ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷിമ്ന കുളിച്ചു തലയില് ടവൽ കെട്ടൊക്കെ ആയി അവിടെ വന്നത്..
“ഷിമ്മു ഇവന്റെ കോളേജിലാ പഠിക്കുന്നല്ലേ?” ചാരുവേട്ടൻ ചോദിച്ചു..
“ഒരേ ക്ലാസ്സിലാ..” രമ ടീച്ചർ പറഞ്ഞു. പിന്നെ അച്ഛൻ അവളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഇടക്ക് ചോദ്യം കേട്ടു ഞാൻ ഞെട്ടി.
“മോളേ ഇവൻ എങ്ങിനെ, ക്ലാസ്സിലോക്കെ കയാറാറുണ്ടോ?” സാധാരണ പഠിക്കലൊക്കെ ഉണ്ടോ എന്നാണ് ചോദിക്കാറ്. ഇവിടെയും രമ ടീച്ചർ സഹായത്തിനെത്തി “അവൻ പഠിപ്പ് വിട്ടൊന്നും ചെയ്യില്ല”.
“അത് പണ്ട് ടീച്ചറെ…… ഇപ്പോ ഏത് നേരവും മൊബൈലിലാണ്.”
“മോന്റെ അമ്മയോട് ഞാൻ പറ്റുമെങ്കിൽ ഒന്ന് വരാൻ പറഞ്ഞിരുന്നു..
“ആ ഓള്ക്ക് കുറച്ചു അലക്കാനുണ്ട് അത് കഴിഞ്ഞു വരും” അച്ഛൻ ഉത്തരം പറഞ്ഞു.
അതിനിടക്ക് ശേഖരേട്ടൻ അകത്തു പോയി ഒരു ബാഗും മൂപ്പരുടെ സ്കൂട്ടറിന്റെ ചാവിയും എടുത്തു വന്നു
“എന്നാല് നമുക്ക് ഇറങ്ങാം?”. ശേഖരേട്ടൻ അച്ഛനോട് ചോദിച്ചു. അച്ഛൻ ശേഖരേട്ടന്റെ സ്കൂട്ടറിന് പിന്നിൽ കയറി എവിടേക്കൊ പോയി. ഞാൻ വരാന്തയിൽ പോയി പിന്നാലെ ഷിമ്നയും കുട്ടീനെ എടുത്തു വന്നു, പിന്നാലെ ചാരുവേട്ടന്റെ ഭാര്യയും അങ്ങോട്ട് വന്നു.. ഓരോന്നും പറഞ്ഞു ഇരിക്കുമ്പോൾ ചാരുവേട്ടൻ ഇറങ്ങി വന്നു “ഡാ നിനക്കെന്താ പരിപാടി?”
“എന്ത് പരിപാടി.. ഒന്നുമില്ല”
“എന്നാൽ വാ” എന്നു വിളിച്ചു..
ഞാൻ പോയി മൂപ്പരുടെ സപ്ലെണ്ടറിൽ കയറി.. വണ്ടി മൊത്തം പണിയെടുപ്പിച്ചിട്ട് പുത്തനാക്കിയിട്ടുണ്ട്.
“വിക്രമാദിത്യനും വേതാളവും ചോറ് തിന്നാൻ നേരമാവുമ്പോൾ ഇങ്ങേത്തിയേക്കണം” ഷർമ്മിയെച്ചയിയാണ്. അങ്ങിനെ ഏറെ കാലത്തിന് ശേഷം ചാരുവേട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ വീട്ടിൽ ഒക്കെ പോയി അവരെയൊക്കെ കല്യാണം വിളിച്ചു നമ്മൾ തിരിച്ചെത്തി..
അപ്പോഴേക്കും ആ വീടിനൊരു കല്യാണ വീടിന്റെ രൂപം ഒക്കെ വന്നിരുന്നു.. പന്തല് പണിക്കാര് സാധനങ്ങൾ കൊണ്ട് വരാൻ തുടങ്ങി.. അച്ചാറിടാൻ പച്ചക്കറിയൊക്കെ കൊണ്ട് വന്നു കുറേ ആൾക്കാർ ആകെ ഒരു അടിപൊളി ഫീൽ.
അച്ഛൻ അവിടെ കാരണവരായി പന്തലുകാർക്ക് എവിടെയൊക്കെ എത്രവരെ പന്തൽ വേണമെന്നൊക്കെ പറഞ്ഞു കൊടുക്കുന്നു.
ചാരുവേട്ടൻ എല്ലാവര്ക്കും വേണ്ടി വാങ്ങിയ പൊറോട്ടയും ചിക്കനും ചപ്പാത്തിയുമെല്ലാം തിന്നു അവിടുന്ന് വീട്ടിലെത്തുമ്പോൾ മണി രാത്രി 8 ആയി.