ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയതും ശ്രദ്ധ അമ്മയോടായി പറഞ്ഞു…
” എന്നാ മക്കളും ഇറങ്ങിക്കോ…എൻ്റെ മോൾക്ക് ക്ഷീണം ഒന്നുമില്ലല്ലോ… ”
ശ്രദ്ധയോട് മറുപടി പറഞ്ഞ ശേഷം രണ്ടാമതായി അമ്മ ദിവ്യയുടെ കവിളിൽ വാത്സല്യപൂർവ്വം തലോടി കൊണ്ട് ചോദിച്ചു…അത് കണ്ടപ്പൊ എനിക്കിച്ചിരി കുശുമ്പ് തോന്നി…മനുഷ്യൻ അല്ലേ പുള്ളേ…
” ഹേയ് ഇല്ല മാഡം…ഞാൻ ഓക്കെയാ…മാഡം റെസ്റ്റ് എടുക്കണം… ”
അവൾ അമ്മയ്ക്ക് സ്നേഹത്തോടെ മറുപടി നൽകി…
” ഹാ…എന്നാ മക്കൾ എറങ്ങിക്കോ… ”
അമ്മ അവരെ നോക്കി പറഞ്ഞ ശേഷം എൻ്റെയും നന്ദുവിൻ്റേയും നേരെ തിരിഞ്ഞു…
” എന്നാ നിങ്ങളും വീട്ടോടാ…പിന്നെ രണ്ടും കോളേജിൽ തന്നെ എത്തണം…കേട്ടോ… ”
അമ്മ ഞങ്ങളുടെ രണ്ടിൻ്റേം സ്വഭാവം അറിയുന്നത് കൊണ്ട് ചിരിച്ചുകൊണ്ട് ഉപദേശം പോലെ പറഞ്ഞു…അതിന് ഞങ്ങള് രണ്ടും ഇളിച്ചുകൊണ്ട് ചോട്ടാ ഭീമിലെ ദോലു-ബോലുവിനെ പോലെ ഒരുപോലെ തലയാട്ടി…അങ്ങനെ ഞങ്ങൾ നാലും അവിടെ നിന്നും ഇറങ്ങി…അമ്മയും അച്ഛനും പ്രഷർ നോക്കിയതിൻ്റെ ടെസ്റ്റ് റിസൾട്ട് വാങ്ങി ഇറങ്ങും എന്ന് പറഞ്ഞു…
അവിടുന്ന് ഇറങ്ങി ഒപ്പം നടക്കുമ്പോൾ ഒന്നും നന്ദുവും ശ്രദ്ധയും ഉള്ളതുകൊണ്ട് ഞങ്ങൾ ഒന്നും സംസാരിക്കാൻ നിന്നില്ല…ഒരു ചമ്മൽ അതുതന്നെ…ആദ്യം ആയത് കൊണ്ടാവാം..ഒടുക്കം ശ്രദ്ധയും നന്ദുവും പാർക്കിംഗിന് ഉള്ളിലേക്ക് വണ്ടി എടുക്കാൻ പോയപ്പോൾ ഞാനും ദിവ്യയും പുറത്ത് നിന്നപ്പോഴാണ് ഞാൻ ദിവ്യ കുട്ടിയെ മൈൻ്റാക്കിയത്…
” എന്താണ് ഒരു മിണ്ടാട്ടം… ”
ഞാൻ അവളെ തോണ്ടി കൊണ്ട് ചോദിച്ചു…
” ഇയാൾക്കല്ലെ നമ്മളെ ഒന്നും മൈൻ്റ് ഇല്ലാത്തത്….
അവൾ ഒരു കപട ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് മറുപടി പറഞ്ഞു…
” ശ്ശെടാ…അങ്ങനെ പറയല്ലേ…എൻ്റെ ദിവ്യ കുട്ടിയെ അല്ലാതെ ആരെയാ ഞാൻ മൈൻ്റ് ചെയുകാ…പിന്നെ അവരുടെ മുന്നിൽ മിണ്ടാനൊക്കെ ഒരു ചമ്മൽ… ”
ഞാൻ അവളുടെ കൈയ്യിൽ കൈ കൊർത്തു കൊണ്ട് പറഞ്ഞു…അതോടെ പെണ്ണിന്റെ മുഖത്തൊരു നാണം വിരിഞ്ഞു…
” അല്ല ഇയാളെന്തിനാ ഇവിടേക്ക് വന്നേ…ഇയാൾ ഉണ്ടായിരുന്നോ അമ്മ തലകറങ്ങി വീഴുമ്പൊ… “