ക്ലാസ്സ് പകുതിയായപ്പോൾ അത്രയും നേരം എന്നിൽ നിന്നും മറഞ്ഞുനിന്ന അപമാനവും സങ്കടവും ഒരുമിച്ച് മനസിലേക്ക് വരാൻ തുടങ്ങി, അവയെല്ലാം ദേഷ്യത്തിലേക്ക് വഴിമാറിയപ്പോൾ ഞാൻ ക്ലാസിൽ നിന്നും ചാടി എണിറ്റു ലക്ഷ്മിയെ മറികടന്ന് പോവാൻ ഇറങ്ങിയപ്പോൾ അവൾ എന്റെ കൈയിൽ കടന്നു പിടിച്ചു, അവളെ തട്ടിമാറ്റിയ ശേഷം ക്ലാസിൽ നിന്നും ഇറങ്ങിയ എന്നെ മിസ്സ് തടഞ്ഞു
മിസ്സ്, എടൊ താൻ എങ്ങോട്ടാ പോണേ? എന്താ പറ്റിയെ? എടൊ സുധി!
ഞാൻ, മിസ്സ് നേരത്തെ കണ്ടത് ഞാൻ തലകറങ്ങി വീണതല്ല അവൻ എന്നെ അടിച്ചുവീഴ്ത്തിയതാ! അവൻ ഇനി വൈകുന്നേരം ഇതിന്റെ ബാക്കി തരാൻ വരും, അതിനുമുൻപ് എനിക്ക് അവനെ ഒന്ന് കാണണം .
അത്രയും പറഞ്ഞപ്പോൾ ഞാൻ നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ ബെഞ്ചിലേക്ക് നോക്കിയപ്പോൾ ബെഞ്ചിൽ തലകുമ്പിട്ടിരിക്കുന്ന ലക്ഷ്മിയുടെ ചുറ്റും രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ചെവി തടവികൊണ്ട് പുറത്തേക്ക് ഇറങ്ങി
ക്ലാസ്മുറിയിൽ നിന്നും പുറത്തേക്ക് ഞാൻ വളരെ വേഗത്തിൽ നടന്നു, പോവുന്ന വഴിക്ക് ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എനിക്കാണേൽ മനസിൽ മൊത്തം ഷിയാസിന്റെ ചവിട്ടും മുത്തിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളും ആയിരുന്നു. ഒന്നും നോക്കിയില്ല നേരെ ഷിയാസിന്റെ അടുത്തേക്ക് പാഞ്ഞു.അവൻ ഒരു ബൈക്കിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവൻ ബൈക്കിൽ നിന്നും എണീറ്റു.
ഷിയാസ്, എന്താടാ എല്ലാവരും കൂടി?
ഞാൻ തിരിഞ്ഞുനോക്കി, ഒരു നിമിഷം എന്റെ കണ്ണുതള്ളിപോയി മിസ്സ് ഒഴിച്ച് ക്ലാസിലെ ബാക്കി എല്ലാവരും എന്റെ പുറകിൽ ഉണ്ട്. ഞാൻ പതർച്ച പുറത്ത് കാണിക്കാതെ ഷർട്ടിന്റെ കൈ മടക്കി കേറ്റി, അപ്പോഴും അവന്റെ ഷൂവിന്റെ പാട് എന്റെ നെഞ്ചത്ത് ഉണ്ടായിരുന്നു.ഞാൻ ഒന്നും മിണ്ടിയില്ല എണിറ്റു നിന്ന ഷിയാസിന്റെ നെഞ്ചില് തന്നെ എന്റെ വലത്തെ കാല് പതിഞ്ഞു, അവനും പുറകിലിരുന്ന ബൈക്കും കൂടി ഒരൊറ്റ മറിച്ചിൽ. അതെ നാണയത്തിലുള്ള തിരിച്ചടി.പക്ഷെ അവൻ എന്നെപോലെ അവിടെ തന്നെ കിടന്നില്ല വീണത് പോലെ തന്നെ എണീറ്റു വന്നു. ഇനി അവന് എന്റെ ചവിട്ട് ഏറ്റില്ലേ അവൻ സ്ട്രോങ്ങ് ആയ്ട്ട് തന്നെ നിക്കുന്നു, എന്നാൽ ഒന്നുകൂടി കൊടുത്ത് നോക്കാം എന്ന് വിചാരിച്ചു റെഡി ആയപ്പോൾ അവന്റെ കൈ എന്റെ നേരെ വരുന്നു, പക്ഷെ കൈയെകാളും നീളം കാലിനാണല്ലോ കൊടുത്തു ഒരു ചവിട്ട് മുൻപത്തെ പോലെ അവൻ വീണ്ടും തെറിച്ചു വീണു. ഇത്തവണ അവൻ എണീറ്റില്ല കൂടെ നിൽക്കുന്നവന്മാരും പ്രതികരിച്ചില്ല ,ചിലപ്പോൾ എന്റെ ആൾബലം കണ്ടതുകൊണ്ടാവും അവന്മാർ അനങ്ങാത്തത്. പെട്ടെന്ന് ലക്ഷ്മി വന്നെന്റെ കൈയ്യിൽ പിടിച്ചു വലിച്ചോണ്ട് പോയി.