” അല്ല ഇന്നിത്തിരി നേരത്തെ ആണല്ലോ… ”
പതിവിലും നേരത്തെ ഹോസ്പിറ്റലിൽ നിന്നൂം വീട്ടിലേക്ക് എത്തിയ എന്നെ നോക്കി ഉമ്മറത്ത് പേപ്പറിൽ തലപൂഴ്ത്തിയിരുന്ന അച്ഛൻ അതിൽ നിന്നും തലയെടുത്ത് എന്നെ നോക്കി ചോദിച്ചു…അതിന് അങ്ങേരെ നോക്കി നല്ല ഒരു ചിരി മാത്രം കൊടുത്ത് ഞാൻ ഉള്ളിലേക്ക് കയറി… പുള്ളി പണിക്ക് പോവാൻ റെഡി ആയിട്ടുള്ള കാത്തിരിപ്പാണ്…അപ്പൊ പതിവ് പോലെ ഇവിടുത്തെ ഐശ്വര്യ റായ് ഒരുങ്ങുന്നേ ഉണ്ടാവൂ…
” ഹാ എത്തിയോ… ”
ഹാളിലേക്ക് കയറി ചെന്നത് നേരെ അമ്മയുടെ മുന്നിലേക്കാണ്…അതോടെ ഞാൻ പുള്ളിക്കാരിയെ കെട്ടിപിടിച്ച് ഒരു ഉമ്മ അങ്ങ് കൊടുത്തു…
” എന്താണ് പതിവില്ലാതെ സ്നേഹം ഒക്കെ…വല്ലതും ഒപ്പിച്ചിട്ടുള്ള വരവാണോ… ”
എൻ്റെ സ്നേഹ പ്രകടനത്തിൽ ഇച്ചിരി സംശയം തോന്നിയ അമ്മ പുരികം ഉയർത്തി…
” ഇതെന്തൊരു കഷ്ടാ…എനിക്കൊന്ന് എൻ്റെ അമ്മയെ സ്നേഹിച്ചൂടെ… ”
ഞാൻ പുള്ളിക്കാരിയോട് ഒരു കപട ദേഷ്യം കാണിച്ചു…
” ആണോ…മോന് അമ്മയോടുള്ള സ്നേഹം തിളച്ച് മറിയുവാണോ… ”
അമ്മ ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന ലഞ്ച് ബോക്സെടുത്ത് ബാഗിലേക്ക് വയ്ക്കുന്നതിനോടൊപ്പം എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചു…
” പിന്നല്ല…എനിക്കമ്മയോട് ഒടുക്കത്തെ ഐ ലവ് യു അല്ലേ… ”
ഞാൻ അമ്മയുടെ മൂക്കിൻ തുമ്പ് പിടിച്ചാട്ടികൊണ്ട് പറഞ്ഞു…
” ച്ഛി പോടാ…പ്രായം പത്തിരുപത്തിമൂന്നായി…ഇപ്പൊഴും കുഞ്ഞാവയെ പോലെ അവൻ കൊഞ്ചാൻ വന്നേക്കുന്നു… ”
അമ്മയെൻ്റെ തലയ്ക്കൊരു കൊട്ട് തന്ന ശേഷം കുണുങ്ങി ചിരിച്ചു…
” പിന്നേ…ഞാനിപ്പോഴും ഈ സുന്ദരി കോതയുടെ കുഞ്ഞാവ തന്നാ… ”
ഇത്തവണ അമ്മയെ വീണ്ടും കെട്ടിപ്പിടിച്ചാണ് ഞാൻ മറുപടി കൊടുത്തത്…
” അയ്യോടാ…എന്നാ അമ്മേൻ്റെ കുഞ്ഞാവ വേഗം പോയി റെഡിയായി കോളേജിൽ പോകാൻ നോക്കിയേ… അമ്മയ്ക്ക് ഡ്യൂട്ടിക്ക് പോണം… ”
അമ്മ എൻ്റെ തലമുടിയിൽ തലോടി കൊണ്ട് പറഞ്ഞു…അതോടെ ഞാൻ അമ്മയുടെ മേലിൽ നിന്നും അകന്നു…
” അമ്മയും വരുന്നോ…എൻ്റൊപ്പം കോളേജിൽ.. ”
ഞാൻ പുള്ളിക്കാരിയെ നോക്കി കണ്ണിറുക്കി കൊണ്ട് ചോദിച്ചു…അതിന് അമ്മ എന്തിനെന്നർത്ഥത്തിൽ പുരികം ഉയർത്തി…