ജീവിതമാകുന്ന നൗക 12
Jeevitha Nauka Part 12 | Author : Red Robin | Previous Part
അർജ്ജുവിൻ്റെ ഫ്ലാറ്റ് :
പതിവിലും വൈകിയാണ് അർജ്ജു എഴുന്നേറ്റത്. കുറച്ചു നേരം കട്ടിലിൽ തന്നെ കിടന്നു.
ജീവിയുടെയും അരുൺ സാറിൻ്റെയും ഒക്കെ അടുത്ത് ഈ പെണ്ണിൻ്റെ കേസ് പറഞ്ഞോണ്ടിനി ചെല്ലില്ല. ഇന്നൊരു ദിവസം കൂടി നോക്കിയിട്ട് നടന്നില്ലെങ്കിൽ വേറെ വഴി നോക്കണം. എങ്ങനെയെങ്കിലും അന്നയെ പറഞ്ഞു വിടണം. നേരിട്ടൊരു ഏറ്റുമുട്ടൽ സാദ്യമല്ല. വെറുപ്പിച്ചിട്ടാണെങ്കിലും പുറത്താക്കണം.
ഫ്രഷ് ആയി റൂമിൽ നിന്ന് വെളിയിലേക്കിറങ്ങി. ഭാഗ്യം അവളെ കാണാനില്ല. ഇനി റൂമിൽ തന്നെ ആയിരിക്കുമോ?
രാഹുൽ കിടക്കുന്ന റൂം അടഞ്ഞാണ് കിടക്കുന്നത്. രാത്രി ജെന്നിയുമായി കഥ സൊല്ലിയിട്ട് എഴുന്നേറ്റ് കാണില്ല.
മണി ചേട്ടൻൻ്റെ അടുത്തു നിന്ന് കാപ്പി വാങ്ങാനായി അടുക്കളയിലേക്ക് നീങ്ങിയപ്പോൾ അന്നയുടെ റൂമിലേക്ക് ഒന്ന് നോക്കി. അവൾ കൈയടക്കിയ റൂം തുറന്നാണ് കിടക്കുന്നത്. റൂമിൽ ഇല്ലെന്ന് തോന്നുന്നു. രാവിലെ തന്നെ എവിടെ പോയി?
“അന്ന മോള് പുറത്തോട്ട് പോകുന്നത് കണ്ടു. പള്ളിയിൽ പോകുന്നു എന്നാണ് പറഞ്ഞത്. “
മണി ചേട്ടൻ കാപ്പി തരുന്നതിന് ഇടയിൽ പറഞ്ഞു
‘അന്ന മോള്’ ഇവൾ മണി ചേട്ടനെയും കൈയിലടുത്തോ?
എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. കാപ്പി വാങ്ങി ബാൽക്കണിയിലേക്ക് പോയി.
കാപ്പി കുടിച്ചു തുടങ്ങിയപ്പോളേക്കും കാളിംഗ് ബെൽ മുഴങ്ങി. മഹാറാണി ആയിരിക്കും. ഞാൻ എഴുന്നേൽക്കാൻ പോയില്ല. മണി ചേട്ടൻ പോയി വാതിൽ തുറന്ന ശേഷം എന്നെ നോക്കി.
അന്ന അല്ലെന്ന് തോന്നുന്നു. ഞാൻ വാതിലേക്ക് ചെന്നു.
ഫ്ലാറ്റ് അസോസിയേഷൻ പ്രമുഖർ ആണ്. കുര്യൻ കഴുവേറി, ചൊറിയൻ ചെറിയാൻ, തോമാച്ചൻ, പിന്നെ മൂന്നാല് ആന്റി മാർ. എല്ലാവരും കട്ട കലിപ്പിലാണ്.
വീണ്ടും ലിഫ്റ്റ് തുറന്നു രണ്ട് പേർ കൂടി എത്തി പിന്നിൽ സ്ഥാനം പിടിച്ചു. വേറെ ആരുമല്ല നമ്മുടെ സിങ് ജി യും വേറെ ഒരാളുമാണ്. ജീവിയുടെ ടീം. ലിഫ്റ്റിലെ ക്യാമെറയിൽ പട വരുന്നത് കണ്ട് വന്നതായിരിക്കും.