ഇഷ : “യെസ് സാർ.”
വിനോദ് : “എനിക്കധികം സമയം ഇല്ല. ഇന്ന് വൈകുന്നേരം തൃശൂർ പോണം. നമ്മുടെ അമിത് അവിടെ ഉണ്ട്. അവനെ കണ്ടു കഥ ഫുൾ പറയണം. ഞാൻ തന്നെ ഡ്രൈവ് ചെയ്യണം. ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ പണി കിട്ടും”
ഇഷ മൂളി.
വിനോദ് അവരെ മുകളിലെ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. മുഴുവൻ സിനിമകളുടെ സീഡിയും ബുക്കുകളും. നടുക്ക് ഒരു ലാപ്ടോപ്പും ഉണ്ട്. ഒരു മേശയും. ഒരുപക്ഷെ ഇവിടെ ഇരുന്നാവും അയാൾ തിരക്കഥ എഴുതുന്നത്. ലൈറ്റ് കേറില്ല. ഏ സി ഉണ്ട്. ഡിം ലൈറ്റും. രണ്ടു പേർക്കും ആ മുറി വല്ലാണ്ട് ഇഷ്ടപ്പെട്ടു.
അവർ രണ്ടു പേരും അവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു. അവർക്കഭിമുഖമായ ഒരു കസേരയിൽ വിനോദും ഇരുന്നു.
വിനോദ് ഒന്ന് ദീർഘവിശ്വാസം എടുത്തു സംസാരിച്ചു തുടങ്ങി. രണ്ടു പേരും കേൾക്കാൻ റെഡി ആയി ഫോക്കസ് ആയി ഇരുന്നു.
“ഈ സിനിമയുടെ പേര് നീല പൂക്കൾ എന്നാണ്. പ്രീതി എന്നൊരു പെണ്ണിന്റെ ജീവിതത്തിൽ നടക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. പ്രണയത്തിൽ കൂടി ആണ് മുഴുവൻ കഥയും പറയുന്നത്. മൂന്ന് കാമുകന്മാരാണ് പ്രീതിയുടെ ജീവിതത്തിൽ വരുന്നത്. അവരിൽ കൂടി ആണ് ജീവിതം മാറി മറിയുന്നത്. സ്‌കൂൾ ടൈമിൽ ഒരാൾ. കോളേജ് ടൈമിൽ ഒരാൾ. ചെറുതായി നാട്ടിലെ ഇരട്ടി പ്രായമുള്ള ഒരാളുമായി ബന്ധം ഉണ്ടാവുന്നുണ്ട്. ഒരു ആര്ടിസ്റ്. പ്രണയം അല്ലെങ്കിലും വളരെ ഡീപ്പ് ആയ ഒരു സൗഹൃദം. അദ്ദേഹത്തിന്റെ ഫിലോസഫികളാണ് അവൾക് ജീവിതത്തെ പ്രോഗ്രസീവ് ആയി മുന്നോട്ട് കൊണ്ട് പോകാൻ സഹായിച്ചത്. പക്ഷെ അയാൾ ആക്സിഡന്റിൽ മരിക്കുന്നു. കുറെ കാലം അതോർത്തു വിഷമിച്ചു നടന്ന അവളെ തേടി ഒരു വർഷത്തിന് ശേഷം ന്യൂയോർക്കിൽ ജോലിക്ക് ഓഫർ വരുന്നു. അവളതു സ്വീകരിക്കുന്നു. ജോലിക്ക് ചെല്ലുമ്പോൾ പണ്ട് സ്‌കൂളിൽ വച്ച് പ്രണയിച്ച ആളെ യാദൃശ്ചികമായി അവിടെ വച്ച് കാണുകയും അയാളുമായി വീണ്ടും പ്രണയത്തിലാവുകയും ചെയ്യുന്നു. അങ്ങനെ അയാളെ കല്യാണം കഴിച്ചു ന്യൂ യോർക്കിൽ സെറ്റിൽ ആവുന്നു…. എങ്ങനെ ഉണ്ട്?”