ഓരോരുത്തരായി കഴിച്ചു എഴുന്നേറ്റ്.
“ഞാൻ ഈ ഡ്രസ്സ് ഒന്ന് ചേഞ്ച് ചെയ്തിട്ട് ഇപ്പോൾ വരാം. “
അന്ന ഫോണുമെടുത്തു റൂമിലേക്ക് പോയി വാതിലടച്ചു.
“നീ ചെല്ല് ജെന്നി.
എന്താണ് അവൾ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു മനസിലാക്ക്. “
രാഹുൽ മടിച്ചു നിൽക്കുന്ന ജെന്നിയോട് പറഞ്ഞു.
വേണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുകയാണ് ജെന്നി. വന്നപ്പോളുള്ള ആവേശമൊന്നുമില്ല. എങ്കിലും രാഹുൽ വീണ്ടും നിർബന്ധിച്ചപ്പോൾ
“ജെന്നി പതിയെ പോയി വാതിൽ മുട്ടി. അന്ന വാതിൽ തുറന്ന് ജെന്നിയെ അകത്തു കയറിയതും വാതിലടച്ചു.”
“ഡാ നീ എന്താ ആ ചൊറിയന്മാർ വന്ന പറഞ്ഞ കാര്യം ചോദിക്കാത്തത്?” രാഹുൽ
“ഡാ ജെന്നി സംസാരിച്ചു കഴിഞ്ഞിട്ട് വരട്ടെ. ഈ മാരണം ഒഴിയുമോ ഇല്ലയോ എന്ന് നോക്കാം. അതിനു മുൻപ് ഒരു സീൻ വേണ്ട.”
അതേ സമയം റൂമിൽ. അന്ന ജെന്നിയെ സസൂക്ഷ്‌മം നോക്കുകയാണ്
“എന്താ ജെന്നിക്ക് എന്തെങ്കിലും പറയാനുണ്ടോ ?”
“അല്ല അന്ന എന്താണ് ഇവിടെ താമസിക്കുന്നത്? “
“ഇത് ജെന്നിയുടെ ചോദ്യമാണോ അതോ ?
“വർക്കിങ് വിമൻസ് ഹോസ്റ്റലിൽ നിന്ന് പുറത്തായി. പോകാൻ വേറെ സ്ഥലമില്ല. അതു കൊണ്ട് ഇങ്ങോട്ട് പോന്നു.”
“ഇവിടെ താമസിച്ചാൽ ചീത്ത പേര് വരില്ലേ.”
“അത് എങ്ങനെ? “
“ആൺപിള്ളേരുടെ ഒപ്പം താമസിച്ചാൽ ?”
“താമസിച്ചാൽ എന്താ കുഴപ്പം. എന്നെ എനിക്ക് വിശ്വാസമാണ്. കാര്യം ശത്രു പക്ഷത്താണെങ്കിലും പുറത്തു നിൽക്കുന്ന അവന്മാരെയും എനിക്ക് വിശ്വാസമാണ്. പ്രതിപക്ഷ ബഹുമാനം എന്ന് ജെന്നി കേട്ടിട്ടില്ലേ.”
“അതല്ല ഞാൻ ചോദിച്ചെന്നേ ഉള്ളു “
“എൻ്റെ ജെന്നി ഞാൻ ഇവിടെ സ്ഥിര താമസമൊന്നും ആക്കുന്നില്ല. സേഫ് ആയിട്ട് ഒരു താമസ സ്ഥലം ഒത്താൽ ആ നിമിഷം ഇവിടന്ന് മാറും.”
അത് കേട്ടപ്പോൾ ജെന്നിയുടെ മുഖത്തു ഒരു പുഞ്ചിരി വന്നു.
“എന്നാൽ ഞാൻ പുറത്തോട്ട് നിൽക്കാം.”
ജെന്നി റൂമിൻ്റെ വാതിൽ തുറന്നതും അന്ന പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.
“അങ്ങനെ ഒരു സ്ഥലം കിട്ടിയില്ലെങ്കിൽ കോഴ്‌സ് കഴിയുന്നത് വരെ ഞാൻ ഇവിടെ തന്നെ കാണും. “