ചെയ്ഞ്ച് ആർക്കാ ഇഷ്ടമല്ലാത്തത് സാർ? പിന്നെ ഇന്നലെ നാഗവല്ലി എന്ന ഐഡിയിൽ കുറേപ്പേർക്ക് മെസേജ് അയച്ചിരുന്നു. അതേ പേരിൽ ഇനി വന്നാൽ ഇൻബോക്സ് നിറയും.”
“കുറേപ്പേർക്കോ? വലിയൊരു ആരാധകവൃന്ദം ഉണ്ടെന്ന് തോന്നുന്നു.”
“സാമാന്യം. ഞാനും റ്റാറ്റയുമൊക്കെ ബിസിനസ്മാൻമാർ ആയിപ്പോയില്ലേ…”
അവളുടെ തമാശകൾ എനിക്കിഷ്ടപ്പെട്ടു. ഊരും പേരുമൊന്നും അറിയില്ലെങ്കിലും അവളോട് സംസാരിക്കാൻ രസമാണ്. ഒരു കണക്കിന് അനോണിമിറ്റി നൽകുന്ന ആ സ്വാതന്ത്ര്യം മുതലെടുത്തുകൊണ്ട് എത്ര ഓപ്പണായിട്ട് വേണമെങ്കിലും സംസാരിക്കാമല്ലോ. പക്ഷെ, ഇന്നാണെങ്കിൽ ബർത്ത് ഡേ പാർട്ടിയിലെ സംഭവങ്ങൾ കാരണം മനസ്സിന് ഒരു കനമുണ്ടായിരുന്നു. മറുപടിയായി “ഹഹ” എന്ന് മാത്രമേ ഞാനയച്ചുള്ളൂ. ഏതാണ്ട് ഒരു മിനിറ്റ് കഴിഞ്ഞപ്പോ നോട്ടിഫിക്കേഷൻ വന്നു.
“എന്താ മാഷേ ഒരു ബലം പിടുത്തം?”
“ഏയ്.”
“പറയെന്നേ. എന്തോ ഉണ്ട്. ഇന്നലത്തെ ആളല്ലല്ലോ. ഇന്നലെ രാത്രി ശ്വാസം വിടാൻ സമയം തരാതെ ചാറ്റിംഗ് ആയിരുന്നല്ലോ. ബിസിയാണോ?”
“അല്ല.”
“പിന്നെ? എന്നോട് സംസാരിക്കാൻ മൂഡില്ലെങ്കിൽ വേണ്ട. ഞാൻ വേറെ ആരോടെങ്കിലും മിണ്ടിക്കോളാം.”
അത് കേട്ടപ്പോ എനിക്ക് ചെറിയൊരു അങ്കലാപ്പ്. എന്തോ, അവൾ വേറെ ആരോടെങ്കിലും സംസാരിക്കുന്ന കാര്യം എനിക്കത്ര പിടിച്ചില്ല.