ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Posted by

മുഖത്തു ഒരു ചിരിയുണ്ട്. പക്ഷേ ഞങ്ങളെ നോക്കുന്നൊന്നുമില്ല. രാഹുൽ വീണ്ടും കഴിപ്പ്  തുടർന്നു. എനിക്കാണെങ്കിൽ. ഇനി മൊട്ട പൊരിച്ചതിൻ്റെ  ബാക്കി കഴിക്കെണോ വേണ്ടയോ എന്ന കൺഫ്യൂഷണിലാണ്. പിന്നെ കഴിക്കാൻ തന്നെ തീരുമാനിച്ചു.  എൻ്റെ കൺഫ്യൂഷൻ കണ്ടു കാണണം അവളുടെ ഇളി ഒന്ന് കൂടി കൂടിയിട്ടുണ്ട്.

 

“ഓ.. ഒരു മൊട്ട പൊരിച്ചതാണോ ഇത്ര വലിയ കാര്യം ”

ഞാൻ മനസ്സിൽപറയണം എന്ന് വിചാരിച്ചതാണ്. പക്ഷേ ഉറക്കെ തന്നെ പറഞ്ഞു.

അടുത്ത നിമിഷം അവളുടെ മുഖത്തെ ചിരി മാഞ്ഞു.

രാഹുൽ അവൻ്റെ ഇടം കൈ കൊണ്ട് എൻ്റെ തുടയിൽ ബലമായി അമർത്തി.

അന്ന എന്തെങ്കിലും തിരിച്ചു  പറഞ്ഞാൽ വീണ്ടും ഒരു പ്രശനം ഉണ്ടാകാതിരിക്കാൻ ആണ്.

കഴിച്ചു കഴിഞ്ഞു ആദ്യം എഴുന്നേറ്റത് രാഹുൽ ആണ് പിന്നാലെ ഞാനും.  അവൾ അവിടെ ഇരുന്ന് വെട്ടി വിഴുങ്ങുന്നുണ്ട്. ആസ്വദിച്ചാണ് കഴിപ്പ്. ഞങ്ങൾ എഴുന്നേറ്റതും മണി ചേട്ടനെ പിടിച്ചു സൈഡിൽ ഇരുത്തി നിർബന്ധിച്ചു ചോറ് വിളമ്പി കൊടുത്തു.

മുൻപ് ഞങ്ങൾ പറഞ്ഞപ്പോളൊന്നും ടേബിളിൽ ഇരുന്ന കഴിക്കാൻ കൂട്ടാക്കാത്ത മനുഷ്യൻ ആണ്.

 

ഞാനും രാഹുലും എൻ്റെ റൂമിലെ  ബാല്കണിയിലേക്കിറങ്ങി നിന്നു.

 

“ഡാ അവളെ എങ്ങനെയാണ് ഒന്ന് ഇവിടെ നിന്ന് പറഞ്ഞു വിടുക. ഇപ്പോൾ തന്നെ അവളുടെ  ഇവിടത്തെ  പൊറുതി എല്ലാവരും അറിഞ്ഞു കാണും.”

രാഹുൽ ഒന്നും മിണ്ടിയില്ല.

“ഡാ അർജ്ജു അല്ല ശിവകുട്ടാ അവൾ ഇവിടെ താമസിക്കുന്നു എന്ന്  ആരെങ്കിലും അറിഞ്ഞാൽ നിനക്ക് എന്താ ഒന്നാമത് നമ്മൾ ആൾമാറാട്ടം നടത്തിയാണ് ഇവിടെ താമസിക്കുന്നത്. നമ്മുടെ ഈ FAKE IDENTITY  മാത്രമേ നാട്ടുകാർക്ക് അറിയൂ. ആ FAKE identity അതായത് അർജ്ജുവിൻ്റെ പേരിൻ്റെ കൂടെ അവളെ വെച് പറഞ്ഞാൽ എന്താ ? നാട്ടുകാരുടെ വാ അടക്കാനൊന്നും പറ്റില്ലല്ലോ.”

“എനിക്കത് ഇഷ്ടമല്ല. അവൾ ഇവിടെ വേണ്ട”

അവൻ പറഞ്ഞത് ശരിയാണ് പണ്ട് മുതൽ ഒരു പെണ്ണിൻ്റെ പേരിനൊപ്പം പേര് കേൾക്കുന്നത് ഇഷ്ടമല്ല. പ്രേമിക്കാൻ  പിന്നാലെ വന്നവരെ കണ്ടില്ല എന്ന് നടിച്ചു അകത്തി നിർത്തിയിട്ടേയുള്ളു. അവസാനം ഇവിടെ വന്നപ്പോൾ മുതൽ ഇവൾ ഒഴിയ ബാധ പോലെ കൂടെ ആയെല്ലോ

Leave a Reply

Your email address will not be published. Required fields are marked *